Quantcast

ഗോമൂത്രം തളിച്ചല്ല ഇന്ത്യ സ്വാതന്ത്ര്യം നേടിയതെന്ന് ഉദ്ധവ് താക്കറെ

ഞായറാഴ്ച രത്നഗിരിയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

MediaOne Logo

Web Desk

  • Published:

    6 March 2023 4:01 AM GMT

Uddhav Thackeray
X

ഉദ്ധവ് താക്കറെ

മുംബൈ: സ്വാതന്ത്ര്യ സമരസേനാനികളുടെ ത്യാഗത്തിലൂടെയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയതെന്നും അല്ലാതെ ഗോമൂത്രം തളിച്ചല്ലെന്നും മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. ഞായറാഴ്ച രത്നഗിരിയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഗോമൂത്രം തളിച്ചാണോ നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയത്? സ്വാതന്ത്ര്യ സമരസേനാനികള്‍ ജീവൻ ബലിയർപ്പിച്ചതിന് ശേഷമാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്'' താക്കറെ പറഞ്ഞു. ശിവസേനയുടെ ഔദ്യോഗിക പേരും ചിഹ്നവുമായ അമ്പും വില്ലും ഷിന്‍ഡെ വിഭാഗത്തിന് നല്‍കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തെ അദ്ദേഹം വിമര്‍ശിച്ചു. പേരും ചിഹ്നവും എടുത്തുകളഞ്ഞെങ്കിലും പാര്‍ട്ടിയെ തങ്ങളില്‍ നിന്നും എടുത്തു മാറ്റാന്‍ കഴിയില്ല. അവര്‍ക്ക് തിമിരമില്ലെങ്കില്‍ യഥാര്‍ഥ ശിവസേനയെ കാണാം. ശിവസനേ സ്ഥാപിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പിതാവല്ലെന്നും തന്‍റെ പിതാവാണെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

മേഘാലയയിലെ ബിജെപി സഖ്യത്തെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. "മുഖ്യമന്ത്രിയാകാൻ ഞാൻ കോൺഗ്രസിന്റെയും എൻസിപിയുടെയും ബൂട്ട് നക്കിയെന്ന് അമിത് ഷാ പൂനെയിൽ പറഞ്ഞു. ഇപ്പോൾ നിങ്ങൾ മേഘാലയയിൽ എന്താണ് ചെയ്യുന്നത്? നിങ്ങൾക്ക് നാണമില്ലേ?"സർദാർ പട്ടേലിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും പേര് ബിജെപി മോഷ്ടിച്ചതുപോലെ, അവർ ബാലാസാഹബ് താക്കറെയുടെ പേരും മോഷ്ടിച്ചു.സർദാർ പട്ടേൽ ആർഎസ്‌എസിനെ നിരോധിച്ചു, സർദാർ പട്ടേലിന്റെ പേര് അവർ മോഷ്ടിച്ചു.ഇതു തന്നെയാണ് സുഭാഷ് ചന്ദ്രബോസിന്‍റെയും ബാലാസാഹേബിന്‍റെയും കാര്യത്തില്‍ സംഭവിച്ചത്. ബാലാസാഹേബ് താക്കറെയുടെ ഫോട്ടോയില്ലാതെ, ശിവസേനയുടെ പേരിലല്ലാതെ, മോദിയുടെ പേരിൽ വോട്ട് ചോദിക്കാൻ ഞാൻ അവരെ വെല്ലുവിളിക്കുന്നു.'' ഉദ്ധവ് പറഞ്ഞു.

TAGS :

Next Story