Quantcast

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് തമിഴ്‌നാട് സർക്കാരിന്റെ കമ്മ്യൂണൽ ഹാർമണി പുരസ്‌കാരം

തമിഴ്‌നാട്ടിലെ കൃഷ്ണഗിരി സ്വദേശിയാണ് സുബൈർ

MediaOne Logo

Web Desk

  • Updated:

    2024-01-26 11:14:32.0

Published:

26 Jan 2024 10:58 AM GMT

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് തമിഴ്‌നാട് സർക്കാരിന്റെ കമ്മ്യൂണൽ ഹാർമണി പുരസ്‌കാരം
X

ചെന്നൈ: ഫാക്ട്‌ചെക്കിങ് പോർട്ടൽ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ആദരവുമായി തമിഴ്‌നാട് സർക്കാർ. ചെന്നൈയിൽ നടന്ന റിപബ്ലിക് ദിനാഘോഷ പരിപാടിയിലായിരുന്നു മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ 2024ലെ കോട്ടൈ അമീർ കമ്മ്യൂണൽ ഹാർമണി അവാർഡ് അദ്ദേഹത്തിനു സമ്മാനിച്ചത്. ഗവർണർ ആർ.എൻ രവി ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു മതസൗഹാർദത്തിനു വേണ്ടിയുള്ള ഇടപെടലുകളുടെ പേരിലുള്ള പുരസ്‌കാരം കൈമാറിയത്.

തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ദെങ്കണിക്കോട്ട സ്വദേശിയാണ് സുബൈർ. വ്യാജവാർത്തകൾ സൃഷ്ടിക്കാനുള്ള സംഘർഷങ്ങൾ ആൾട്ട് ന്യൂസിലൂടെയുള്ള സുബൈറിന്റെ ഇടപെടലിലൂടെ ഒഴിവായിട്ടുണ്ടെന്നു സർക്കാർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. തമിഴ്‌നാട്ടിൽ കുടിയേറ്റ തൊഴിലാളികൾ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന തരത്തിൽ പ്രചരിച്ച വ്യാജ വാർത്തകൾ തടയുന്നതിൽ സുബൈർ വഹിച്ച പങ്കിനെയും ഇതിൽ സ്മരിക്കുന്നുണ്ട്.

''തമിഴ്‌നാട്ടിൽ കുടിയേറ്റ തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന് 2023 മാർച്ചിൽ സോഷ്യൽ മീഡിയയിൽ അതിവേഗത്തിലുള്ള പ്രചാരണമുണ്ടായിരുന്നു. വിഡിയോ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച ശേഷം സംഭവം നടന്നത് തമിഴ്‌നാട്ടിലല്ലെന്ന റിപ്പോർട്ട് അദ്ദേഹം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. തമിഴ്‌നാടിനെതിരായ ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് അതു തടഞ്ഞു. സംസ്ഥാനത്ത് മത, ജാതി, വംശ, ഭാഷാ കാരണങ്ങളാലുള്ള അക്രമങ്ങൾ തടഞ്ഞുനിർത്താനും അദ്ദേഹം പ്രവർത്തിച്ചു.''-വാർത്താ കുറിപ്പിൽ ചൂണ്ടിക്കാട്ടി.

സമൂഹത്തിൽ മതസൗഹാർദം ഊട്ടിയുറപ്പിക്കാനായി ശ്രദ്ധേയമായ ഇടപെടൽ നടത്തന്ന തമിഴ്‌നാട് സ്വദേശികൾക്ക് സംസ്ഥാന സർക്കാർ നൽകിവരുന്ന പുരസ്‌കാരമാണ് കോട്ടൈ അമീർ കമ്മ്യൂണൽ ഹാമർമണി അവാർഡ്. എല്ലാ വർഷവും ജനുവരി 26ന് റിപബ്ലിക് ദിനാഘോഷ ചടങ്ങിലാണു പുരസ്‌കാരം സമ്മാനിക്കാറുള്ളത്. 25,000 രൂപയും പ്രശസ്തിപത്രവും പ്രത്യേക പതക്കവും ഉൾപ്പെടുന്നതാണു പുരസ്‌കാരം.

Summary: Tamil Nadu govt. honours Alt News co-founder Mohammed Zubair with Kottai Ameer Communal Harmony Award, 2024

TAGS :

Next Story