Quantcast

മുർശിദാബാദിൽ ബാബരി മസ്ജിദ് നിർമിക്കുമെന്ന പ്രസ്താവന; തൃണമൂൽ കോൺഗ്രസ് എംഎൽഎക്ക് സസ്‌പെൻഷൻ

മുർശിദാബാദിലെ ഭരത്പൂരിൽ നിന്നുള്ള എംഎൽഎയാണ് ഹുമയൂൺ കബീർ

MediaOne Logo

Web Desk

  • Published:

    4 Dec 2025 2:03 PM IST

മുർശിദാബാദിൽ ബാബരി മസ്ജിദ് നിർമിക്കുമെന്ന പ്രസ്താവന; തൃണമൂൽ കോൺഗ്രസ് എംഎൽഎക്ക് സസ്‌പെൻഷൻ
X

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർശിദാബാദിൽ ബാബരി മസ്ജിദിന്റെ മാതൃകയിൽ പള്ളി നിർമിക്കുമെന്ന് പ്രഖ്യാപിച്ച ഹുമയൂൺ കബീർ എംഎൽഎയെ തൃണമൂൽ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു. ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് എംഎൽഎക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കൊൽക്കത്ത മേയർ ഫിർഹാദ് പറഞ്ഞു.

''മുർശിദാബാദിൽ നിന്നുള്ള ഞങ്ങളുടെ ഒരു എംഎൽഎ ബാബരി മസ്ജിദ് നിർമിക്കുമെന്ന് പ്രഖ്യാപിച്ചത് ശ്രദ്ധയിൽപ്പെട്ടു. എന്തുകൊണ്ടാണ് പെട്ടെന്ന് ഒരു ബാബരി മസ്ജിദ്? ഞങ്ങൾ നേരത്തെ തന്നെ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഞങ്ങൾ മതേതര ആശയത്തിൽ വിശ്വസിക്കുന്നവരാണ്. പാർട്ടി തീരുമാനപ്രകാരം ഹുമയൂൺ കബീറിനെ ഞങ്ങൾ സസ്‌പെൻഡ് ചെയ്തു''- മേയർ ഫിർഹാദ് പറഞ്ഞു.

ഡിസംബർ ആറിന് ബെൽദംഗയിൽ പള്ളിയുടെ തറക്കല്ലിടൽ കർമം നടത്തുമെന്ന് കബീർ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച തൃണമൂൽ വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമെന്നും ബാബരി മസ്ജിദിന്റെ മാതൃകയിലുള്ള പള്ളിയുടെ നിർമാണവുമായി മുന്നോട്ടുപോകുമെന്നും ഹുമയൂൺ കബീറുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

വിഭാഗീയ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നത് ബിജെപിയുടെ നയമാണെന്നും കൊൽക്കത്ത മേയർ പറഞ്ഞു. എന്തുകൊണ്ടാണ് ഡിസംബർ ആറ് തന്നെ തിരഞ്ഞെടുത്തത്? എന്തുകൊണ്ടാണ് കബീർ മറ്റൊരു പേര് തിരഞ്ഞെടുക്കാത്തത്? മുർശിദാബാദിൽ അദ്ദേഹത്തിന് ഒരു കോളജോ സ്‌കൂളോ നിർമിച്ചുകൂടേ? ബംഗാളിനെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനുള്ള ബിജെപി അജണ്ടയുടെ ഭാഗമാണിത്. ബിജെപി വിഭജന രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നത്. ഈ രാഷ്ട്രീയത്തിലേക്ക് കബീറും മാറിയെന്നാണ് താൻ കരുതുന്നതെന്ന് ഫിർഹാദ് പറഞ്ഞു.

ഹുമയൂൺ കബീറിന്റെ പ്രസ്താവനക്കെതിരെ ഗവർണർ സി.വി ആനന്ദബോസും ബിജെപിയും രംഗത്തെത്തിയിരുന്നു. വർഗീയ സംഘർഷത്തിന് ശ്രമിക്കുന്ന കബീറിനെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്നായിരുന്നു ഗവർണറുടെ ചോദ്യം. ബിജെപി വക്താവ് പ്രതുൽ ഷായും വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു. ബാബർ, അക്ബർ, ഷാജഹാൻ, ഔറംഗസീബ് തുടങ്ങിയ ആരുടെയെങ്കിലും പേരിൽ സ്മാരകം പണിതാൽ ബാബരി മസ്ജിദിന് എതിരെ ഉയർന്ന സമാനമായ തർക്കം നേരിടേണ്ടിവരുമെന്നും പ്രതുൽ പറഞ്ഞിരുന്നു.

TAGS :

Next Story