'മൃതദേഹം കുഴിയിൽ നിന്ന് പുറത്തെടുത്ത് കത്തിക്കുന്നു'; ഉത്തരേന്ത്യയില്‍ സംസ്‌കാര ചടങ്ങിനിടയിലും ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം
മതവിശ്വാസത്തെ മുറിപ്പെടുത്തുന്ന അക്രമികൾക്ക് കഠിനമായ ശിക്ഷ ഉറപ്പ് വരുത്തണമെന്ന് യുസിഎഫ് ദേശീയ പ്രസിഡൻ്റ് ഡോ.മൈക്കിൾ വില്യംസ് മീഡിയവണിനോട് പറഞ്ഞു.

ന്യൂഡല്‍ഹി: ക്രിസ്ത്യൻ മത വിശ്വാസികളുടെ മൃതദേഹം സംസ്‌കരിക്കുന്നതിൽ തടസം നിൽക്കുന്നവർക്കെതിരേ നടപടി വേണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം. മൃതദേഹം കുഴിതോണ്ടി പുറത്തെടുക്കുന്നത് ഒരിയ്ക്കലും അംഗീകരിക്കാനാവില്ല.മതവിശ്വാസത്തെ മുറിപ്പെടുത്തുന്ന അക്രമികൾക്ക് കഠിനമായ ശിക്ഷ ഉറപ്പ് വരുത്തണമെന്ന് യുസിഎഫ് ദേശീയ പ്രസിഡൻ്റ് ഡോ.മൈക്കിൾ വില്യംസ് മീഡിയവണിനോട് പറഞ്ഞു.
മൃതദേഹം കുഴിയിൽ നിന്ന് പുറത്തെടുത്ത് കത്തിക്കുക,സംസ്കാരം നടത്താൻ അനുമതി നൽകാതിരിക്കുക,ഹിന്ദുമത ആചാരപ്രകാരം സംസ്‌ക രിക്കാൻ നിർബന്ധിക്കുക തുടങ്ങിയ മനുഷ്യവിരുദ്ധമായ പ്രവൃത്തികളാണ് ഉത്തരേന്ത്യയിലെ ക്രിസ്ത്യാനികൾ നേരിടുന്നത്. ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് 65 പ്രശ്‌നങ്ങൾ കഴിഞ്ഞ 2 വർഷത്തിനിടയിൽ സംഭവിച്ചെന്നാണ് യുസിഎഫ് കണക്ക്.
മരിച്ച വീടുകളിൽ പോലും സമാധാനം നൽകുന്നില്ല. കുഴിയിൽ നിന്നും മൃതദേഹം പുറത്തെടുക്കുന്നു.മോദിയും അമിത് ഷായും വിഷയം ഗൗരവത്തോടെ പരിഗണിക്കണം. ആദിവാസി മേഖലകളിൽ ക്രൈസ്തവർക്ക് സംസ്കാരത്തിനുള്ള അനുമതി നിഷേധിക്കുകയാണ് പതിവ്. മതപരിവർത്തനനിയമം വളച്ചൊടിച്ച് നിരപരാധികളായ ക്രൈസ്തവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയാണെന്ന് യുസിഎഫ് വ്യക്തമാക്കുന്നു
വൈദികരും വിശ്വാസികളുമായി 400 പേർ ജയിലിൽ കഴിയുന്നു.യുപി,ഛത്തീസ്ഗന്ധിലാണ് കൂടുതൽനടപടികൾ. ക്രിസ്‌മസുമായി ബന്ധപ്പെട്ട മൂന്ന് ദിവസങ്ങളിൽ മാത്രം 50 അതിക്രമങ്ങൾ ഉണ്ടായി.രാജ്യത്ത് ഒരു മാസം ശരാശരി 65 ആക്രമണങ്ങൾ ക്രിസ്ത്യാനികൾ നേരിടുന്നതായിട്ടാണ് കണക്ക്.
Adjust Story Font
16

