മോചനദ്രവ്യം യുപിഐ വഴി നൽകി; ഭർത്താവിനെ തട്ടിക്കൊണ്ടു പോയവരുടെ അറസ്റ്റിന് വഴിവെച്ചത് ഭാര്യ
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

കൊൽക്കത്ത: കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ തട്ടിക്കൊണ്ടു പോകൽ തകർത്തത് ഇരയുടെ പരിഭ്രാന്തയായ ഭാര്യയുടെ പ്രവൃത്തി. കൊൽക്കത്തയിലാണ് സംഭവം.
ബുധനാഴ്ച ബാങ്കിലെ ആവശ്യത്തിനായി പോയ വ്യാപാരിയായ തിമിർ കാന്തി മജുംദാറിനെയാണ് കൊൽക്കത്തയിലെ നേതാജി ഭവൻ മെട്രോ സ്‌റ്റേഷനു സമീപത്തു നിന്ന് അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോയത്. കുൽപി സ്വദേശിയായ മജുംദാറിനെ എസ്‌സി മുല്ലിക് റോഡിലെ കോംപ്ലക്‌സിന്റെ പതിനൊന്നാം നിലയിലെത്തിച്ച് പ്രതികൾ ബന്ദിയാക്കി.
മജുംദാറിന്റെ ഫോണുപയോഗിച്ചാണ് പ്രതികൾ ഭാര്യയെ വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ടത്. പത്തു ലക്ഷം രൂപയാണ് മോചനദ്രവ്യമായി ഭാര്യയോട് ആവശ്യപ്പെട്ടതെങ്കിലും പിന്നീട് അത് അഞ്ചു ലക്ഷമായി കുറച്ചു. തട്ടിക്കൊണ്ടുപോയവർ ആവശ്യപ്പെട്ടത്രയും തുക കൈയ്യിൽ ഇല്ലാത്തതിനാൽ കുറച്ചു തുക യുപിഐ വഴി നൽകാമെന്നും ബാക്കി പെട്ടന്നു തന്നെ സ്വരൂപിച്ച് നൽകാമെന്നും ഭാര്യ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രതികളിലൊരാൾ തന്റെ യുപിഐ ഐഡി നൽകുകയായിരുന്നു. 10,000 രൂപ പ്രതികളിലൊരാളായ സുമൻ ബോസിന്റെ അക്കൗണ്ടിലേക്ക് അയച്ചതായും പൊലീസ് പറയുന്നു.
ഇതാണ് കേസിൽ വഴിത്തിരിവായത്. കേസിൽ തുമ്പുകളില്ലാതെ വഴിമുട്ടിയ പൊലീസിന് പ്രതികളിലേക്കെത്താൻ ഈ പണമിടപാട് സഹായിച്ചു. നാലു മണിക്കൂറിനുള്ളിൽ അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചു. സുകന്ത സേതുവിനടുത്തു വെച്ച് പ്രതിയായ ബോസിനെ പിടികൂടിയ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് കൂട്ടാളികളിലേക്കും ഇരയിലേക്കുമെത്താൻ പൊലീസിനെ സഹായിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പ്രതികൾ പിടിക്കപ്പെടാതിരിക്കാൻ തങ്ങളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് മജുംദാറിന്റെ ഫോണിൽ വൈഫൈ കണക്ട് ചെയ്തായിരുന്നു കോളുകൾ നടത്തിയത്. സജൽ ബോസ്, സുദീപ് മജുംദാർ, സുമൻ ബോ്, സമീർ കുമാർ ദേവ്, ചിമ ദാസ് എ്ന്നിവരെയാണ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ലക്ഷക്കണക്കിന് രൂപ ഇര നൽകാനുള്ളതായി പ്രതികൾ ആരോപിക്കുന്നു. എന്നാൽ ബിസിനസ് സംരഭത്തിൽ വഞ്ചിച്ചതാണെന്ന് മജുംദാറും പറയുന്നു. പ്രതികളും ഇരയും തമ്മിൽ നേരത്തെ പരിജയമുണ്ടെന്ന കാര്യം വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.
Adjust Story Font
16

