Quantcast

ത്രിപുരയിൽ ബി.ജെ.പിക്ക് ഷോക്ക്; എട്ടാമത്തെ എം.എൽ.എയും മുന്നണി വിട്ടു

കഴിഞ്ഞ ഒരു വർഷത്തിനിടെ ത്രിപുരയിൽ ബി.ജെ.പി വിടുന്ന അഞ്ചാമത്തെ എം.എൽ.എയാണ് ദിബാചന്ദ്ര

MediaOne Logo

Web Desk

  • Published:

    29 Dec 2022 1:26 PM GMT

ത്രിപുരയിൽ ബി.ജെ.പിക്ക് ഷോക്ക്; എട്ടാമത്തെ എം.എൽ.എയും മുന്നണി വിട്ടു
X

അഗർത്തല: ത്രിപുരയിൽ ബി.ജെ.പി സർക്കാരിന് കനത്ത തിരിച്ചടിയായി എം.എൽ.എമാരുടെ കൊഴിഞ്ഞുപോക്ക്. ബി.ജെ.പി എം.എൽ.എ ദിബാചന്ദ്ര ഹൃാങ്ക്കൗൾ ആണ് ഒടുവിൽ പാർട്ടി വിട്ടിരിക്കുന്നത്. ഒരു വർഷത്തിനിടെ മുന്നണി വിടുന്ന എട്ടാമത്തെ എം.എൽ.എയാണിത്.

ദിബാചന്ദ്ര കോൺഗ്രസിൽ ചേരുമെന്നാണ് പുറത്തുവരുന്ന വിവരം. മൂന്നു തവണ കോൺഗ്രസ് എം.എൽ.എയായിരുന്ന 67കാരൻ 2018 നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് ബി.ജെ.പിയിലേക്ക് കൂടുമാറുന്നത്. സിറ്റിങ് സീറ്റായ ധലായ് ജില്ലയിലെ കരംചേരയിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ആശിഷ് സാഹ, കോൺഗ്രസ് യുവനേതാവ് ബാപ്തു ചക്രവർത്തി, പാർട്ടി വക്താവ് പ്രശാന്ത ഭട്ടാചാര്യ എന്നിവർക്കൊപ്പമെത്തിയാണ് ദിബാചന്ദ്ര രാജി സമർപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചത്. കോൺഗ്രസിലേക്ക് തിരിച്ചുപോകുമോ എന്ന ചോദ്യത്തിന് വരുംദിവസങ്ങളിൽ അറിയാമെന്നായിരുന്നു മറുപടി.

ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ മന്ത്രി സുദീപ് റോയ് ബർമനുമായി അടുത്ത ബന്ധമുള്ളയാളാണ് ദിബാചന്ദ്ര. ഇരുവരും ചേർന്നായിരുന്നു മുൻ ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബിനെ സ്ഥാനത്തുനിന്ന് മാറ്റാൻ ഡൽഹിയിലെത്തി പാർട്ടി നേതൃത്വത്തിൽ സമ്മർദം ചെലുത്തിയത്.

പ്രായാധിക്യത്തെ തുടർന്നാകും ദിബാചന്ദ്രയുടെ രാജിയെന്നാണ് ബി.ജെ.പി വക്താവ് സുബ്രതാ ചക്രവർത്തി പ്രതികരിച്ചത്. പാർട്ടിയുടെ ഭാവിയെ രാജി ബാധിക്കില്ല. ഏതെങ്കിലും വ്യക്തിയെ ആശ്രയിച്ചല്ല പാർട്ടിയുടെ പ്രവർത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു മാസം മുൻപാണ് മന്ത്രിയും ബി.ജെ.പി സഖ്യകക്ഷി പീപ്പിൾസ് ഫ്രന്റ് ഓഫ് ത്രിപുര(ഐ.പി.എഫ്.ടി) സഖ്യകക്ഷിയുമായ മേവാർ കുമാർ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും പാർട്ടി വിടുകയും ചെയ്തത്. പുതിയ സർക്കാർ അധികാരമേറ്റ ശേഷം കൂടുമാറിയ എം.എൽ.എമാരിൽ അഞ്ചുപേരും ബി.ജെ.പി അംഗങ്ങളാണ്.

ഐ.പി.എഫ്.ടി നേതാവ് സിംന ബൃശ്വകേതു ദെബ്ബർമായാണ് ആദ്യമായി മുന്നണി വിടുന്ന എം.എൽ.എ. പാർട്ടിയുടെ മുഖ്യവൈരികളായ ടി.ഐ.പി.ആർ.എ മോതയിലാണ് സിംന ചേർന്നത്. തൊട്ടുപിന്നാലെ രാജിവച്ച ബി.ജെ.പി എം.എൽ.എ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പിന്നീട് തൃണമൂലും വിട്ട് കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെയുടെ ആർ.പി.ഐയിൽ ചേരുകയായിരുന്നു.

60 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 33 അംഗങ്ങളുണ്ട്. ഐ.പി.എഫ്.ടിക്ക് അഞ്ചും. പ്രതിപക്ഷത്ത് സി.പി.എമ്മിന് 15ഉം ടി.ഐ.പി.ആർ.എയ്ക്ക് രണ്ടും കോൺഗ്രസിന് ഒന്നും സീറ്റാണുള്ളത്.

Summary: Diba Chandra Hrangkhawl, eighth MLA leaves Tripura BJP-led coalition

TAGS :

Next Story