Quantcast

ബിരിയാണിയും വടാപ്പാവും ചിക്കൻ ലോലിപോപ്പും; ഈ ട്രെയിൻ ശരിക്കും ഒരു 'ഫുഡ് ക്വീൻ' തന്നെ !

വിഭവസമൃദ്ധവും രുചികരവുമായ ഭക്ഷണം ലഭിക്കുന്ന ഈ ട്രെയിൻ യാത്രക്കാർക്കൊരു വികാരം തന്നെയാണ്

MediaOne Logo
ബിരിയാണിയും വടാപ്പാവും ചിക്കൻ ലോലിപോപ്പും; ഈ ട്രെയിൻ ശരിക്കും ഒരു ഫുഡ് ക്വീൻ തന്നെ !
X

മുംബൈ: ട്രെയിൻ യാത്രയിലെ ഭക്ഷണം പലർക്കും മടുപ്പുണ്ടാക്കുന്ന ഒന്നാണ്. വൃത്തിഹീനമായ രുചിയില്ലാത്ത ഭക്ഷണം കഴിക്കാൻ മടിക്കുന്ന പലരും യാത്രക്കിടയിൽ ഭക്ഷണം ഒഴിവാക്കലാണ് പതിവ്. എന്നാൽ, ട്രെയിൻ യാത്രയിൽ വിഭവസമൃദ്ധവും രുചികരവുമായ ഭക്ഷണം ലഭിക്കുന്ന ഒരു ട്രെയിനും രാജ്യത്തുണ്ട്. യാത്രക്കാർ സ്‌നേഹത്തോടെ 'ഫുഡ് ക്വീൻ' എന്നാണ് ആ ട്രെയിനിനെ വിശേഷിപ്പിക്കുന്നത്.

മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിനും മഡ്ഗാവിനും ഇടയിൽ സർവീസ് നടത്തുന്ന മാണ്ഡവി എക്‌സ്പ്രസാണ് രുചികരമായ ഭക്ഷണം വിളമ്പി യാത്രക്കാരുടെ മനസ്സ് കീഴടക്കുന്നത്. കൊങ്കൺ പാതയിലെ പ്രകൃതിഭംഗിക്കൊപ്പം തന്നെ യാത്രക്കാർ ആഘോഷമാക്കുന്ന ഒന്നാണ് ഈ ട്രെയിനിലെ 'പാൻട്രി' സേവനവും. ഒരു റെസ്റ്റോറന്റിനെ വെല്ലുന്നതാണ് മാണ്ഡവി എക്‌സ്പ്രസിലെ ഭക്ഷണത്തിന്റെ മെനു. ചൂടുള്ള ഇഡ്ഡലി, വട, ഉപ്പുമാവ്, പൊഹ, ഓംലെറ്റ് എന്നിവയും നല്ല ചൂടുള്ള കാപ്പിയോ ചായയോ ആണ് രാവിലത്തെ ഭക്ഷണമായി കിട്ടുക.

ഇടനേരത്തെ മുംബൈക്കാരുടെ സ്വന്തം വടാപാവ്, സമോസ, ക്ടലറ്റ്, ഉള്ളിവട, ചിക്കൻ ലോലിപോപ്പ്, മിക്‌സഡ് പൊക്കവഡ എന്നിവ കിട്ടും. ഉച്ചഭക്ഷണത്തിന് വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ താലി മീൽസിനൊപ്പം ചിക്കൻ ബിരായാണി, ഫ്രൈഡ് റൈസ് എന്നിവ ലഭിക്കും. ഗുലാബ് ജാം ഉൾപ്പടെയുള്ള മധുരപലഹാരങ്ങളും ഫ്രഷ് ഫ്രൂട്ടുകളും ഈ ട്രെയിനിൽ ലഭിക്കും.

കൊങ്കൺ റെയിൽവേയിലെ പച്ചപ്പും തുരങ്കങ്ങളും പാലങ്ങളും ആസ്വദിച്ചുകൊണ്ടുള്ള യാത്രയ്ക്ക് മാറ്റ് കൂട്ടുന്നതാണ് ട്രെയിനിലെ ഫുഡ് മെനു. വിമാനത്തിലെ ഭക്ഷണത്തിന് സമാനമായ ഗുണനിലവാരവും മിതമായ നിരക്കും ഈ ട്രെയിനിലെ പാൻട്രി സേവനത്തെ ജനപ്രിയമാക്കുന്നു. 580 കിലോമീറ്റർ ദൂരം 12 മുതൽ 14 മണിക്കൂർ കൊണ്ട് പിന്നിടുന്ന ഈ യാത്രയിൽ പലരും ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം മാണ്ഡവി എക്‌സ്പ്രസ് തിരഞ്ഞെടുക്കാറുണ്ട്. വേഗതയേറിയ വന്ദേ ഭാരത് എക്‌സ്പ്രസുകൾ നിലവിലുണ്ടെങ്കിലും, സാവധാനത്തിൽ യാത്ര ആസ്വദിക്കാനും കൊങ്കൺ രുചികൾ നുണയാനും ആഗ്രഹിക്കുന്നവർക്ക് മാണ്ഡവി എക്‌സ്പ്രസ് ഇന്നും ഒരു വികാരം തന്നെയാണ്.

TAGS :

Next Story