Quantcast

ഭാര്യയെ കൂട്ടാൻ അവളുടെ വീട്ടിലെത്തി; അവിടെ ഭാര്യയുടെ മറ്റൊരു ഭർത്താവ്; മാതാപിതാക്കളും വ്യാജം; ഭാര്യ ഒളിവിൽ

ഒരാളെ സെപ്തംബറിലും മറ്റൊരാളെ നവംബറിലുമാണ് കാര്‍ത്തിക വിവാഹം ചെയ്തത്

MediaOne Logo
ഭാര്യയെ കൂട്ടാൻ അവളുടെ വീട്ടിലെത്തി; അവിടെ ഭാര്യയുടെ മറ്റൊരു ഭർത്താവ്; മാതാപിതാക്കളും വ്യാജം; ഭാര്യ ഒളിവിൽ
X

ചെന്നൈ: കോവില്‍പട്ടി സ്വദേശിയാണ് കാര്‍ത്തിക. കഴിഞ്ഞ സെപ്തംബര്‍ 13നായിരുന്നു തഞ്ചാവൂര്‍ ജില്ലയിലെ ഉപ്പുന്ദര്‍പട്ടിയില്‍ നിന്നുള്ള സിദ്ധാര്‍ഥനുമായുള്ള കാര്‍ത്തികയുടെ വിവാഹം. മൂന്ന് പവന്റെ സ്വര്‍ണാഭരണങ്ങളാണ് വരന്റെ കുടുംബം കാര്‍ത്തികയ്ക്ക് നല്‍കിയത്. ബ്രോക്കര്‍മാര്‍ വഴി നിശ്ചയിച്ച വിവാഹമായതിനാല്‍ ബ്രോക്കര്‍മാര്‍ക്കും അവർ മൂന്ന് ലക്ഷം രൂപ നല്‍കി. അങ്ങനെ 15 ലക്ഷം രൂപയോളം ചെലവഴിച്ചാണ് വരന്റെ കുടുംബം വിവാഹം നടത്തിയത്.

എന്തായാലും വിവാഹം ഗംഭീരമായി നടന്നു. കാര്‍ത്തിക സിദ്ധാര്‍ഥന്റെ വീട്ടില്‍ മരുമകളായി വലതുകാല്‍വെച്ചു കയറി.

രണ്ട് ദിവസത്തിന് ശേഷം കാര്‍ത്തിക ഭര്‍ത്താവ് സിദ്ധാര്‍ഥനോട് തന്റെ അമ്മയ്ക്ക് സുഖമില്ല, വീട്ടില്‍ പോകണമെന്ന് പറഞ്ഞു. സിദ്ധാര്‍ഥന്‍ അമ്മയുടെ ചികിത്സയ്ക്കുള്ള പണമടക്കം നല്‍കി കാര്‍ത്തികയെ അവളുടെ വീട്ടിലേക്ക് പറഞ്ഞയച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാര്‍ത്തിക ഭര്‍തൃവീട്ടിലേക്ക് തിരിച്ചെത്തിയില്ല. സിദ്ധാര്‍ഥന്‍ ഫോണില്‍ വിളിക്കുമ്പോഴെല്ലാം കാർത്തിക താന്‍ ആശുപത്രിയിലാണെന്നൊക്കെ ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞുകൊണ്ടിരുന്നു. വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ ദീപാവലിക്കും കാര്‍ത്തിക വരാതിരുന്നതോടെ സിദ്ധാര്‍ഥന്‍ അവളെ വീട്ടില്‍ പോയി കൂട്ടിക്കൊണ്ടുവരാന്‍ തീരുമാനിച്ചു.

അങ്ങനെ തന്റെ ബന്ധുക്കളെയും കൂട്ടി സിദ്ധാര്‍ഥന്‍ കോവില്‍പട്ടിയിലെ കാര്‍ത്തികയുടെ വീട്ടിലെത്തി. വീട്ടില്‍ കാര്‍ത്തികയുടെ അച്ഛന്‍ മാരിയപ്പനും അമ്മ മുനീശ്വരിയും മാത്രമാണ് ഉണ്ടായിരുന്നത്. കാര്‍ത്തിക എവിടെയെന്ന് ചോദിച്ചപ്പോള്‍, അവള്‍ മുത്തശ്ശിയുടെ ചികിത്സയ്ക്കായി മധുരയ്ക്ക് പോയതാണെന്ന മറുപടിയാണ് ലഭിച്ചത്.

