Quantcast

സി.എ.എ: അപേക്ഷിച്ചാൽ അഭയാർഥികളായും നുഴഞ്ഞുകയറ്റക്കാരായും മുദ്രകുത്തപ്പെടുമെന്ന് മമത

പൗരത്വം ലഭിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഉറപ്പില്ല, പക്ഷെ നിങ്ങളുടെ സ്വത്തും അടിസ്ഥാന അവകാശങ്ങളും ഇല്ലാതാകും

MediaOne Logo

Web Desk

  • Published:

    12 March 2024 2:19 PM GMT

സി.എ.എ: അപേക്ഷിച്ചാൽ അഭയാർഥികളായും നുഴഞ്ഞുകയറ്റക്കാരായും മുദ്രകുത്തപ്പെടുമെന്ന് മമത
X

കൊൽക്കത്ത: പൗരത്വത്തിന് അപേക്ഷിച്ചാൽ അഭയാർഥികളായും നുഴഞ്ഞുകയറ്റക്കാരായും മുദ്രകുത്തപ്പെടുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ​തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ ബി.ജെ.പി സർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതിയിൽ വ്യക്തതയില്ലെന്നും അ​പേക്ഷിക്കുന്നതിന് മുമ്പ് ആയിരം തവണ ആലോചിക്കണമെന്നും മമത. ഹബ്രയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ബിജെപിയുടെ പദ്ധതിയിൽ വീഴരുത്. മോദിയുടെ വാഗ്ദാനങ്ങൾ കേട്ട് പൗരത്വത്തിന് അപേക്ഷിച്ചാൽ പിന്നീട് നിങ്ങളെ അവർ അഭയാർത്ഥികളായി അടയാളപ്പെടുത്തും. നുഴഞ്ഞുകയറ്റക്കാരായി മാറും. ഇത് അവകാശങ്ങൾ കവർന്നെടുക്കുന്ന കളിയാണ്. സർക്കാർ പദ്ധതികളിൽ നിന്നും പുറത്താകും. അപേക്ഷിച്ചാൽ പൗരത്വം ലഭിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. പക്ഷെ നിങ്ങളുടെ സ്വത്ത് നഷ്ടപ്പെടും.തുടർന്ന് നിങ്ങളുടെ വീട്, അടിസ്ഥാന അവകാശങ്ങൾ എന്നിവ ഇല്ലാതാക്കും. കുറച്ച് പേർക്ക് പൗരത്വം ലഭിച്ചേക്കാം, പക്ഷേ അത് ലഭിക്കാത്തവരെ തടങ്കൽപ്പാളയത്തിലേക്ക് അയക്കുമെന്നും മമത പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പുള്ള ബിജെപിയുടെ പദ്ധതി മാത്രമാണിത്. ഒരിക്കൽ അപേക്ഷിച്ചാൽ നിങ്ങളുടെ എല്ലാ പൗരാവകാശങ്ങളും എടുത്തുകളയും. അതുകൊണ്ട് അപേക്ഷിക്കുന്നതിന് മുമ്പ് ആയിരം തവണ ചിന്തിക്കണം. പശ്ചിമ ബംഗാളിൽ സി.എ.എ നടപ്പാക്കാൻ അനുവദിക്കില്ലെന്നും മമത പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ തട്ടിയെടുക്കാൻ ആരെയും അനുവദിക്കില്ല.

അഭയാർത്ഥികളെ ഒരു രാജ്യത്തുനിന്നും കുടിയൊഴിപ്പിക്കരുതെന്നും പുറത്താക്കരുതെന്നും ഐക്യരാഷ്ട്രസഭ കർശനമായി പറഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനം മാനവികതയാണ്. അതാണ് അട്ടിമറിക്കുന്നത്.

സി.എ.എ എന്ന ആളുകളെ ഉപദ്രവിക്കാനും തിരഞ്ഞെടുപ്പിൽ ബിജെപിക്ക് രണ്ട് സീറ്റ് ഉറപ്പാക്കാനും വേണ്ടിയാണ്. 2019-ലാണ് നിയമം പാസാക്കിയത്. എന്നിട്ടും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അത് പ്രഖ്യാപിച്ചതിന് പിന്നിൽ നിക്ഷിപ്ത താൽപര്യമാണെന്നും അവർ പറഞ്ഞു.

TAGS :

Next Story