പൂജ സംഭാവനയായി 10,000 രൂപ നല്‍കാന്‍ വിസമ്മതിച്ചു; വ്യവസായിയെ ക്രൂരമായി മര്‍ദ്ദിച്ച് ടിഎംസി പ്രവര്‍ത്തകര്‍
മുളയും ഇരുമ്പ് വടിയും ഉപയോഗിച്ചായിരുന്നു മര്‍ദനം

കൊല്‍ക്കത്ത: പൂജ സംഭാവനയായി പണം നല്‍കാന്‍ വിസമ്മതിച്ചതിന് വ്യവസായിക്ക് ക്രൂര മര്‍ദനം. വെള്ളിയാഴ്ച ലോക്കല്‍ ക്ലബിന്റെ ദുര്‍ഗാ പൂജാ ആഘോഷത്തിന് പണം നല്‍കാത്തതിനാണ് തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യവസായിയെ മര്‍ദിച്ചത്.
മര്‍ദിച്ചത് ചോദ്യം ചെയ്ത കുടുംബാഗങ്ങള്‍ക്കും മര്‍ദനമേറ്റു. അമിത് സര്‍ക്കാര്‍ എന്ന വ്യവസായിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി. തന്റെ രണ്ട് കടകള്‍ക്കുമായി ആദ്യം 4000 രൂപയാണ് ആവശ്യപ്പെട്ടതെന്നും പെട്ടെന്ന് അവര്‍ പതിനായിരം രൂപ ആവശ്യപ്പെടുകയായിരുന്നുവെന്നും വ്യവസായി പറഞ്ഞു.
'' പെട്ടെന്ന് അവര്‍ പതിനായിരം രൂപയാക്കി ഉയര്‍ത്തി. എന്റെ വീട്ടില്‍ വന്നപ്പോള്‍ ആദ്യം അവര്‍ സഹോദരനുമായാണ് തര്‍ക്കിച്ചത്. പിന്നീടാണ് ഞാന്‍ അങ്ങോട്ട് ചെന്നത്. ഞാന്‍ അങ്ങോട്ടേക്ക് ചെന്നപ്പോള്‍ തര്‍ക്കം രൂക്ഷമായി. പെട്ടെന്ന് ചിലര്‍ വന്ന് എന്നെ ആക്രമിക്കാന്‍ തുടങ്ങി. എന്റെ ഭാര്യയും അച്ഛനും സഹോദരനും അവരെ തടയാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറിയില്ല. എന്റെ കുടുംബത്തെയും മര്‍ദിക്കാന്‍ ശ്രമിച്ചു. മുളയും ഇരുമ്പ് വടിയും ഉപയോഗിച്ചാണ് ഞങ്ങളെ മര്‍ദിച്ചത്.
വീട്ടിലേക്ക് വന്നവരെല്ലാം പ്രാദേശിക തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. 2012 മുതല്‍ ഞാനും ഈ ക്ലബിന്റെ ഭാഗമായിരുന്നു. ക്ലബിന്റെ സെക്രട്ടറിയായും ദുര്‍ഗ പൂജ കമ്മിറ്റിയുടെ സെക്രട്ടറിയായും ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. പക്ഷെ 2024 ല്‍ ഞാന്‍ ക്ലബില്‍ നിന്നും പിന്മാറി. ഇന്നും ഞാന്‍ ടിഎംസിയില്‍ ഉണ്ട്,'' അദ്ദേഹം പറഞ്ഞു.
വിവരം മമതാ ബാനര്‍ജിയെ അറിയിച്ചിട്ടുണ്ടെന്നും പൊലീസിനോട് കൃത്യമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടിഎംസി നേതൃത്വം പറഞ്ഞു.
അതേസമയം, സംഭവത്തില്‍ ടിഎംസി നേതാവ് ദേബാങ്ഷു ഭട്ടാചാര്യ ഖേദം പ്രകടിപ്പിക്കുകയും പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
'ഇതൊരു ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ഇത്തരമൊരു സംഭവം ഒഴിവാക്കാന്‍, നമ്മുടെ മുഖ്യമന്ത്രി പൂജാ കമ്മിറ്റികള്‍ക്ക് അലവന്‍സ് ആരംഭിച്ചു. അതിനാല്‍, ഇത്തരമൊരു സംഭവം സ്വീകാര്യമല്ല, പോലീസ് ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം,' അദ്ദേഹം പറഞ്ഞു.
Adjust Story Font
16

