പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മാർക് ടുള്ളി അന്തരിച്ചു
22 വർഷക്കാലം ബിബിസിയുടെ ഡൽഹി ബ്യൂറോ ചീഫായിരുന്നു

ന്യൂഡൽഹി: പ്രശസ്ത മാധ്യമപ്രവർത്തകൻ മാർക് ടുള്ളി അന്തരിച്ചു. 90 വയസായിരുന്നു. ഇന്ന് ഉച്ചയോടെ ന്യൂഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 22 വർഷക്കാലം ബിബിസിയുടെ ഡൽഹി ബ്യൂറോ ചീഫായിരുന്നു.
ദീർഘകാലമായി അസുഖ ബാധിതനായിരുന്ന മാർക് ടുള്ളിയെ കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർക് അന്തരിച്ച വിവരം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പത്രപ്രവർത്തകനുമായ സതീഷ് ജേക്കബ് ആണ് പുറത്തുവിട്ടത്.
1935-ൽ കൊൽക്കത്തയിൽ ജനിച്ച ടുള്ളി, ബ്രിട്ടനിലെ വിദ്യാഭ്യാസത്തിന് ശേഷം 1964-ലാണ് ബിബിസിയിൽ ചേരുന്നത്. തുടർന്ന് ഏകദേശം 22 വർഷത്തോളം ബിബിസിയുടെ ഡൽഹി ബ്യൂറോ ചീഫായി അദ്ദേഹം പ്രവർത്തിച്ചു. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യയിൽ നിന്ന് മാറിനിന്നെങ്കിലും പിന്നീട് തിരിച്ചെത്തിയ അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിലെയും സാമൂഹിക രംഗത്തെയും മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെ വധം, സിഖ് വിരുദ്ധ കലാപം, രാജീവ് ഗാന്ധി വധം തുടങ്ങിയ നിർണായക നിമിഷങ്ങളിൽ ബിബിസിയുടെ വിശ്വസനീയമായ മുഖമായിരുന്നു അദ്ദേഹം.
വെറുമൊരു പത്രപ്രവർത്തകൻ എന്നതിലുപരി ഇന്ത്യയെയും ഇവിടുത്തെ സംസ്‌കാരത്തെയും ആഴത്തിൽ സ്‌നേഹിച്ച വ്യക്തിയായിരുന്നു മാർക്ക് ടുള്ളി. ബിബിസിയിൽ നിന്ന് വിരമിച്ച ശേഷവും അദ്ദേഹം ഇന്ത്യയിൽ തന്നെ താമസം തുടർന്നു. ഇന്ത്യൻ പത്രപ്രവർത്തനത്തിന് നൽകിയ അതുല്യമായ സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തിന് പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്.
Adjust Story Font
16

