ഫീസ് കൊടുക്കാനില്ലാത്തത് കാരണം 10-ാം ക്ലാസിൽ പഠിപ്പ് നിര്‍ത്തി, അന്തിയുറങ്ങിയത് റെയിൽവേ സ്റ്റേഷനിൽ; ഇന്ന് 46000 കോടിയുടെ ആസ്തി, സിനിമയെ വെല്ലുന്ന സത്യനാരായണന്‍റെ ജീവിതം
ഫോർബ്‌സ് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുകയാണ് സത്യനാരായൺ നുവൽ എന്ന എഴുപത്തിമൂന്നുകാരൻ

കഠിനാധ്വാനവും അടങ്ങാത്ത അഭിനിവേശവും വിജയത്തിലേക്കുള്ള ചുവടുവെപ്പിൽ മനുഷ്യന് എക്കാലവും മുതൽക്കൂട്ടായിരിക്കും. മുന്നിൽനടന്ന ജേതാക്കളുടെ ചവിട്ടടികളിലേക്ക് ഊളിയിട്ടുനോക്കിയാൽ പ്രതിസന്ധികളിൽ തളരാത്ത മനോഭാവം അവരെ ഉന്നതങ്ങളിലെത്തിച്ചതായും കാണാനാകും.
അത്തരത്തിൽ ജീവിതത്തിലുടനീളം പ്രതിസന്ധികളിലൂടെ കടന്നുപോകുകയും ഒടുക്കം വിജയത്തിലേക്ക് അടിവെച്ചുകയറുകയും ചെയ്ത് ലോകമൊന്നടങ്കം വലിയ ശ്രദ്ധാവിഷയമായിരിക്കുകയാണ് രാജസ്ഥാനിലെ ഒരു എഴുപത്തിമൂന്നുകാരൻ. സാമ്പത്തിക ബാധ്യതകളെ തുടർന്ന് പത്താം ക്ലാസിൽ പഠനം മതിയാക്കുകയും റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങുകയും ചെയ്ത സാധാരണക്കാരൻ, പക്ഷേ ഇന്ന് അദ്ദേഹം എത്തിനിൽക്കുന്നത് 65 രാജ്യങ്ങളോളം വ്യാപിച്ചുകിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനെന്ന നിലയിലാണ്. പ്രതിസന്ധികളെ ജീവിതത്തിലെ ഇന്ധനമാക്കിയ ആ മനുഷ്യനെക്കുറിച്ച് കൂടുതലറിയാം.
ഫോർബ്‌സ് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുകയാണ് സത്യനാരായൺ നുവൽ എന്ന എഴുപത്തിമൂന്നുകാരൻ. സോളാർ ഇൻഡസ്ട്രീസിൻറെ സ്ഥാപകനും ചെയർമാനുമാണ് ഇന്ന് അദ്ദേഹം. സോളാർ വ്യവസായമേഖലയിൽ ഇന്ത്യയിൽ ആദ്യമായി ലൈസൻസ് ലഭിച്ച കമ്പനയുടെ ഉടമായ അദ്ദേഹത്തിന്റെ നിലവിലെ ആസ്തി 5.2 ബില്യൺ അഥവാ 46500 കോടി രൂപ.
രാജസ്ഥാനിലെ ഭിൽവാരയിലെ ഒരു സാധാരണ കുടുംബത്തിൽ ജനനം. ചെറുപ്രായത്തിലേ കുടുംബത്തിന്റെ ചെലവുഭാരം ഏറ്റെടുക്കേണ്ട അവസ്ഥ. ഫീസ് നൽകാനില്ലാത്തത് കാരണം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. 19ാം വയസിൽ വിവാഹിതനാകുകയും കൂടി ചെയ്തതോടെ കുമിഞ്ഞുകൂടിയ ഉത്തരവാദിത്തങ്ങൾ പർവ്വതസമാനം.
എന്നാൽ, ഉത്തരവാദിത്തങ്ങളും പ്രയാസങ്ങളും തന്റെ പാതയിൽ നിഴലുവീഴ്ത്തിയെങ്കിലും മുന്നോട്ടുള്ള യാത്രയിൽ വഴിതടയാൻ അവയ്‌ക്കൊന്നും സാധ്യമായില്ലെന്നാണ് സത്യനാരായണിന്റെ പക്ഷം.
