Quantcast

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര; ചോദ്യം ചെയ്ത ടിടിഇയെ ഭീഷണിപ്പെടുത്താൻ സ്വന്തം വസ്ത്രം വലിച്ചുകീറി യുവതി

സെപ്റ്റംബർ 17 ന് ദാനാപൂർ-സെക്കന്തരാബാദ് എക്സ്പ്രസിൽ ദനാപൂരിനും പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷനും ഇടയിൽ വച്ചാണ് സംഭവം

MediaOne Logo

Web Desk

  • Published:

    20 Sept 2026 1:35 PM IST

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര; ചോദ്യം ചെയ്ത ടിടിഇയെ ഭീഷണിപ്പെടുത്താൻ സ്വന്തം വസ്ത്രം വലിച്ചുകീറി യുവതി
X

ലഖ്നൌ: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇയെ ഭീഷണിപ്പെടുത്താൻ സ്വന്തം വസ്ത്രം വലിച്ചുകീറി യുവതി. ഉത്തര്‍പ്രദേശിലെ ദാനാപൂരിൽ നിന്ന് പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതിയാണ് ടിടിഇയുമായുണ്ടായ തര്‍ക്കത്തിനിടെ വസ്ത്രങ്ങൾ വലിച്ചുകീറിയത്. ട്രെയിനിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ ഇത് ഫോണിൽ പകര്‍ത്തുകയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

സെപ്റ്റംബർ 17 ന് ദാനാപൂർ-സെക്കന്തരാബാദ് എക്സ്പ്രസിൽ ദനാപൂരിനും പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷനും ഇടയിൽ വച്ചാണ് സംഭവം. സെക്കൻഡ് എസി കോച്ചിൽ പരിശോധന നടത്തുകയായിരുന്ന റെയിൽവേ ജീവനക്കാർ കുഞ്ഞുമായി യാത്ര ചെയ്തിരുന്ന യുവതിയോട് ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ ടിക്കറ്റ് കാണിക്കാൻ സാധിക്കാത്തതിനെ തുടർന്ന് എസി കോച്ചിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ പിന്നീട് തേർഡ് എസി കോച്ചിലേക്ക് മാറി ഇരുന്നു.

ടിടിഇ തേർഡ് എസിയിൽ എത്തി ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയും ടിക്കറ്റെടുക്കാൻ വിസമ്മതിക്കുകയും ചെയ്തു. എതിർവശത്തിരുന്ന ഒരു യാത്രക്കാരൻ പകർത്തിയ വീഡിയോയിൽ, താൻ പണം നൽകാൻ തയ്യാറാണെന്ന് യുവതി പറയുന്നതും എന്നാൽ സാധുവായ ടിക്കറ്റ് വേണമെന്ന് ടിടിഇ ആവശ്യപ്പെടുന്നതും കാണാം. തുടർന്ന് ടിടിഇയെ കേസിൽ കുടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്.

തര്‍ക്കത്തിനിടെ തന്‍റെ സഹോദരൻ ടിടിഇ ആണെന്ന് അവകാശപ്പെട്ട യുവതി, ഫോണിൽ റെയിൽവേ പൊലീസ് ഹെൽപ്‌ലൈൻ നമ്പർ തിരയുകയും ടിടിഇയെ കേസിൽ കുടുക്കുമെന്ന് മറ്റ് യാത്രക്കാരോട് പറയുകയും ചെയ്തു. തുടർന്ന് സ്വന്തം വസ്ത്രങ്ങൾ വലിചുകീറി ജീവനക്കാരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ടിടിഇമാർ വിവരം റെയിൽവേ കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടര്‍ന്ന് വൈകിട്ട് 4 മണിയോടെ ട്രെയിൻ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജങ്ഷനിൽ എത്തിയപ്പോൾ ആർപിഎഫ് വനിതാ ടീം സ്ഥലത്തെത്തി യുവതിയെ ചോദ്യം ചെയ്തു.

എതിർവശത്തിരുന്ന യാത്രക്കാരൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ റെയിൽവേ ഉദ്യോഗസ്ഥർക്ക് കൈമാറിയതോടെയാണ് യുവതി സ്വയം വസ്ത്രം കീറുന്നതടക്കമുള്ള നാടകത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്. വീഡിയോ പകർത്തിയത് തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും അത് വലിയ തെളിവായി മാറിയെന്നും ടിടിഇ എസ്.കെ. വർമ പറഞ്ഞു.

പ്രയാഗ്‌രാജ് സ്വദേശിയായ രാധിക തിവാരി എന്ന യുവതിയാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തതെന്ന് റെയിൽവേ പിആർഒ വിശ്വനാഥ് സ്ഥിരീകരിച്ചു. ജീവനക്കാർ യുവതിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും റെയിൽവേ നിയമപ്രകാരം പിഴ ഈടാക്കി പുതിയ ടിക്കറ്റ് നൽകിയ ശേഷം ഇവരെ പോകാൻ അനുവദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story