'തമിഴ്നാട്ടിലെ തെരുവുകളിൽ നിന്ന് ജാതിപ്പേരുകൾ നീക്കം ചെയ്യണം'; നിര്‍ദേശവുമായി എം.കെ സ്റ്റാലിൻ
ആദിദ്രാവിദാർ കോളനി, ഹരിജൻ കോളനി, വണ്ണംകുളം, പറയർ സ്ട്രീറ്റ്, ചക്കിലിയാർ ശാലൈ എന്നിവയുൾപ്പെടെയുള്ള ചില പേരുകൾ പുനർനാമകരണം ചെയ്യണം

എം.കെ സ്റ്റാലിൻ Photo| IANS
ചെന്നൈ: തമിഴ്‌നാട്ടിലെ പൊതു ഇടങ്ങൾ റോഡുകൾ, തെരുവുകൾ എന്നിവയുടെ പേരുകളിൽ നിന്നും ജാതിപ്പേരുകൾ നീക്കം ചെയ്യണമെന്ന നിര്‍ദേശവുമായി സ്റ്റാലിൻ സര്‍ക്കാര്‍. നവംബർ 19-നകം ഇത്തരം എല്ലാ പേരുകളും മാറ്റി പുതിയവ സ്ഥാപിക്കണമെന്നാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ജില്ലാ ഭരണകൂടങ്ങൾക്ക് നൽകിയിരിക്കുന്ന നിര്‍ദേശം.
കോളനി എന്ന പദം അടിച്ചമര്‍ത്തലിന്‍റെയും തൊട്ടുകൂടായ്മയുടെയും പ്രതീകമാണെന്നും ഔദ്യോഗിക രേഖകളിൽ നിന്നും പൊതു ഉപയോഗത്തിൽ നിന്നും നീക്കം ചെയ്യുമെന്ന് ഏപ്രിൽ 29 ന് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിന് അനുസൃതമായാണ് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇതനുസരിച്ച് നിലവിലുള്ള റോഡുകൾ, തെരുവുകൾ, താമസസ്ഥലങ്ങൾ, ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ അല്ലെങ്കിൽ ജലാശയങ്ങൾ എന്നിവയുടെ പേരുകൾ ഒരു പ്രത്യേക സമൂഹത്തെ അപമാനിക്കുന്നതാണോ എന്ന് നിർണയിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിശദമായ വിലയിരുത്തൽ നടത്തണം. ഗ്രാമപഞ്ചായത്തുകളിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാർ, ടൗൺ പഞ്ചായത്തുകളിലെ എക്സിക്യൂട്ടീവ് ഓഫീസർമാർ, മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും കമ്മീഷണർമാർ എന്നിവരുടെ മേൽനോട്ടത്തിലായിരിക്കണം ഈ പ്രക്രിയ നടത്തേണ്ടത്.
ആദിദ്രാവിദാർ കോളനി, ഹരിജൻ കോളനി, വണ്ണംകുളം, പറയർ സ്ട്രീറ്റ്, ചക്കിലിയാർ ശാലൈ എന്നിവയുൾപ്പെടെയുള്ള ചില പേരുകൾ പുനർനാമകരണം ചെയ്യണം. പേരുകൾ മാറ്റുകയോ പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യുമ്പോൾ പ്രാദേശിക ജനസമൂഹത്തിന്‍റെ വികാരങ്ങൾ മാനിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അതേസമയം, കലൈഞ്ജർ, കാമരാജർ, മഹാത്മാഗാന്ധി, വീരമാമുനിവർ, തന്തൈ പെരിയാർ തുടങ്ങിയ മഹത് വ്യക്തികളുടെ പേരുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും നിർദേശമുണ്ട്.
കുളങ്ങൾക്ക് പൂക്കളുടെ പേരുകളും തെരുവുകൾക്കും റോഡുകൾക്കും സന്യാസി കവികൾ, പണ്ഡിതന്മാർ, നേതാക്കൾ എന്നിവരുടെ പേരുകളും ഉപയോഗിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇങ്ങനെ പുനര്‍നാമകരണം ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം ഡിഎംകെ സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ കേന്ദ്രമന്ത്രി എൽ. മുരുകൻ രംഗത്തെത്തി. സംസ്ഥാനത്ത് ആഴത്തിൽ വേരൂന്നിയ ജാതി അതിക്രമങ്ങളെ അവഗണിച്ചുകൊണ്ട് ഡിഎംകെ സർക്കാർ സൗന്ദര്യവർദ്ധക സാമൂഹിക നീതിയിൽ മുഴുകുകയാണെന്ന് മുരുകൻ വിമര്‍ശിച്ചു. തമിഴ്‌നാട്ടിലെ എല്ലാ പൊതുസ്ഥലങ്ങളിലും തന്റെ പിതാവിന്റെ പേര് ഉണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സ്റ്റാലിന്റെ മറഞ്ഞിരിക്കുന്ന അജണ്ട എന്ന് അദ്ദേഹം ആരോപിച്ചു. തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും തൊട്ടുകൂടായ്മയും സാമൂഹിക വിവേചനവും തുടരുകയാണ്. ജാതി അടിസ്ഥാനമാക്കിയുള്ള അക്രമങ്ങളുടെയും വിവേചനത്തിന്റെയും നിരവധി സംഭവങ്ങൾ ഉദ്ധരിച്ച്, സർക്കാർ നിർണായകമായി പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മുരുകൻ ചൂണ്ടിക്കാട്ടി.
Adjust Story Font
16