കുടുംബത്തിന് വരുമാനം കണ്ടെത്തുന്നതിനായി ബിസിനസിൽ ഒരു കൈ പരീക്ഷിക്കാമെന്ന് കരുതി വീട് വിട്ടിറങ്ങി. അന്തിയുറക്കം റെയിൽവേ സ്റ്റേഷനിലാക്കി. പിന്നീടങ്ങോട്ട് വൈവിധ്യമാർന്ന ബിസിനസ് പരീക്ഷണങ്ങൾ. ഫൗണ്ടൈൻ പേനകൾക്കുള്ള മഷിയുടെ നിർമാണം, ട്രാൻസ്‌പോർട്ട് ബിസിനസ് എന്നിങ്ങനെ നിരവധി പരീക്ഷണങ്ങൾ സത്യനാരായണൻ പയറ്റിനോക്കുകയുണ്ടായി.
നിരവധി പരീക്ഷണങ്ങൾക്കൊടുവിൽ ഒരു ചെറിയ മീറ്റിങാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് അദ്ദേഹം അടുത്തിടെ മനസ് തുറക്കുന്നുണ്ട്. ഒരിക്കൽ മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലേക്ക് തന്റെ ബന്ധുവിനോടൊപ്പം ബിസിനസ് ആവശ്യാർത്ഥം പോകവേയാണ് എക്‌സ്‌പ്ലോസീവ് ലൈസൻസുള്ള അബ്ദുൽ സത്താർ ഭായിയെ അദ്ദേഹം കണ്ടുമുട്ടുന്നത്. 1000 മാസവാടകയ്ക്ക് താൻ വെടിമരുന്നുകൾ താൻ എടുത്തോളാമെന്ന് അദ്ദേഹവുമായുള്ള സംഭാഷണത്തിൽ ധാരണയിലെത്തുകയും ചെയ്തു. എങ്കിലും, ഈ പണം സത്യനാരായണന് താങ്ങാനാവുന്നതിലും കൂടുതലാണെന്ന് മനസ്സിലാക്കിയ അബ്ദുൽ സത്താർ പണം മൂന്ന് മാസത്തിനുള്ളിൽ അടച്ചുതീർത്താൽ മതിയെന്ന് സമ്മതംമൂളുകയായിരുന്നു.
അധികം വൈകാതെ സത്യനാരായണൻ ബിസിനസ് ഏറ്റെടുക്കുകയും കൽക്കരി ഖനികളിൽ നിന്ന് ഓർഡർ സ്വീകരിച്ചുതുടങ്ങുകയും ചെയ്തു. 1984ഓടെ അദ്ദേഹം ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 1990ഓടെ മുഖ്യവിതരണക്കാരനായി മാറുകയും ചെയ്തു.
തന്റെ ജീവിതത്തിലുടനീളം നേരിടേണ്ടിവന്ന പ്രയാസങ്ങളെ വെച്ചുനോക്കുകയാണെങ്കിൽ ആ വർഷം അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായെന്ന് വേണം മനസിലാക്കാൻ. തന്റെ ദീർഘകാലത്തെ പരിചയസമ്പത്ത് കൈമുതലാക്കി 1995ൽ സ്വന്തംനിലക്ക് കമ്പനി ആരംഭിക്കാനുള്ള നിലയിലേക്ക് അദ്ദേഹം പതിയെ വളരുകയായിരുന്നു. ആദ്യം ബാങ്കിൽ നിന്ന് 60 ലക്ഷം രൂപയുടെ ലോൺ എടുക്കുകയും പടിപടിയായി കമ്പനിയുടെ വളർച്ച ഉറപ്പാക്കുകയും ചെയ്തു. ക്രമേണ, 2010ൽ ഇന്ത്യൻ പ്രതിരോധ സംവിധാനത്തിനായി ആയുധങ്ങളും യുദ്ധസാമഗ്രികളും വിതരണം ചെയ്യുന്നതിന് ഗവൺമെന്റ് ലൈസൻസ് നേടിയ ആദ്യ പ്രൈവറ്റ് കമ്പനിയായി സത്യനാരായണന്റെ സോളാർ ഇൻഡസ്ട്രീസ് മാറി.
ഏതൊരു വലിയ യാത്രയുടെയും ആദ്യ ചുവടുവെപ്പാണ് ഏറ്റവും കടുപ്പമേറിയത്. ലോകത്തെ എല്ലാ വ്യക്തികളും ജീവിതത്തിലെ ഏതെങ്കിലും ഒരിക്കലെങ്കിലും നിസ്സഹായരായി നിന്നിട്ടുള്ളവരാണ്. സത്യനാരായണൻ നുവലിനെപ്പോലെയുള്ളവർ പോലും വളരെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് വലിയ സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തത്. ഇന്ന് നിങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാട് നാളത്തെ നിങ്ങളുടെ വിജയഗാഥയിലെ ഒരു അധ്യായം മാത്രമാണെന്നാണ് ഇദ്ദേഹത്തിന്റെ ജീവിതം നമുക്ക് പകർന്നുതരുന്നത്.
Adjust Story Font
16

