മരണക്കുറിപ്പും ഒരു കുപ്പി സ്പിരിറ്റും; വീട്ടിനുള്ളിൽ അഴുകിയനിലയിൽ വൃദ്ധസഹോദരിമാരുടെ മൃതദേഹം
സഹോദരിമാർ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും അയൽവാസികളുമായി അധികം സമ്പർക്കമില്ലാതെ ഒറ്റപ്പെട്ടാണ് ജീവിച്ചിരുന്നതെന്നും പ്രദേശവാസികൾ പറയുന്നു

പൻജി: ദക്ഷിണ ഗോവയിലെ കാനക്കോണ ജില്ലയിൽ രണ്ട് വൃദ്ധ സഹോദരിമാരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. രേഖ കാമത്ത് (78), മേധ കാമത്ത് (72) എന്നിവരെയാണ് കാനക്കോണയിലെ മൊഖാർദിലുള്ള വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ച രാത്രി 9.40ഓടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ പഞ്ചായത്ത് വാർഡ് അംഗം രാമു (ധില്ലൻ) നായിക്കും അയൽവാസികളും വീടിന് സമീപത്തേക്ക് എത്തുകയായിരുന്നു. ദുർഗന്ധം കാരണം സംശയം തോന്നിയ ഇവർ കാനക്കോണ പൊലീസിനെയും മരിച്ചവരുടെ ബന്ധുക്കളെയും വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി. വാതിൽ അടച്ചിട്ടിരുന്നെങ്കിലും അകത്തുനിന്ന് പൂട്ടിയിരുന്നില്ല. പൊലീസ് അകത്തുകയറി നടത്തിയ തിരച്ചിലിലാണ് കിടപ്പുമുറിയിലും അടുക്കളയിലുമായി പൂർണമായും ജീർണിച്ച അവസ്ഥയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
സംഭവസ്ഥലത്തുനിന്ന് മരണക്കുറിപ്പും ഒരു കുപ്പി സ്പിരിറ്റും കണ്ടെടുത്തു. തങ്ങളുടെ സംസ്കാരച്ചടങ്ങുകൾക്കായി 15,000 രൂപയിൽ അധികം മാറ്റിവെച്ചിട്ടുണ്ടെന്നും ഈ തുക എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നുമാണ് കുറിപ്പിലുള്ളത്.
പ്രാഥമിക അന്വേഷണത്തിൽ വീടിനുള്ളിലെ സാധന സാമഗ്രികൾക്കൊന്നും മാറ്റം സംഭവിച്ചിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആരെങ്കിലും അതിക്രമിച്ച് അകത്തുകടന്നതിൻ്റെയോ കവർച്ച നടന്നതിൻ്റെയോ ലക്ഷണങ്ങളില്ലെന്ന് പൊലീസ് അറിയിച്ചു.
സഹോദരിമാർ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും അയൽവാസികളുമായി അധികം സമ്പർക്കമില്ലാതെ ഒറ്റപ്പെട്ടാണ് ജീവിച്ചിരുന്നതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
എട്ട് ദിവസം മുമ്പ്, സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുന്ന സർക്കാരിന്റെ പദ്ധതിയെക്കുറിച്ച് സംസാരിക്കാൻ പഞ്ചായത്ത് അംഗം ഇവരെ സന്ദർശിച്ചിരുന്നു. എന്നാൽ ജീവിതം മടുത്തുവെന്നും ഇനി കൂടുതൽ കാലം ജീവിച്ചിരിക്കാൻ താല്പര്യമില്ലെന്നും പറഞ്ഞ് സഹോദരിമാരിലൊരാൾ പദ്ധതി സ്വീകരിക്കാൻ വിസമ്മതിച്ചതായി പൊലീസ് പറഞ്ഞു. വിവാഹിതരാകാത്ത ഇരുവരും വർഷങ്ങളായി ഒരുമിച്ചായിരുന്നു താമസം.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചെങ്കിലും വളരെയധികം അഴുകിയതിനാൽ മരണകാരണം വ്യക്തമാക്കാൻ പൊലീസ് സർജന് സാധിച്ചിട്ടില്ല. രാസപരിശോധനയ്ക്കായി ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ സംസ്‌കാര ചടങ്ങുകൾക്കായി ബന്ധുക്കൾക്ക് വിട്ടുനൽകി.
Adjust Story Font
16

