ഇന്ത്യൻ പ്രതിനിധി സംഘത്തിനൊപ്പം തൃണമൂൽ ഉണ്ടാകില്ല; യൂസുഫ് പത്താനെ പിൻവലിച്ച് മമതാ ബാനർജി
നേതൃത്വവുമായി കൂടിയാലോചിക്കാതെ എംപിമാരെ തെരഞ്ഞടുക്കുന്ന കേന്ദ്രത്തിന്റെ നിലപാടിനോട് മമത ബാനർജിയുടെ പാർട്ടിക്ക് വിയോജിപ്പുണ്ടായിരുന്നു

ന്യൂഡൽഹി: പാകിസ്താന്റെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയത്തെക്കുറിച്ച് ലോക രാജ്യങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഇന്ത്യ അയക്കുന്ന പ്രതിനിധി സംഘത്തിൽ യൂസുഫ് പത്താനോ മറ്റ് എംപിമാരോ പങ്കെടുക്കില്ലെന്ന് സർക്കാരിനെ അറിയിച്ച് തൃണമൂൽ കോൺഗ്രസ്. നേതൃത്വവുമായി കൂടിയാലോചിക്കാതെ എംപിമാരെ തെരഞ്ഞടുക്കുന്ന കേന്ദ്രത്തിന്റെ നിലപാടിനോട് മമത ബാനർജിയുടെ പാർട്ടിക്ക് വിയോജിപ്പുണ്ടായിരുന്നു. കൂടാതെ പഹൽഗാം ഭീരാക്രമണത്തിന് ശേഷം നടത്തുന്ന ആഗോള സന്ദർശനത്തിന്റെ ഭാഗമാകേണ്ടതില്ല എന്ന് പാർട്ടി തീരുമാനിച്ചതായും വൃത്തങ്ങൾ വ്യക്തമാക്കി.
ആരോഗ്യ കാരണങ്ങളാൽ പ്രതിനിധി സംഘത്തിൽ ചേരാൻ കഴിയില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ലോക്സഭ അംഗവുമായ സുദീപ് ബന്ധ്യോപാധ്യായ അറിയിച്ചതിനെതുടർന്നാണ് മുർഷിദാബാദ് എംപിയായ യൂസുഫ് പത്താനെ കേന്ദ്രം സംഘത്തിലേക്ക് തെരഞ്ഞെടുത്തത്. എന്നാൽ പാർട്ടിയുമായി കൂടിയാലോചിക്കാതെയാണ് കേന്ദ്രം തീരുമാനമെടുത്തതെന്ന് തൃണമൂൽ ആരോപിച്ചു.
ഇന്ത്യോനേഷ്യ, മലേഷ്യ, സൗത്ത് കൊറിയ, സിങ്കപ്പൂർ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്ന ജെഡിയു എംപി സജ്ഞയ് ഝാ യുടെ സംഘത്തിലേക്കാണ് യൂസുഫ് പത്താനെ തെരഞ്ഞെടുത്തത്. ജോൺ ബ്രിട്ടാസ്, സൽമാൻ ഖുർഷിദ്, ബ്രിജ് ലാൽ എന്നിവരടങ്ങുന്ന ഒൻപതംഗ സംഘം മേയ് 21ന് ജപ്പാനിലേക്ക് തിരിക്കേണ്ടതായിരുന്നു.
ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള മോദി സർക്കാരിന്റെ നീക്കമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. നേരത്തെ കോൺഗ്രസും സർക്കാരിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. പാർട്ടി നൽകിയ നാലു പേരിൽ മൂന്നു പേരെ തള്ളിയതും പാർട്ടി ഉൾപ്പെടുത്താത്ത നാലു പേരെ തെരഞ്ഞെടുത്തതുമാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. നേതൃത്വത്തെ സമീപിക്കുന്നതിന് മുമ്പ് തന്നെ കേന്ദ്രം ആളുകളെ തെരഞ്ഞെടുത്തിരുന്നതായും ആരോപണമുണ്ട്.
മുതിർന്ന നയതന്ത്രജ്ഞരടക്കം ഉൾപ്പെടുന്ന 59 അംഗ സംഘമാണ് 32 രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ളത്.
Adjust Story Font
16

