ബംഗളൂരുവിലെ ട്രാഫിക് ബ്ലോക്ക് തന്നെ ആരോഗ്യവാനാക്കി; കുറഞ്ഞത് എട്ട് കിലോ; വൈറലായി യുവാവിന്റെ വെളിപ്പെടുത്തൽ
റെഡ്ഡിറ്റിൽ പങ്കുവെച്ച പോസ്റ്റിലാണ് ദിവസവും ഒന്നര മണിക്കൂർ ട്രാഫിക് ബ്ലോക്കിലിരിക്കേണ്ടി വന്നത് എങ്ങനെയാണ് ആരോഗ്യത്തിന് ഗുണകരമായതെന്ന വിശദീകരണമുള്ളത്

- Published:
23 Jan 2026 2:46 PM IST

ബെംഗളൂരുവിലെ ട്രാഫിക് കുരുക്കിനെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ പലർക്കും തലവേദന വരാറുണ്ട്. എന്നാൽ ഈ വൻ കുരുക്കിനെ സ്വന്തം ആരോഗ്യത്തിനുള്ള വഴിയാക്കി മാറ്റിയിരിക്കുകയാണ് ഒരു യുവാവ്. 'ബെംഗളൂരു ട്രാഫിക് എന്നെ കൂടുതൽ ആരോഗ്യവാനാക്കി' എന്ന ഇദ്ദേഹത്തിന്റെ റെഡ്ഡിറ്റ് പോസ്റ്റ് ഇപ്പോൾ ഇന്റർനെറ്റിൽ വൻ ചർച്ചയായിരിക്കുകയാണ്. വലിയ പ്രയത്‌നമൊന്നുമില്ലാതെ തന്നെ താൻ എട്ട് കിലോ ഭാരം കുറച്ചുവെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
വൈറ്റ്ഫീൽഡിൽ നിന്ന് കോറമംഗലയിലേക്കുള്ള ഇദ്ദേഹത്തിന്റെ യാത്ര ദിവസവും ഒന്നര മണിക്കൂറോളം നീളുന്നതായിരുന്നു. ഒരു ദിവസം മൂന്ന് മണിക്കൂറിലധികം റോഡിൽ ചിലവഴിക്കേണ്ടി വന്നതോടെ ജിമ്മിൽ പോകാനോ കൃത്യസമയത്ത് ഭക്ഷണം കഴിക്കാനോ സാധിക്കാത്ത അവസ്ഥയായി. ഓഫീസിലെ സീറ്റിലിരുന്നുള്ള ഭക്ഷണവും വ്യായാമമില്ലായ്മയും മാനസിക സമ്മർദവും ഇദ്ദേഹത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിച്ചു. എന്നാൽ ട്രാഫിക്കിനോട് മല്ലിട്ടു മടുത്തപ്പോൾ യുവാവ് തന്റെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചു.
ആഴ്ചയിൽ മൂന്ന് ദിവസം വർക്ക് ഫ്രം ഹോം തിരഞ്ഞെടുത്ത അദ്ദേഹം, ഭക്ഷണം ഓർഡർ ചെയ്യുന്നതിന് പകരം അടുത്തുള്ള റെസ്റ്റോറന്റുകളിലേക്ക് നടന്നുപോയി കഴിക്കാൻ തുടങ്ങി. പുലർച്ചെ ആറ് മണിക്ക് തന്നെ വീടിനടുത്തുള്ള ജിമ്മിൽ പോകാനും സമയം കണ്ടെത്തി. ട്രാഫിക്കിനെ പഴിക്കുന്നതിന് പകരം ആ സമയം ലാഭിക്കാനുള്ള വഴികൾ കണ്ടെത്തിയതോടെ അപ്രതീക്ഷിത ഫലങ്ങളാണ് ലഭിച്ചത്. തന്റെ ഹൃദയമിടിപ്പ് 82-ൽ നിന്ന് 64-ലേക്ക് കുറഞ്ഞുവെന്നും 25-ാം വയസ്സിലുണ്ടായിരുന്നതിനേക്കാൾ ഫിറ്റ്‌നസ് ഇപ്പോൾ തനിക്കുണ്ടെന്നും അദ്ദേഹം കുറിച്ചു.
സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ട്രാഫിക് അല്ല, മറിച്ച് വർക്ക് ഫ്രം ഹോം നൽകിയ ആശ്വാസമാണ് യുവാവിനെ ആരോഗ്യവാനാക്കിയതെന്ന് പലരും അഭിപ്രായപ്പെട്ടു. ട്രാഫിക് ഒഴിവാക്കി ലഭിച്ച സമയം കൃത്യമായി വിനിയോഗിച്ചതാണ് മാറ്റത്തിന് കാരണമെന്നും, ഇത് വർക്ക് ഫ്രം ഹോം രീതിയുടെ പ്രാധാന്യമാണ് കാണിക്കുന്നതെന്നും കമന്റുകൾ വരുന്നുണ്ട്. എന്തായാലും ബെംഗളൂരു ട്രാഫിക്കിനെ ഇങ്ങനെയും പോസിറ്റീവായി കാണുന്ന ഒരാളുണ്ടല്ലോ എന്ന അത്ഭുതത്തിലാണ് സൈബർ ലോകം.
Adjust Story Font
16
