ലോകത്തില്‍ ഏറ്റവും കൂടുതല്‍ പുള്ളിപ്പുലി സാന്ദ്രതയുള്ളത് ഇന്ത്യയിലെ ഈ നഗരത്തിലാണ്
54 പുള്ളിപ്പുലികളെയാണ് സര്‍വേയില്‍ കണ്ടെത്തിയത്

മുംബൈ: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പുള്ളിപ്പുലി സാന്ദ്രതയുള്ളത് ഇന്ത്യയിലെ ദേശീയോദ്യാനത്തിലാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. മുംബൈയിലെ സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിലാണ് (എസ്ജിഎന്‍പി) ലോകത്തില്‍ ഏറ്റവും കൂടുതല്‍ പുള്ളിപ്പുലി സാന്ദ്രതയുള്ളത്.54 പുള്ളിപ്പുലികളാണ് നിലവില്‍ സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിലുള്ളത്.
മുംബൈയിലെ എസ്ജിഎന്‍പി, ആരേ മില്‍ക്ക് കോളനി, വസായിലെ തുംഗരേശ്വര്‍ വന്യജീവി സങ്കേതം എന്നിവിടങ്ങളില്‍ 2024 ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ നടത്തിയ ക്യാമറ-ട്രാപ്പ് സര്‍വേയിലാണ് പുള്ളിപ്പുലികളെ കണ്ടെത്തിയത്. 54 പുള്ളിപ്പുലികളില്‍ 36 പെണ്‍പുലികളും 16 ആണ്‍ പുള്ളിപുലികളും ഉള്‍പ്പെടുന്നു. രണ്ട് പുള്ളിപ്പുലികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. തുംഗരേശ്വര്‍ വന്യജീവി സങ്കേതത്തില്‍ മൂന്ന് മുതിര്‍ന്ന ആണ്‍ പുള്ളിപ്പുലികളെ കണ്ടെത്തിയിട്ടുണ്ട്.
പദ്ധതിയുടെ ഭാ?ഗമായി സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിലെ 57 സ്ഥലങ്ങളിലും തുംഗരേശ്വര്‍ വന്യജീവി സങ്കേതത്തിലെ 33 സ്ഥലങ്ങളിലും ക്യാമറകള്‍ സ്ഥാപിച്ചു. 2015ല്‍ ആദ്യമായി കാമറയില്‍ പതിഞ്ഞ മൂന്ന് പെണ്‍ പുള്ളിപ്പുലികളെ 2024ല്‍ വീണ്ടും കണ്ടെത്തി.
103 ചതുരശ്ര കിലോമീറ്ററിലാണ് സഞ്ജയ് ഗാന്ധി ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നത്. 85 ചതുരശ്ര കിലോമീറ്ററില്‍ തുംഗരേശ്വര്‍ വന്യജീവി സങ്കേതം വ്യാപിച്ചുകിടക്കുന്നു.
ഇത്രയും ജനസാന്ദ്രതയുള്ള നഗരപ്രദേശത്ത് വലിയ തോതിലുള്ള പുള്ളിപ്പുലികളുടെ സാന്നിധ്യം പ്രകൃതിയുടെ പ്രതിരോധശേഷിയെക്കുറിച്ചും അവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് എസ്ജിഎന്‍പി ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ഡയറക്ടറുമായ അനിത പാട്ടീല്‍ പറഞ്ഞു.
2015ല്‍ നടത്തിയ ഒരു സര്‍വേയില്‍ 35 പുള്ളിപ്പുലികളെ കണ്ടെത്തിയിരുന്നു. 2017ല്‍ 40ഉം 2022ല്‍ 45 പുള്ളിപ്പുലികളെയും കണ്ടെത്തിയിരുന്നു.
Adjust Story Font
16

