Quantcast

ക്രിസ്തുമതത്തിലേക്ക് മാറാൻ പണം വാഗ്ദാനം ചെയ്‌തെന്ന് പരാതി; ഗുജറാത്തിൽ രണ്ട് പേർ അറസ്റ്റിൽ

പ്രദേശത്തെ ചിലർക്ക് ക്രിസ്തുമതത്തിലേക്ക് മാറാൻ ഇവർ 20,000 രൂപയും മറ്റു ചില കാര്യങ്ങളും വാ​ഗ്ദാനം ചെയ്തെന്നാണ് പരാതി.

MediaOne Logo

Web Desk

  • Updated:

    2025-03-18 11:14:50.0

Published:

18 March 2025 4:43 PM IST

Two held for offering cash to people for religious conversion in Gujarat
X

അഹമ്മദാബാദ്: ക്രിസ്തു മതത്തിലേക്ക് മതംമാറാൻ നാട്ടുകാർക്ക് പണവും മറ്റും വാ​ഗ്ദാനം ചെയ്തെന്ന പരാതിയിൽ‍ രണ്ടു പേർ അറസ്റ്റിൽ. ​ഗുജറാത്തിലെ സുരേന്ദ്രന​ഗർ ജില്ലയിലാണ് സംഭവം. സുരേന്ദ്രന​ഗർ സ്വദേശി രതിലാൽ പർമാർ, രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശി ഭൻവർലാൽ പർധി എന്നിവരാണ് അറസ്റ്റിലായത്.

പ്രദേശത്തെ ചിലർക്ക് ക്രിസ്തുമതത്തിലേക്ക് മാറാൻ ഇവർ 20,000 രൂപയും മറ്റു ചില കാര്യങ്ങളും വാ​ഗ്ദാനം ചെയ്തെന്നാണ് പരാതി. ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനം തങ്ങളുടെ അനാരോഗ്യവും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറാൻ സഹായിച്ചുവെന്നും അങ്ങനെ ചെയ്യുന്നവർക്ക് സമാനമായ നേട്ടങ്ങൾ ലഭിക്കുമെന്നും ഇരുവരും അവകാശപ്പെട്ടതായി എഫ്‌ഐആറിൽ പറയുന്നു.

ജില്ലയിലെ വദാലി ടൗണിലെ ചിലരെയാണ് ഇരുവരും ക്രിസ്തുമത പരിവർത്തനത്തിന് പണവും മറ്റും വാ​ഗ്ദാനം ചെയ്ത് സമീപിച്ചതെന്ന് വദാലി പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഇൻസ്പെക്ടർ ഡി.ആർ പധേരിയ പറഞ്ഞു. സംഭവത്തിൽ രഞ്ജതി ഭം​ഗുവെന്നയാളാണ് ഇവർക്കെതിരെ പരാതി നൽകിയത്. ഹിന്ദു ദൈവങ്ങൾക്കെതിരായ പരാമർശങ്ങൾ ഇരുവരും നടത്തിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

സംഭവത്തെക്കുറിച്ച് ഭം​ഗു പ്രദേശത്തെ വിഎച്ച്പി, ബജ്രം​ഗ്ദൾ‍ നേതാക്കളെ വിവരമറിയിക്കുകയും ഇവർ ആരോപണവിധേയർ താമസിക്കുന്ന സ്ഥലത്തെത്തുകയും ചെയ്തു. തുടർന്ന് ഹിന്ദുത്വ സംഘടനകൾ വദാലി പൊലീസിനെ സമീപിക്കുകയും ഇരുവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്തു.

പിന്നാലെയായിരുന്നു അറസ്റ്റ്. അറസ്റ്റിലായവർക്കെതിരെ ഭാരതീയ ന്യായ് സം​ഹിതയിലെ 299ാം വകുപ്പും (ഏതെങ്കിലുമൊരു മതത്തെയോ മതവിശ്വാസികളെയോ മനഃപൂർവം അധിക്ഷേപിക്കുക), ​ഗുജറാത്ത് മതസ്വാതന്ത്ര്യ (ഭേദ​ഗതി) നിയമ പ്രകാരവുമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story