Quantcast

കമൽ ഹാസനും മക്കൾ നീതി മയ്യവും, ഒന്നും നേടാതെ രാഹുൽ പുറത്ത്: അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻടിംഗ്‌സ്...

സ്വകാര്യ കമ്പനിയിലായിരുന്നെങ്കിൽ രാഹുലിനെ എന്നേ പിരിച്ചു വിട്ടേനെ എന്നും രാജ്യത്തിന് മൊത്തം ഭാരമാണ് രാഹുൽ എന്നുമൊക്കെയാണ് വിമർശനങ്ങൾ

MediaOne Logo

Web Desk

  • Updated:

    2023-02-19 14:40:06.0

Published:

19 Feb 2023 1:20 PM GMT

Twitter trending today
X

ആരാധകരെ നിരാശയിലാക്കി ബിഗ്‌ബോസ് താരം പ്രിയങ്ക ചാഹറിന്റെ പുറത്താകൽ, ഇന്ത്യ-ആസ്‌ത്രേലിയ ടെസ്റ്റിൽ ഒരു റൺസ് മാത്രമെടുത്ത് കെ.എൽ രാഹുലിന്റെ മടക്കം, ഛത്രപതി ശിവജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രിയുടെ ട്വീറ്റ്.... ചൂടൻ ചർച്ചകൾക്ക് വിഷയങ്ങളേറെയായിരുന്നു ഇന്ന് ട്വിറ്ററിൽ. അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻടിംഗ്‌സ്...

ഛത്രപതി ശിവജി മഹാരാജ്

ഛത്രപതി ശിവജി മഹാരാജാവിന്റെ 391ാം ജന്മവാർഷികത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഛത്രപതി ശവജിയുടെ ധീരതയും ഭരണത്തിന് നൽകിയ ഊന്നലും പ്രചോദനമാകുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. മോദിയെ കൂടാതെ അമിത് ഷാ, രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, മല്ലികാർജുൻ ഖാർഗെ, സച്ചിൻ തെൻഡുൽക്കർ തുടങ്ങിയവരും ട്വിറ്ററിൽ ഛത്രപതി ശിവജിക്ക് ആദരമർപ്പിച്ചു. 1674ൽ മറാത്താ സാമ്രാജ്യത്തിന് അടിത്തറയിട്ട മഹാരാജാവാണ് ഛത്രപതി ശിവജി. ഇദ്ദേഹത്തിന്റെ സ്മരണാർഥം പണി കഴിപ്പിച്ചതാണ് മുംബൈയിൽ മധ്യ റെയിൽവേയുടെ ആസ്ഥാനമായ ഛത്രപതി ശിവജി ടെർമിനസ് റെയിൽവേ സ്റ്റേഷൻ.

വന്നപോലെ മടങ്ങി രാഹുൽ

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും തിളങ്ങാനാകാതെ വന്നതോടെയാണ് ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുൽ ട്വിറ്റർ ട്രെൻഡിങ്ങിൽ കയറിപ്പറ്റിയത്. മത്സരത്തിൽ ഇന്ത്യയുടെ സ്‌കോർ ആറു റൺസിൽ നിൽക്കെയായിരുന്നു രാഹുലിന്റെ പുറത്താകൽ. മൂന്ന് പന്തിൽ ഒരു റൺസ് ആണ് രാഹുൽ ആകെ നേടിയത്. ഇതോടെ രാഹുലിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനവുമുയർന്നു. സ്വകാര്യ കമ്പനിയിലായിരുന്നെങ്കിൽ രാഹുലിനെ എന്നേ പിരിച്ചു വിട്ടേനെ എന്നും രാജ്യത്തിന് മൊത്തം ഭാരമാണ് രാഹുൽ എന്നുമൊക്കെയാണ് വിമർശനങ്ങൾ. മത്സരത്തിൽ ആസ്‌ത്രേലിയയ്‌ക്കെതിരെ ഇന്ത്യ വിജയം നേടിയതോടെ ഇന്ത്യയും ആസ്‌ത്രേലിയയും ട്രെൻഡിംഗിലിടം നേടിയിട്ടുണ്ട്‌.

