നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയെന്ന് മാതാപിതാക്കളെ വിശ്വസിപ്പിക്കാൻ 17000 രൂപ നൽകി വ്യാജ മാര്‍ക്ക് ലിസ്റ്റ് നിര്‍മിച്ച് 18കാരൻ; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
ഏപ്രിലിൽ നീറ്റ് തയ്യാറെടുപ്പിനിടെ, എഡിറ്റിംഗ് മാസ്റ്റർ എന്നൊരു യൂട്യൂബ് ചാനൽ കുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടു

ബെംഗളൂരു: 2025ലെ നീറ്റ് പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയെന്ന് മാതാപിതാക്കളെ വിശ്വസിപ്പിക്കാൻ 17000 രൂപ നൽകി 18കാരൻ വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉണ്ടാക്കി. ഉഡുപ്പി സ്വദേശിയായ സര്‍ക്കാര്‍ ജീവനക്കാരന്‍റെ മകനാണ് മാര്‍ക്ക്‍ ലിസ്റ്റിൽ കൃതിമത്വം കാണിച്ച് മാതാപിതാക്കളെ കാട്ടിയത്. അഖിലേന്ത്യ തലത്തിൽ 646 മാര്‍ക്കോടെ 107-ാം റാങ്ക് വാങ്ങിയെന്നായിരുന്നു കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. യഥാര്‍ഥത്തിൽ കുട്ടിയുടെ റാങ്ക് 17.6 ലക്ഷം ആയിരുന്നുവെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
മകന്‍ നീറ്റ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വച്ചതിനെക്കുറിച്ച് മാധ്യമങ്ങൾ വാര്‍ത്തയാക്കാതിരുന്നപ്പോൾ 18 കാരന്‍റെ പിതാവിന് സംശയം തോന്നുകയും വ്യാജ മാർക്ക് ഷീറ്റ് ഒരു പ്രാദേശിക പത്രത്തിന് അയച്ചുകൊടുക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തതിന് ശേഷം, അദ്ദേഹം ഔദ്യോഗിക നീറ്റ് വെബ്സൈറ്റിൽ ഫലം പരിശോധിച്ചു. അപ്പോഴാണ് മകന്‍റെ യഥാർത്ഥ റാങ്ക് 17.6 ലക്ഷമാണെന്ന് കണ്ടെത്തിയത്. തുടർന്ന്, താൻ വ്യാജ മാര്‍ക്ക് ലിസ്റ്റിനായി പണം നൽകിയെന്ന് കുട്ടി സമ്മതിക്കുകയായിരുന്നു.
ഏപ്രിലിൽ നീറ്റ് തയ്യാറെടുപ്പിനിടെ, എഡിറ്റിംഗ് മാസ്റ്റർ എന്നൊരു യൂട്യൂബ് ചാനൽ കുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടു. നീറ്റ്, സിബിഎസ്ഇ മാർക്ക് ഷീറ്റ്, ജെഇഇ ഫലങ്ങൾ എന്നിവയുൾപ്പെടെ വിവിധ പരീക്ഷാ ഫലങ്ങളുടെ സ്കോർകാർഡുകൾ ഡിജിറ്റലായി എങ്ങനെ തിരുത്താമെന്ന് ഈ ചാനലിലെ വീഡിയോകൾ കാണിച്ചിരുന്നു . അവർ ബന്ധപ്പെടാനുള്ള രണ്ട് മൊബൈൽ നമ്പറുകളും നൽകിയിരുന്നു.
കുട്ടി വാട്ട്‌സ്ആപ്പ് വഴി വിഷ്ണു കുമാർ എന്ന് പരിചയപ്പെടുത്തിയ ഒരാളുമായി ബന്ധപ്പെടുകയും 17,000 രൂപ കൈമാറുകയും ചെയ്തു. ജൂൺ 16-ന്, വിഷ്ണു കുമാർ ഒരു വ്യാജ നീറ്റ് സ്കോർകാർഡും ഒഎംആർ ഷീറ്റും വാട്ട്‌സ്ആപ്പ് വഴി അയച്ചുകൊടുത്തു. കുട്ടി അത് ഡൗൺലോഡ് ചെയ്തതിന് ശേഷം അയച്ചയാൾ അത് ഡിലീറ്റ് ചെയ്യുകയായിരുന്നു.
തട്ടിപ്പ് പുറത്തായതിന് പിന്നാലെ പിതാവ് ഉഡുപ്പി സൈബർ ഇക്കണോമിക് ആൻഡ് നാർക്കോട്ടിക് ക്രൈം സ്റ്റേഷനിൽ പരാതി നൽകി. വ്യാജ മാർക്ക് ഷീറ്റിനായി പണം നൽകാൻ തന്നെ നിർബന്ധിച്ചുവെന്ന് കുട്ടി സമ്മതിച്ചതായി പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ പറഞ്ഞു. പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മറ്റ് വിദ്യാര്‍ഥികളും കബളിപ്പിക്കലിന് ഇരയായിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
Adjust Story Font
16

