Quantcast

താജ്മഹലിന്റെ പേരു മാറ്റണം; വിഷയം ചർച്ച ചെയ്യാൻ ആഗ്ര മുനിസിപ്പൽ കോർപറേഷൻ

മുനിസിപ്പർ കോർപറേഷന് താജ്മഹലിന്റെ പേരു മാറ്റാനുള്ള അധികാരമില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

MediaOne Logo

Web Desk

  • Published:

    31 Aug 2022 7:10 AM GMT

താജ്മഹലിന്റെ പേരു മാറ്റണം; വിഷയം ചർച്ച ചെയ്യാൻ ആഗ്ര മുനിസിപ്പൽ കോർപറേഷൻ
X

ആഗ്ര: താജ്മഹലിന്റെ പേരുമാറ്റം ചർച്ച ചെയ്യണമെന്ന ബിജെപി ആവശ്യം അംഗീകരിച്ച് ആഗ്ര മുനിസിപ്പൽ കോർപറേഷൻ. വിഖ്യാത നിർമിതിയുടെ പേര് തേജോ മഹാലയ എന്നാക്കി മാറ്റണമെന്ന ആവശ്യമാണ് കോർപറേഷൻ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ചർച്ച ചെയ്യുന്നത്. താജ്ഗഞ്ച് വാർഡിലെ ബിജെപി കൗൺസിലർ ശോഭാറാം റാത്തോറാണ് നിർദേശം വച്ചത്.

മുഗൾ ചക്രവർത്തി ഷാജഹാൻ പത്‌നി മുംതാസ് മഹലിന്റെ ഓർമയ്ക്കായി പണി കഴിപ്പിച്ച താജ്മഹലിന്റെ പേരു മാറ്റണമെന്നത് സംഘ്പരിവാർ സംഘടനകളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. ശിവലിംഗ പ്രതിഷ്ഠയുള്ള തേജോ മഹാലയ എന്ന ക്ഷേത്രം തകർത്താണ് ഷാജഹാൻ ശവകുടീരം പണി കഴിപ്പിച്ചത് എന്നാണ് സംഘടനകളുടെ വാദം. എന്നാൽ താജ്മഹലിന് അകത്ത് ശിവക്ഷേത്രമുണ്ടെന്ന വാദത്തിന് തെളിവില്ല എന്നാണ് കേന്ദ്രസർക്കാർ 2015 നവംബറിൽ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നത്. അവകാശവാദങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും നിരാകരിച്ചിരുന്നു.

അതേസമയം, മുനിസിപ്പർ കോർപറേഷന് താജ്മഹലിന്റെ പേരു മാറ്റാനുള്ള അധികാരമില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിർമിതിയുടെ പുരാവസ്തു പ്രാധാന്യം കണക്കിലെടുത്ത് പേര് അടക്കമുള്ള കാര്യങ്ങൾ സംരക്ഷിക്കപ്പെട്ടതാണ്. സ്മാരകങ്ങളുടെ പേരു മാറ്റാനുള്ള അധികാരം നിലവിൽ കേന്ദ്രസർക്കാറിൽ നിക്ഷിപ്തമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ നിർദേശം പാസായാൽ മുനിസിപ്പൽ രേഖകളിലെല്ലാം താജ്മഹലിന്റെ പേര് തേജോ മഹാലയ എന്നായി മാറും.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന സ്മാരകമാണ് താജ്മഹൽ. 2019-2022 വർഷത്തിൽ ടിക്കറ്റ് വിൽപ്പനയിൽ നിന്നു മാത്രം 132 കോടി രൂപയാണ് സർക്കാർ ഖജനാവിലെത്തിയത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്മാരകങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നതും താജ്മഹലിൽ നിന്നു തന്നെ. താജ്മഹൽ 1632ൽ പണി ആരംഭിച്ച് 1653-ൽ പൂർത്തിയാക്കി എന്നാണ് കണക്കാക്കപ്പെടുന്നത്. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് പ്രധാന ശില്പി.

TAGS :

Next Story