Quantcast

യുവതിയുടെ കൊലപാതകത്തില്‍ വ്യാജപ്രചാരണം; ബി.ജെ.പി തമിഴ്‌നാട് അധ്യക്ഷൻ അണ്ണാമലൈയ്‌ക്കെതിരെ കേസെടുത്തു

കുടുംബവഴക്കിനെ തുടർന്നാണ് ഗോമതിയുടെ കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്

MediaOne Logo

Web Desk

  • Published:

    23 April 2024 8:13 AM GMT

Tamil Nadu ​​police register case against BJP chief K Annamalai for posting fake news against DMK on womans death
X

കെ. അണ്ണാമലൈ

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിൽ 45കാരിയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയ്‌ക്കെതിരെ കേസെടുത്തു. ബി.ജെ.പിക്ക് വോട്ട് ചെയ്തതിന്റെ പേരിലാണു യുവതി കൊല്ലപ്പെട്ടതെന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ അണ്ണാമലൈ പ്രചരിപ്പിച്ചത്. എന്നാൽ, കുടുംബവഴക്കിനെ തുടർന്നാണു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.

ഏപ്രിൽ 19നാണ് കടലൂരിലെ പക്കിരിമണിയം സ്വദേശി ഗോമതി കൊല്ലപ്പെട്ടത്. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിനിടെയായിരുന്നു കൃത്യം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ വച്ചു മരിക്കുകയായിരുന്നു. സംഭവത്തിൽ പത്തുപേർക്കെതിരെ കടലൂർ പൊലീസ് കേസെടുക്കുകയും അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ, ഗോമതിയുടെ മരണം ഡി.എം.കെയ്‌ക്കെതിരെ ആയുധമാക്കുകയാണ് അണ്ണാമലൈ ചെയ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ മുന്നണിക്ക് വോട്ട് ചെയ്യാത്തതിന് ഡി.എം.കെ പ്രവർത്തകരാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് ബി.ജെ.പി നേതാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വ്യാജ പ്രചാരണത്തിനെതിരായ പരാതിയിൽ ശ്രീമുഷ്ണം പൊലീസ് അണ്ണാമലൈയ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്തിരിക്കുകയാണ്.

ഐ.പി.സി 153(കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കൽ), 504(ക്രമസമാധാന നില തകർക്കാനുള്ള ബോധപൂർവമായ ഇടപെടൽ), 505(പൊതുദ്രോഹത്തിനിടയാക്കുന്ന പ്രസ്താവന) തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ പൊലീസ് ചുമത്തിയത്.

Summary: Tamil Nadu ​​police register case against BJP chief K Annamalai for posting fake news against DMK on woman's death

TAGS :

Next Story