അവര്‍ സംസാരിച്ചുകൊണ്ടിരിക്കെ മറ്റൊരാള്‍ ആ വീട്ടിലേക്ക് കയറിവന്നു. നാമക്കല്‍ ജില്ലയില്‍ നിന്നുള്ള രഞ്ജിത്ത് എന്നയാളായിരുന്നു അത്. കാര്‍ത്തികയെ അന്വേഷിച്ചാണ് രഞ്ജിത്ത് എത്തിയത്. അവള്‍ തന്റെ ഭാര്യയാണെന്നും നവംബര്‍ ഒന്നിനാണ് തങ്ങളുടെ വിവാഹം നടന്നതെന്നും അയാള്‍ വെളിപ്പെടുത്തി. ഇത് കേട്ട് സിദ്ധാര്‍ഥനും ബന്ധുക്കളും ഞെട്ടി.

ഒരാളെ സെപ്തംബറിലും മറ്റൊരാളെ നവംബറിലും കാര്‍ത്തിക വിവാഹം ചെയ്തിരിക്കുന്നു!

കാർത്തികയുടെ രണ്ട് ഭര്‍ത്താക്കന്‍മാരും അവളുടെ അച്ഛനെയും അമ്മയെയും ചോദ്യം ചെയ്തു. ഇതോടെ അവര്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങി. കുറേ ആളുകള്‍ വീട്ടില്‍ വന്ന് തന്നെ ആക്രമിക്കുകയാണെന്നും പറഞ്ഞ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാൻ ശ്രമിച്ചു. പൊലീസിന്റെ എമര്‍ജന്‍സി നമ്പറായ 100ലും വിളിച്ചു.

അധികം വൈകാതെ പൊലീസ് വീട്ടിലെത്തി. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ് കാര്‍ത്തികയുടെ മാതാപിതാക്കളെ ചോദ്യം ചെയ്തു. അപ്പോഴാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം അവര്‍ അറിയുന്നത്. മാരിയപ്പനും മുനീശ്വരിയും കാര്‍ത്തിയുടെ മാതാപിതാക്കളല്ല!

മാരിയപ്പന്‍ ഒരു വിവാഹ ബ്രോക്കറാണ്. മുനീശ്വരിയാകട്ടെ കാര്‍ത്തികയുടെ അമ്മായിയുമാണ്. വിവാഹതട്ടിപ്പ് നടത്താന്‍ ഇരുവരും കാര്‍ത്തികയുടെ മാതാപിതാക്കളായി അഭിനയിക്കുകയായിരുന്നു.

സിദ്ധാര്‍ഥന്റെയും രഞ്ജിത്തിന്റെയും പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലാകുമ്പോള്‍ മധുരയില്‍ നിന്നുള്ള ഒരാളുമായി കാര്‍ത്തികയുടെ വിവാഹം നടത്താനുള്ള ശ്രമത്തിലായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. വരന്റെ കുടുംബത്തെ കോവില്‍പട്ടിയിലേക്ക് വിളിച്ചുവരുത്തി കാര്‍ത്തികയെ കാണിക്കുകയും ശേഷം അമ്മയ്ക്ക് ഗുരുതരമായ അസുഖമാണെന്ന് പറഞ്ഞ് വിവാഹം വേഗത്തിലാക്കാനുമായിരുന്നു അവര്‍ പദ്ധതിയിട്ടിരുന്നത്.

കാര്‍ത്തികയെക്കുറിച്ചും കൂടുതല്‍ പുരുഷന്‍മാര്‍ വിവാഹതട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, ഇതിന് പിന്നില്‍ വലിയൊരു വിവാഹതട്ടിപ്പ് ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. വരന്‍മാരില്‍ നിന്ന് വാങ്ങിയ ആഭരണങ്ങളും പണവും എവിടെ പോയെന്നും അന്വേഷിക്കുന്നുണ്ട്. നിലവില്‍ മാരിയപ്പനെയും മുനീശ്വരിയെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. കാര്‍ത്തിക ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിലും കാര്‍ത്തികയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.

TAGS :

Next Story