കരൂർ ദുരന്തം: വിജയ്‌ക്കെതിരെ സിബിഐ മനപ്പൂർവമല്ലാത്ത നരഹത്യാവകുപ്പ് ചുമത്തി കേസെടുത്തേക്കും
ദുരന്തത്തിൽ പ്രാദേശിക ഭരണകൂടത്തിന് വീഴ്ച പറ്റിയെന്നാണ് വിജയ് ആവർത്തിക്കുന്നത്

- Published:
19 Jan 2026 10:01 PM IST

ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ(തമിഴ് വെട്രി കഴകം) അധ്യക്ഷൻ വിജയ്‌യുടെ മൊഴിയെടുപ്പ് പൂർത്തിയായി. റാലിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് ടിവികെ അറിയിച്ചില്ലെന്ന് വിജയിക്കെതിരെ തമിഴ്നാട് പൊലീസ് മൊഴി നൽകി. അതേസമയം വിജയ്ക്കെതിരെ സിബിഐ മനപ്പൂർവ്വമല്ലാത്ത നരഹത്യാ വകുപ്പ് ചുമത്തി കേസെടുത്തേക്കും. സംഭവത്തിൽ അടുത്ത മാസമാകും കുറ്റപാത്രം സമർപ്പിക്കുക.
ഇന്ന് അഞ്ച് മണിക്കൂറിൽ അധികമാണ് വിജയ്‌യുടെ മൊഴിയെടുപ്പ് നീണ്ടത്. നേരത്തെ നൽകിയ മൊഴികളിൽ കൂടുതൽ വ്യക്തത തേടിയാണ് വിജയ്‌യെ വീണ്ടും സിബിഐ വിളിച്ചു വരുത്തിയത്. റാലിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകും എന്ന് ടിവികെ മുൻകൂട്ടി അറിയിച്ചില്ല എന്നാണ് തമിഴ്നാട് പൊലീസിന്റെ മൊഴി. കഴിഞ്ഞ തിങ്കളാഴ്ച സായുധ പൊലീസ് ഡിജിപി ഡേവിഡ്‌സൺ ദേവാശിർവ്വതം, വിജയ്ക്കും ടിവികെക്കും എതിരെ മൊഴി നൽകിയിരുന്നു.
30000 പേർ അവിടേക്ക് എത്തിയതാണ് അപകടത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്ന് എന്നും തമിഴ്നാട് പൊലീസ് മൊഴി നൽകി. ഇക്കാര്യങ്ങളിൽ സിബിഐ ഇന്ന് കൂടുതൽ വ്യക്തത വരുത്തി. കേസിൽ ടിവികെ പാർട്ടി നേതാക്കൾ നൽകിയ മൊഴിയും വിജയിയുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യം ഉണ്ടോ എന്നും സിബിഐ പരിശോധിക്കും. കരൂർ വേദിയിൽ ഏഴുമണിക്കൂർ വൈകിയത് കാരണം എന്താണ്? അപകടം തിരിച്ചറിഞ്ഞിട്ടും പ്രസംഗം തുടർന്നത് എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളിൽ ടിവിക്ക് നേതാക്കളുടെയും വിജയുടെയും മൊഴികളിൽ വൈരുദ്ധ്യം എന്നാണ് റിപ്പോർട്ട്.
അതേസമയം ദുരന്തത്തിൽ പ്രാദേശിക ഭരണകൂടത്തിന് വീഴ്ച പറ്റിയെന്നാണ് വിജയ് ആവർത്തിക്കുന്നത്. സുപ്രിംകോടതിയുടെ ഇടപെടലിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സിബിഐക്ക് വിട്ടത്. വിജയ്‌യെ ചോദ്യം ചെയ്യുന്നതിനെതിരെ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ വിമർശനങ്ങളും സമ്മർദ്ദ തന്ത്രമെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
Adjust Story Font
16
