Quantcast

കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്; ഇന്ന് ഡൽഹിയിൽ യോഗം

കേന്ദ്ര ഗ്രാമവികസന വകുപ്പ് സഹമന്ത്രി സ്വാതി നിരഞ്ജൻ ജ്യോതിയെ കാണാൻ എത്തിയ തൃണമൂൽ നേതാക്കളെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു

MediaOne Logo

Web Desk

  • Published:

    4 Oct 2023 1:28 AM GMT

അഭിഷേക് ബാനര്‍ജി
X

ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി

ഡല്‍ഹി:കേന്ദ്ര പദ്ധതികളുടെ ഫണ്ട് അനുവദിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി തൃണമൂൽ കോൺഗ്രസ്. കേന്ദ്ര ഗ്രാമവികസന വകുപ്പ് സഹമന്ത്രി സ്വാതി നിരഞ്ജൻ ജ്യോതിയെ കാണാൻ എത്തിയ തൃണമൂൽ നേതാക്കളെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ നേതാക്കൾ ഇന്ന് ഡൽഹിയിൽ യോഗം ചേരും.

ഇന്നലെ രാത്രി ഒൻപത് മണിയോടെ ആണ് അഭിഷേക് ബാനർജി ഉൾപ്പടെയുള്ള തൃണമൂൽ നേതാക്കളെ ഡൽഹി കൃഷി ഭവനിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൂടിക്കാഴ്ചയ്ക്ക് മന്ത്രി സ്വാതി നിരഞ്ജൻ ജ്യോതി അനുമതി നിഷേധിച്ചതിനെ തുടർന്ന് കൃഷി ഭവനിൽ നേതാക്കൾ സത്യാഗ്രഹം ആരംഭിക്കുകയായിരുന്നു. രാത്രി ഏറെ വൈകി പൊലീസ് സ്റ്റേഷനിൽ നിന്ന് മടങ്ങിയ നേതാക്കൾ തുടർനീക്കങ്ങൾ ഇന്ന് പ്രഖ്യാപിക്കും. പശ്ചിമ ബംഗാളിനെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിന് എതിരെയുള്ള തുടർ പ്രക്ഷോഭങ്ങൾ ഡൽഹി കേന്ദ്രീകരിച്ച് തന്നെ തുടരുന്ന കാര്യത്തിലും ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും.

തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ സുദീപ് ബന്ധോപാധ്യയുടെ വസതിയിൽ വെച്ചാകും തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ നിർണായക യോഗം നടക്കുക. ഗാന്ധി ജയന്തി ദിനത്തിലും ഇന്നലെയും ജനപ്രതിനിധികൾ ഉൾപ്പടെയുള്ള നേതാക്കളെ പൊലീസ് നേരിട്ട രീതിയിൽ തൃണമൂൽ കോൺഗ്രസ് നേതൃത്വം കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ഇന്നലെ ജന്തർ മന്ദറിൽ നടന്ന മഹാറാലിയിൽ പ്രവർത്തകരെ പൊലീസ് നേരിട്ടാൽ ബംഗാളിൽ തിരിച്ചടി നൽകുമെന്ന് അഭിഷേക് ബാനർജി ഭീഷണി മുഴക്കിയിരുന്നു.

TAGS :

Next Story