Quantcast

‘ആദിവാസികൾക്കും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാൻ അവകാശമുണ്ട്’; ഘർവാപസി പരാമർശത്തിൽ മോഹൻ ഭഗവതിനെതിരെ സിആർഐ

‘ക്രിസ്ത്യാനികൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും എതിരായ വിദ്വേഷം ഭഗവതും കൂട്ടരും ഉടൻ അവസാനിപ്പിക്കണം’

MediaOne Logo

Web Desk

  • Updated:

    2025-01-17 13:09:45.0

Published:

17 Jan 2025 3:40 PM IST

mohan bhagawat
X

ന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹാൻ ഭഗവതിന്റെ ഘർവാപസി സംബന്ധിച്ച പ്രസ്താവനക്കെതിരെ കോൺഫറൻസ് ഓഫ് റിലീജിയസ് ഇന്ത്യ. രാജ്യം നേരിടുന്ന യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കമാണിത്. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അവകാശങ്ങളെയും മൂല്യങ്ങളെയും വിലമതിക്കുന്നവർക്ക് ഉൾക്കൊള്ളാനാവാത്ത പ്രസ്താവനയാണിതെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.

സംഘ്പരിവാറിന്റെ 'ഘർ വാപസി' പദ്ധതിയെ മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജി പ്രകീർത്തിച്ചിരുന്നുവെന്നാണ് മോഹൻ ഭഗവത് പറഞ്ഞത്. ഹിന്ദുമതത്തിലേക്ക് ആളുകളെ തിരിച്ചുകൊണ്ടുവരാനുള്ള ഇത്തരം പരിപാടിയുണ്ടായിരുന്നില്ലെങ്കിൽ ആദിവാസികളിൽ ഒരു വിഭാഗം ദേശദ്രോഹികളായി മാറുമായിരുന്നുവെന്നും കോൺഗ്രസ് നേതാവ് അഭിപ്രായപ്പെട്ടതായും ഭഗവത് പറഞ്ഞു.

എന്നാൽ, മുൻ ​ഇന്ത്യൻ പ്രസിഡന്റിനെ ഉദ്ധരിച്ചുകൊണ്ടുള്ള ഈ പ്രസ്താവനയിൽ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽനിന്നും വലിയ പ്രതിഷേധമുണ്ടെന്ന് കോൺഫറൻസ് ഓഫ് റിലീജിയസ് ഇന്ത്യ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഈ എതിർപ്പിന് നിരവധി വ്യക്തമായ കാരണങ്ങളുണ്ട്. 2012 മുതൽ 2017 വരെ പ്രണബ് മുഖർജി ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു. ഈ ഘട്ടത്തിൽ ഒരിക്കൽ പോലും അദ്ദേഹം പൊതുപ്രസംഗങ്ങളിൽ ഘർവാപസിയെക്കുറിച്ച് പരാമർശിച്ചിട്ടില്ല. രാജ്യത്തിന്റെ ഭരണഘടനാ തലവൻ എന്ന നിലയിൽ അദ്ദേഹത്തിന് അങ്ങനെ ചെയ്യാനുള്ള അവകാശമുണ്ട്. ഇനി മോഹൻ ഭഗവതുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയിലാണ് അത് പറഞ്ഞതെങ്കിൽ ഇപ്പോൾ എങ്ങനെയാണ് അത് പരസ്യമാകുന്നത്. 2020ലാണ് മുഖർജി മരിക്കുന്നത്.

ആദിവാസികൾക്കും ഗോത്രവിഭാഗങ്ങൾക്കുമെല്ലാം അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. അവരിൽ അധികപേരും പ്രകൃതിയെ ആരാധിക്കുന്നവരാണ്. അവരെ ‘ഘർവാപസി’ നടത്തി ഹിന്ദു മതത്തിലേക്ക് കൊണ്ടുവരുന്നത് അവരുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും നേരെയുള്ള അപമാനവും അവഹേളനവുമാണ്.

ഭരണഘടനയിലെ ആർട്ടിക്കിൾ 25 പ്രകാരം ഇന്ത്യയിലെ ഓരോ പൗരനും തന്റെ വിശ്വാസം സ്വതന്ത്രമായി പ്രഖ്യാപിക്കാനും അനുവർത്തിക്കാനും പ്രചരിപ്പിക്കാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനുമുള്ള ഉറപ്പ് നൽകുന്നുണ്ട്. മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ ആർട്ടിക്കിൾ 25ഉം ഇത് തന്നെയാണ് ഊന്നിപ്പറയുന്നത്. ആദിവാസികൾക്കും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും സ്വീകരിക്കാനും അവകാശമുണ്ട്. ദേശവിരുദ്ധരെ ക്രിസ്ത്യാനികളുമായി തുലനം ചെയ്യുന്നത് തീർത്തും നിർവികാരമാണെന്ന് മാത്രമല്ല, രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ ധാർമികതയുടെ കടുത്ത ലംഘനവുമാണ്.

ആരാണ് രാജ്യത്തിന്റെ യഥാർഥ ​‘ദേശ വിരുദ്ധർ’ എന്നതിൽ ഭഗവതും കൂട്ടരും ഗൗരവതരമായ അന്വേഷണം നടത്തണം. ക്രിസ്ത്യാനികൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും എതിരായ ഈ വിദ്വേഷവും അക്രമാസക്തമായ പ്രസ്താവനകളും ഭഗവതും കൂട്ടരും ഉടൻ അവസാനിപ്പിക്കണമെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി.



TAGS :

Next Story