Quantcast

തൃണമൂൽ എം.പി ഡെറിക് ഒബ്രിയനെ രാജ്യസഭയില്‍നിന്ന് സസ്‌പെൻഡ് ചെയ്തു; പ്രതിഷേധവുമായി പ്രതിപക്ഷം

നേരത്തെ ആംആദ്മി പാർട്ടിയുടെ ഏക ലോക്സഭാ എം.പി സുശീൽകുമാർ റിങ്കുവിനെയും രാജ്യസഭാംഗം സഞ്ജയ് സിങ്ങിനെയും പാർലമെന്റിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-08-08 07:11:57.0

Published:

8 Aug 2023 7:06 AM GMT

TrinamoolCongress, DerekOBrien, RajyaSabha, DerekOBriensuspension, JagdeepDhankhar
X

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, ഡെറിക് ഒബ്രിയന്‍

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയനു രാജ്യസഭയിൽനിന്ന് സസ്‌പെൻഷൻ. സഭാധ്യക്ഷന്റെ നിർദേശം അവഗണിച്ചെന്ന് ആരോപിച്ചാണു നടപടി. മോശം പെരുമാറ്റവും നടപടിക്കു കാരണമായി ഉപരാഷ്ട്രപതിയും സഭാധ്യക്ഷനുമായ ജഗ്ദീപ് ധൻഖർ ഉന്നയിച്ചു.

ഇന്നലെ ഡൽഹി ബില്ലിനുമേലുള്ള ചർച്ചയ്ക്കിടെയായിരുന്നു ഡെറികിനെതിരായ നടപടിക്കു കാരണമായി പറയുന്ന സംഭവങ്ങൾ നടന്നത്. സഭയിൽ ശ്രദ്ധ ലഭിക്കാൻ വേണ്ടി ഡെറിക് നാടകം കളിക്കുകയാണെന്ന് ഉപരാഷ്ട്രപതി ആരോപിച്ചിരുന്നു. തൃണമൂൽ എം.പിക്കെതിരെ ധൻഖർ രോഷാകുലനാകുകയും ചെയ്തിരുന്നു.

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് പ്രസംഗത്തിൽ ഡെറിക് ഒബ്രിയൻ അഴിച്ചുവിട്ടിരുന്നത്. പ്രസംഗം നീണ്ടതോടെ ഉപരാഷ്ട്രപതി ഇടപെട്ടെങ്കിലും അടങ്ങിയില്ല. പ്രസംഗം തുടർന്നു മുന്നോട്ടുപോയതോടെയാണു സഭാധ്യക്ഷൻ രോഷാകുലനായത്. ഇതു സ്ഥിരംപരിപാടിയാണെന്നും പുറത്ത് ശ്രദ്ധനേടാനാണു സഭയിൽ നാടകം കളിക്കുന്നതെന്നും ധൻഖർ തുടർന്നു.

ശേഷിക്കുന്ന വർഷകാല സമ്മേളനത്തിൽ പങ്കെടുക്കാൻ ഡെറിക് ഒബ്രിയനു കഴിയില്ല. അതേസമയം, സസ്‌പെൻഷനിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സസ്‌പെൻഷൻ പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.

നേരത്തെ ആംആദ്മി പാർട്ടിയുടെ ഏക ലോക്സഭാ എം.പിയായ സുശീൽകുമാർ റിങ്കുവിനെയും രാജ്യസഭാംഗം സഞ്ജയ് സിങ്ങിനെയും പാർലമെന്റിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സഭയുടെ നടുത്തളത്തിൽ ഇറങ്ങി പേപ്പർ കീറിയെറിഞ്ഞതിനാണ് സുശീലിനെതിരെ നടപടി. മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് സഭയ്ക്കകത്ത് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു സഞ്ജയ് സിങ്ങിനെ സസ്‌പെൻഡ് ചെയ്തത്.

Summary: Trinamool Congress leader Derek O'Brien has been suspended from the Rajya Sabha

TAGS :

Next Story