പ്രിയങ്ക റെയ്ൻ ബിഗിൻസ്

ആരാധകരേറെയുള്ള ഷോ ആണ് ബിഗ്‌ബോസ്. ഈ ഷോയുടെ ഹിന്ദി പതിപ്പിലെ മത്സരാർഥിയായിരുന്ന പ്രിയങ്ക ചാഹർ ചൗധരിയാണ് ട്വിറ്റർ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുന്ന മറ്റൊരു വ്യക്തി. ഇത്തവണ ബിഗ്‌ബോസ് ടൈറ്റിൽ നേടുമെന്ന് ആരാധകരുറപ്പിച്ചിരുന്ന പ്രിയങ്ക പക്ഷേ എല്ലാവരെയും ഞെട്ടിച്ച് സെക്കൻഡ് റണ്ണറപ്പായി പുറത്തു പോയി. ഇതോടെ താരം ട്വിറ്റർ ട്രെൻഡിംഗിലുമായി. ഷോ കഴിഞ്ഞിട്ട് ഒരാഴ്ചയായെങ്കിലും ഇപ്പോഴും ട്രെൻഡിംഗിൽ തന്നെയാണ് പ്രിയങ്ക

ഇനി പ്രിയങ്കയുടെ കാലമാണ്, പ്രിയങ്ക തന്നെ ടൈറ്റിൽ വിന്നർ എന്നൊക്കെയാണ് ട്വിറ്ററിലെ ട്രെൻഡിംഗ് ഹാഷ്ടാഗുകൾ. ബിഗ് ബോസ് മലയാളം സീസൺ 2ലെ മത്സരാർഥിയും ടെലിവിഷൻ താരവുമായ ആര്യ ബഡായി ഉൾപ്പടെ പ്രിയങ്കയുടെ പുറത്താകലിൽ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ബിഗ്‌ബോസ് കാണാതിരിക്കാൻ ഒരു കാരണം കൂടിയായെന്നും തന്റെ മനസ്സിൽ പ്രിയങ്ക തന്നെയാണ് വിജയി എന്നും ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഗുഡി ചംകിലീ, അക്ഷയ് കുമാർ, ഹണി സിംഗ്

തന്റെ ഏറ്റവും പുതിയ ചിത്രം സെൽഫിയിലെ ഗുഡി ചംകീലി എന്ന ഗാനത്തോടൊപ്പം ട്വിറ്റർ ട്രെൻഡിംഗിലിടം നേടിയിരിക്കുകയാണ് അക്ഷയ് കുമാർ. ഒപ്പം ഗാനമാലപിച്ചിരിക്കുന്ന ഹണി സിംഗും. ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ഏറെ ഹിറ്റാണെങ്കിലും ഗാനം ചിത്രത്തിലില്ലെന്നതിന്റെ നിരാശയിലാണ് ആരാധകർ. ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി ഒരുക്കിയിരിക്കുന്ന ഗാനമാണിത്.

എന്നും എപ്പോഴും ട്രെൻഡിംഗ് ആണ് ഷെഹ്നാസ് ഗിൽ

ട്വിറ്ററിലെ എന്നത്തേയും ട്രെൻഡിംഗ് താരമായ ഷെഹ്നാസ് ഗിൽ ഇന്നും ട്വിറ്റർ ട്രെൻഡിംഗിൽ ഇടം നേടിയിട്ടുണ്ട്. ഷെഹ്നാസ് അവതരിപ്പിക്കുന്ന പുതിയ ചാറ്റ് ഷോ 'ദേസി വൈബ്‌സ് വിത്ത് ഷെഹ്നാസ്' ആണ് ട്വിറ്ററിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഷോയുടെ എപ്പിസോഡുകൾ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഷോയുടെ ആദ്യ എപ്പിസോഡ്. പ്രശസ്ത യൂട്യൂബറും കൊമോഡിയനുമായ ഭുവൻ ഭാമിനൊപ്പമാണ് ഷെഹ്നാസിന്റെ പുതിയ ഇന്റർവ്യൂ. തന്റെ പുതിയ വെബ് സീരിയിൽ താസ ഖബറിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായാണ് ഭുവൻ ഷോയിലെത്തിയത്.

കമൽ ഹസ്സനും മക്കൾ നീതി മയ്യവും

ഈറോഡ് ഈസ്റ്റ് നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിക്കായി ഇന്ന് കമൽ ഹസൻ പ്രചരണത്തിനിറങ്ങിയിരുന്നു. രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം രൂപീകരിച്ചതിന് ശേഷം ഡിഎംകെ, അണ്ണാ ഡിഎംക തുടങ്ങിയ മുന്നണികളുമായി അകലം പാലിച്ചിരുന്നെങ്കിലും വർഗീയ ശക്തികളെ എതിർക്കാൻ മതനിരപേക്ഷ കക്ഷികൾ ഒന്നിക്കണം എന്നാണ് തന്റെ രാഷ്ട്രീയമെന്ന നിലപാട് സ്വീകരിച്ച് മുന്നണിക്കായി താരം പ്രചരണത്തിനിറങ്ങുകയായിരുന്നു. ഇതോടെ ഉലകനായകൻ ട്വിറ്റർ ട്രെൻഡിംഗിലുമായി.

TAGS :

Next Story