'ട്രംപ് ഒരു തെറ്റും ചെയ്തിട്ടില്ല, അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ട്'; ന്യായീകരിച്ച് ഹരിയാന മന്ത്രി
104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തിയതിന് പിന്നാലെയാണ് വിജിൻ്റെ പരാമർശം

ചണ്ഡീഗഡ്: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അനധികൃതമായി തങ്ങളുടെ പ്രദേശത്ത് പ്രവേശിക്കുന്നവരെ പുറത്താക്കാൻ ഒരു രാജ്യത്തിന് എല്ലാ അവകാശമുണ്ടെന്നും ഹരിയാന മന്ത്രി അനിൽ വിജ്. ബുധനാഴ്ച വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പരാമർശം.
"ഒരാൾ അനധികൃതമായി മറ്റൊരു രാജ്യത്തേക്ക് പോയാൽ, അവരെ പുറത്താക്കാൻ ആ രാജ്യത്തിന് എല്ലാ അവകാശവുമുണ്ട്. ട്രംപ് ഒരു തെറ്റും ചെയ്തിട്ടില്ല," വിജ് കൂട്ടിച്ചേര്‍ത്തു. "ഇതിൽ നിന്ന് ഒരു കാര്യം മനസിലാക്കണം. ലക്ഷക്കണക്കിന് ആളുകൾ ഈ രാജ്യത്ത് നിയമവിരുദ്ധമായാണ് താമസിക്കുന്നത്. അവർ മറ്റെവിടെയോ ജനിച്ചവരാണ്, പക്ഷേ ഞങ്ങൾ അവർക്ക് ഭക്ഷണം നൽകുന്നു. അവരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കണം," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച അമൃത്‌സർ വിമാനത്താവളത്തിലെത്തിയ 104 നാടുകടത്തപ്പെട്ടവരിൽ 33 പേർ ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നും 30 പേർ പഞ്ചാബിൽ നിന്നും 3 പേർ മഹാരാഷ്ട്ര, ഉത്തർപ്രദേശിൽ നിന്നും 3 പേർ വീതവും ചണ്ഡീഗഡിൽ നിന്നുള്ള രണ്ടുപേരുമാണ്. ഇന്ത്യാക്കാരെ നാടുകടത്തുന്നതിനെക്കുറിച്ച് തന്‍റെ സുഹൃത്ത് കൂടിയായ ട്രംപിനോട് സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പഞ്ചാബ് മന്ത്രി കുല്‍ദിപ് സിങ് ധലിവാൾ ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16