Quantcast

വഴിയില്‍ ചായ കുടിക്കാന്‍ വണ്ടി നിര്‍ത്തിയതാ...; അടയ്ക്ക വ്യാപാരിയുടെ ഒരു കോടി രൂപ മോഷണം പോയി

ചിത്രദുർഗയ്ക്ക് സമീപം ഭീമസമുദ്രത്തിലെ വ്യാപാരിയായ എച്ച്.എസ് ഉമേഷിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്

MediaOne Logo

Web Desk

  • Published:

    26 Oct 2023 2:32 AM GMT

loses Rs 1 crore cash
X

പ്രതീകാത്മക ചിത്രം

ബെംഗളൂരു: ബിസിനസ് യാത്രക്കിടെ അടയ്ക്ക വ്യാപാരിയുടെ ഒരു കോടി രൂപ നഷ്ടമായി. വാടകക്ക് എടുത്ത കാറിന്‍റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന രൂപയാണ് മോഷണം പോയത്. വന്‍തുക കാറിലുണ്ടെന്ന് അറിയാമായിരുന്ന കാബ് ഡ്രൈവര്‍ക്കും മോഷണത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്‍റെ സംശയം.ചിത്രദുർഗയ്ക്ക് സമീപം ഭീമസമുദ്രത്തിലെ വ്യാപാരിയായ എച്ച്.എസ് ഉമേഷിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ഒക്ടോബര്‍ 7നാണ് സംഭവം നടന്നതെങ്കിലും ശനിയാഴ്ചയാണ് ഉമേഷ് പരാതി നല്‍കിയത്. ചിത്രദുർഗയിലെ ശ്രീ മരുളസിദ്ധേശ്വര ട്രേഡേഴ്‌സിന്‍റെ ഉടമസ്ഥതയില്‍ ഉമേഷും സുഹൃത്ത് ജി.ഇ മല്ലികാര്‍ജുനും ചേര്‍ന്നാണ് കച്ചവടം നടത്തുന്നത്. കര്‍ഷകരില്‍ നിന്നും അടയ്ക്ക വാങ്ങി അന്യസംസ്ഥാനങ്ങളില്‍ കൊണ്ടുപോയി വില്‍ക്കുകയാണ് ഇവരുടെ പതിവ്. അടുത്തിടെ ഹോളല്‍കെരെ താലൂക്കിലെ താല്യ വില്ലേജിലെ സ്വാമി പിബിയുടെ ഉടമസ്ഥതയിലുള്ള സെഡാന്‍ (രജിസ്‌ട്രേഷന്‍ നമ്പര്‍ കെഎ-16-എന്‍-8522) ഉമേഷ് വാടകയ്‌ക്കെടുത്തിരുന്നു.പണം കാറിന്‍റെ ഡിക്കിയിലാണ് സൂക്ഷിച്ചത്.

സ്വാമിയോടൊപ്പം ഉമേഷ് തുംകുരു ജില്ലയിലെ പല സ്ഥലങ്ങളിലും കര്‍ഷകരെ കാണാന്‍ പോയി. യാത്രയ്ക്കിടെ ഇയാള്‍ ബാഗ് തുറന്നില്ലെന്നും പൊലീസ് പറയുന്നു. ഇവിടെ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നതിനിടെ, ഉമേഷും സ്വാമിയും ഉച്ചയ്ക്ക് 2 മണിയോടെ ഗാന്ധിനഗറിലെ ഒരു ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ ഇറങ്ങി. പിന്നീട് ബെംഗളൂരുവില്‍ പഠിക്കുന്ന മകളെയും ചന്ദ്ര ലേഔട്ടിലെ മറ്റൊരു ബന്ധുവിനെയും ഇവര്‍ കണ്ടു.

മടക്കയാത്രയില്‍ ചായ കുടിക്കാന്‍ ഹൈവേയിലെ ഒരു റെസ്റ്റോറന്റില്‍ വണ്ടി നിര്‍ത്തി. രാത്രി 7.45 ഓടെ ഭീമസമുദ്രത്തില്‍ തിരിച്ചെത്തി ഡിക്കി തുറന്നപ്പോഴാണ് പണംവെച്ച ബാഗ് നഷ്ടപ്പെട്ടതായി മനസിലായത്. ഇതേക്കുറിച്ച് ഉമേഷ്, സ്വാമിയോട് ചോദിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇരുവരും പകല്‍ സന്ദര്‍ശിച്ച സ്ഥലങ്ങളിലെല്ലാം തിരിച്ച് പോയി അന്വേഷിച്ചെങ്കിലും ബാഗ് കണ്ടെത്താനായില്ല. അതേസമയം, മോഷണവുമായി ബന്ധപ്പെട്ട് നാലുപേരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.

ഈയിടെ ബെംഗളൂരുവിലും സമാനസംഭവം നടന്നിരുന്നു. ബെംഗളൂരുവിൽ പാർക്ക് ചെയ്തിരുന്ന ആഡംബര കാറിൽ നിന്ന് 13 ലക്ഷം രൂപയാണ് പട്ടാപ്പകല്‍ മോഷണം പോയത്. സംഭവം സിസി ടിവിയില്‍ പതിഞ്ഞിരുന്നു. മുഖംമൂടി ധരിച്ച രണ്ടുപോര്‍ കാറിന് സമീപത്തേക്ക് വരുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. ഒരാള്‍ കാറിന്‍റെ ചില്ല് തകര്‍ത്ത് പണം മോഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടുപേരും ഇരുചക്രവാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

TAGS :

Next Story