കേരള സ്റ്റോറി ടീസര്‍ പിന്‍വലിച്ചോ? വിശദീകരണവുമായി നിര്‍മാതാക്കള്‍
സിനിമ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ലെന്നും കേരളത്തിൻ്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു

- Updated:
2026-02-25 08:00:27.0

ന്യൂഡല്‍ഹി: വിദ്വേഷ സിനിമയായ 'കേരള സ്‌റ്റോറി 2'ന്റെ ടീസര്‍ പിന്‍വലിച്ചിട്ടില്ലെന്ന് നിര്‍മാതാക്കള്‍. സണ്‍ഷൈന്‍ പിക്‌ചേഴ്‌സാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ടീസര്‍ പിന്‍വലിച്ചെന്ന പ്രചാരണം തെറ്റാണെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. സിനിമയുടെ ടീസറിനെതിരെ കേരള ഹൈക്കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് വിശദീകരണം.
കേരള സ്റ്റോറി 2 ടീസര്‍ പിന്‍വലിച്ചതായ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സണ്‍ഷൈന്‍ പിക്‌ചേഴ്‌സ് പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലാണുള്ളത്. ടീസര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു കോടതിയും ഉത്തരവിട്ടിട്ടില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.
സിനിമ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ലെന്നും കേരളത്തിൻ്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. സിനിമ ഒരു കലയാണ്. സാധാരണഗതിയില്‍ സിനിമയുടെ വിഷയത്തില്‍ ഇടപെടരുത് എന്ന അഭിപ്രായമാണ് കോടതിക്കുള്ളത്. എന്നാല്‍ യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു എന്നതില്‍ പ്രശ്‌നമുണ്ട്. 'ദി കേരള സ്റ്റോറി' എന്ന ടൈറ്റിലിലും വാസ്തവവിരുദ്ധത ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സിനിമയുടെ പ്രമോഷന്‍ പരിപാടി സംഘടിപ്പിച്ച് നിര്‍മാതാക്കള്‍ നാണംകെട്ടിരുന്നു. 'ലവ് ജിഹാദ്' ഇരകളായ സ്ത്രീകളെന്ന് അവകാശപ്പെട്ട് 37ഓളം സ്ത്രീകളെ സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുപ്പിക്കുകയായിരുന്നു. പക്ഷേ വേദിയില്‍ കൊണ്ടുവന്നതൊക്കെയും ഉത്തരേന്ത്യന്‍ സ്ത്രീകളെയാണ്. ഇതിനെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യംചെയ്തു. കേരളത്തില്‍ നിന്ന് ആരംഭിച്ച 'ലവ് ജിഹാജ്' രാജ്യവ്യാപകമായെന്നും അതാണ് സിനിമയുടെ പ്രമേയമെന്നുമാണ് അണിയറക്കാര്‍ ഇതിന് വിശദീകരണം നല്‍കിയത്.
കേരള സ്റ്റോറി 2 സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്, നിര്‍മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷാ തുടങ്ങിയവരാണ് ഡല്‍ഹിയില്‍ നടന്ന പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്തത്. 'ലവ് ജിഹാദി'ന്റെ ഇരകളെന്ന പേരില്‍ കേരളത്തില്‍ നിന്ന് ഒരാള്‍ പോലും ഇല്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അണിയറക്കാര്‍ വിസമ്മതിച്ചെങ്കിലും പിന്നീട് പ്രതികരിച്ചു. കേരളത്തില്‍ നിന്ന് ആരംഭിച്ച 'ലവ് ജിഹാദ്' രാജ്യമാകെ പടര്‍ന്നതാണ് സിനിമയുടെ പ്രമേയമെന്നാണ് സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ് പറഞ്ഞത്. കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്ന് ഉത്തരംമുട്ടിയതോടെ അണിയറക്കാര്‍ ഉടന്‍ വേദി വിടുകയായിരുന്നു.
Adjust Story Font
16
