വെള്ള ബ്ലാങ്കറ്റുകൾ ഇനിയില്ല; എസി കോച്ചുകൾ കളർഫുള്ളാക്കാൻ ഇന്ത്യൻ റെയിൽവേ
ജയ്പൂരിൽ നിന്ന് ആരംഭിച്ച ജയ്പൂർ–അസർവ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് പദ്ധതി അവതരിപ്പിച്ചത്

ഖാതിപുര: എസി കോച്ചുകൾ കളർഫുള്ളാക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. വെളുത്ത നിറത്തിലുള്ള ബ്ലാങ്കറ്റ് കവറുകളും സ്ലീവുകളും മാറ്റി പരമ്പരാഗതവും വർണാഭവുമായവ ഉപയോഗിക്കാനാണ് തീരുമാനം. രാജസ്ഥാനിൽ നിന്നുള്ള സംഗനേരി പ്രിന്റുകൾ ഉപയോഗിച്ചാണ് മാറ്റിസ്ഥാപിക്കുന്നത്.
എസി കോച്ചിൽ യാത്ര ചെയ്യുമ്പോൾ തലയിണയും പുതപ്പും കവറുകളുമടക്കമുള്ള കിറ്റ് ലഭിക്കാറുണ്ട്. എന്നാൽ ഇത് കഴുകുന്നുണ്ടോ എന്ന സംശയം നേരത്തെ ഉയർന്നിരുന്നു. പുതപ്പുകളുടെയും കവറുകളുടെയും ശുചിത്വത്തെ സംബന്ധിച്ച് റെയിൽവേ വിമർശനവും നേരിട്ടു. വെള്ള പുതപ്പ് ഓരോ ഉപയോഗത്തിന് ശേഷവും കഴുകാറുണ്ടെന്നും എന്നാൽ കമ്പിളി പുതപ്പുകൾ മാസത്തിൽ കുറഞ്ഞത് രണ്ട് തവണ മാത്രമാണ് കഴുകാറുള്ളതെന്നും റെയിൽവേ അറിയിച്ചിരുന്നു. കഴുകാവുന്നതും, ഈടുനിൽക്കുന്നതും, കാഴ്ചയിൽ ഭംഗിയുള്ളതുമാണ് പുതിയ കവറുകൾ. യാത്രകാർക്ക് കൂടുതൽ സേവനം ഒരുക്കുക എന്നതാണ് ലക്ഷ്യം.
ജയ്പൂരിൽ നിന്ന് ആരംഭിച്ച ജയ്പൂർ–അസർവ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് പദ്ധതി അവതരിപ്പിച്ചത്. പദ്ധതി വിജയം കണ്ടാൽ കൂടുതൽ ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കും. ദീർഘകാലം നിലനിൽക്കുന്ന പ്രിന്റുകളും ഈടും കണക്കിലെടുത്താണ് ഡിസൈനുകൾ തിരഞ്ഞെടുത്തത്. പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നിർവഹിച്ചു. രാജസ്ഥാനിലെ 65 റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്കുള്ള വിവിധ സൗകര്യങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
Adjust Story Font
16

