Quantcast

'ലവ് ജിഹാദ്' നടക്കുന്നെന്ന്; ഗർബ നൃത്തച്ചടങ്ങില്‍ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി മധ്യപ്രദേശ്

നവരാത്രി ആഘോഷത്തിന്റെ പ്രധാന ഇനമാണ് പരമ്പരാഗത ഗർബ നൃത്തം.

MediaOne Logo

Web Desk

  • Updated:

    2022-09-27 10:30:12.0

Published:

27 Sep 2022 10:28 AM GMT

ലവ് ജിഹാദ് നടക്കുന്നെന്ന്; ഗർബ നൃത്തച്ചടങ്ങില്‍ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി മധ്യപ്രദേശ്
X

ഭോപ്പാൽ: നവരാത്രി ആഘോഷത്തിൽ നൃത്തപ്പന്തലിലെത്തുന്നവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശ് സർക്കാർ. ഇതു സംബന്ധിച്ച് ഗർബ (പ്രത്യേകതരം നൃത്തം) സംഘാടകർക്ക് സർക്കാർ നിർദേശം നൽകി. നൃത്തവേദികൾ ലവ് ജിഹാദിന് ഉപയോഗിക്കുന്നു എന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സാംസ്‌കാരിക വകുപ്പു മന്ത്രി ഉഷ താക്കൂർ ആരോപിച്ചിരുന്നു.

'മാ ദുർഗയുടെ ആരാധനാ ആഘോഷമായ നവരാത്രി വിശ്വാസത്തിന്റെ കേന്ദ്രമാണ്. വിശുദ്ധ മുഹൂർത്തത്തിലെ സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാൻ സംഘാടകർ വരുന്നവരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കണം' - ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

തിങ്കളാഴ്ചയാണ് ഒമ്പതു ദിനം നീണ്ട നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചത്. ആഘോഷത്തിന്റെ പ്രധാന ഇനമാണ് പരമ്പരാഗത ഗർബ നൃത്തം.

ഗർബ നൃത്തച്ചടങ്ങുകളിൽ ലവ് ജിഹാദ് നടക്കുന്നതായി ആരോപിച്ച മന്ത്രി ഉഷ താക്കൂർ ചടങ്ങിൽ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കുമെന്നും അറിയിച്ചിരുന്നു. 'ഗർബ സംഘാടകർ കരുതിയിരിക്കണം. ഗർബ ചടങ്ങുകൾക്ക് വരുന്നവർ തിരിച്ചറിയൽ കാർഡ് കാണിക്കണം. ഐഡി കാർഡ് ഇല്ലാതെ ആരെയും പ്രവേശിപ്പിക്കരുത്. എല്ലാവർക്കുമുള്ള ഉപദേശമാണിത്. ഗർബകൾ ലവ് ജിഹാദിന്റെ മാർഗമായി മാറിയിട്ടുണ്ട്' - എന്നിങ്ങനെയായിരുന്നു അവരുടെ പ്രസ്താവന.

നവരാത്രി ആഘോഷം

ദക്ഷിണേന്ത്യയിൽ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷം. എന്നാൽ ഉത്തരേന്ത്യയിൽ ശ്രീരാമൻ രാവണനെ വധിച്ചതിൻറെ സന്തോഷ സൂചകമാണ് നവരാത്രി.

കന്നിമാസത്തിലെ കറുത്തവാവിന് ശേഷമുള്ള വെളുത്ത പക്ഷത്തിൽ പ്രഥമ മുതൽ നവമി വരെയുള്ള ഒൻപത് ദിവസങ്ങളിലായാണ് ആഘോഷം. സ്‌ത്രൈണ ശക്തിയുടെ പ്രതീകം, തിന്മയ്ക്കുമേൽ നന്മനേടിയ വിജയം, വിദ്യാരംഭം, സംഗീതം, നൃത്തം തുടങ്ങിയ കലകളുടെ പഠനം ആരംഭിക്കൽ, ഗ്രന്ഥപൂജ, ആയുധപൂജ തുടങ്ങി നവരാത്രി മഹോത്സവത്തിന് പ്രത്യേകതകൾ ഏറെയുണ്ട്. നവരാത്രിയിലെ അവസാന മൂന്നു ദിനങ്ങൾക്കാണ് മലയാളികൾ കൂടുതൽ പ്രാധാന്യം നൽകുന്നത്.

TAGS :

Next Story