കരൂർ ദുരന്തത്തിൽ ടിവികെ നേതാക്കൾ റിമാൻഡിൽ; ഒളിവിലുള്ളവർക്കായി അന്വേഷണം
വലിയ വാദപ്രതിവാദങ്ങളാണ് ഇന്ന് കോടതിയിൽ നടന്നത്.

Photo | MediaOne
ചെന്നൈ: കരൂർ ദുരന്തത്തിൽ പിടിയിലായ തമിഴക വെട്രി കഴകം (ടിവികെ) നേതാക്കൾ റിമാൻഡിൽ. മതിയഴകൻ, പൗൺ രാജ് എന്നിവരെ കരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറിയുൾപ്പെടെയുള്ള നേതാക്കൾ ഒളിവിലാണ്. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
പരിപാടിക്ക് അനുമതി തേടി നൽകിയ അപേക്ഷയിൽ ഒപ്പിട്ട ആളാണ് പൗൺ രാജ്. വലിയ വാദപ്രതിവാദങ്ങളാണ് ഇന്ന് കോടതിയിൽ നടന്നത്. തങ്ങൾ പൊലീസിനോട് കാര്യങ്ങളെല്ലാം വിശദീകരിച്ചതാണെന്നും എന്നാൽ വേണ്ട സുരക്ഷയൊരുക്കിയില്ലെന്നും ടിവികെ നേതാക്കൾ കോടതിയിൽ പറഞ്ഞു. എന്നാൽ പൊലീസ് നൽകിയ 11 നിർദേശങ്ങൾ ടിവികെ പാലിച്ചില്ലെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കേസുകൾ ചേർത്താണ് നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒളിവിലുള്ള നേതാക്കൾക്കായി ത്രിച്ചിയിൽ പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ നടത്തിയിരുന്നു. ഡിഎംകെ നേതാക്കൾ അട്ടിമറി നടത്തിയെന്ന ആരോപണവും ടിവികെ ഉന്നയിക്കുന്നുണ്ട്.
അതേസമയം, ദുരന്തത്തിന് കാരണം മുന്‍ മന്ത്രിയും കരൂര്‍ എംഎല്‍എയുമായ സെന്തിൽ ബാലാജിയാണെന്ന് എഴുതിവച്ച് ടിവികെ പ്രദേശിക നേതാവ് ആത്മഹത്യ ചെയ്തിരുന്നു. വീർപ്പട്ട് വില്ലേജ് സെക്രട്ടറി അയ്യപ്പനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനിടെ, അപകടവുമായി ബന്ധപ്പെട്ട് നടൻ വിജയ്‌യെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പോസ്റ്ററുകളും ഉയർന്നിരുന്നു.
ദുരന്തത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. ദുരന്തത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്നാണ് ടിവികെ വാദം. കഴിഞ്ഞദിവസം രാത്രിയാണ് കരൂറിൽ രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേരാണ് മരിച്ചത്.
Adjust Story Font
16

