'14 ദിവസത്തെ സ്വാതന്ത്ര്യത്തിനുശേഷം ഉമർ തിഹാറിലേക്ക് മടങ്ങി'; ഫോട്ടോയും കുറിപ്പും പങ്കുവെച്ച് കുടുംബം
സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന ജെഎൻയു പൂർവ വിദ്യാർഥി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം ലഭിച്ചത്

ന്യുഡൽഹി: ഇടക്കാല ജാമ്യ കാലാവധി പൂർത്തിയായതോടെ ജയിലിലേക്ക് മടങ്ങി ജെഎൻയു പൂർവവിദ്യാർഥി ഉമർ ഖാലിദ്. ജയിലിലേക്ക് മടങ്ങിയതിന്റെ കുറിപ്പും ഫോട്ടോയും ഉമർ ഖാലിദിന്റെ കുടുംബമാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുള്ളത്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന ജെഎൻയു പൂർവ വിദ്യാർഥി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം ലഭിച്ചത്. 14 ദിവസത്തേക്കായിരുന്നു ഇടക്കാല ജാമ്യം. കർക്കദൂമ കോടതി ഈ മാസം 16 മുതൽ 29 വരെയാണ് ജാമ്യം അനുവദിച്ചത്. ഡിസംബർ 27നായിരുന്നു സഹോദരിയുടെ വിവാഹം.
2020 സെപ്തംബറിലാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരൽ, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. നേരത്തെ, ഡൽഹി ഹൈക്കോടതിയും വിചാരണാ കോടതിയും ഉമറിന് ജാമ്യം നിഷേധിച്ചിരുന്നു. രണ്ട് വർഷം മുമ്പ് മറ്റൊരു സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.
ഫേസ്ബുക്ക് പേസ്റ്റിന്റെ പൂർണരൂപം; -
'14 ദിവസത്തെ സ്വാതന്ത്ര്യത്തിനുശേഷം ഉമർ തിഹാറിലേക്ക് മടങ്ങി. ഈ ഇരുട്ടിനെ അതിജീവിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും ശക്തിയും അവന്റെ ഹൃദയത്തിനുണ്ട്.
എല്ലാ രാഷ്ട്രീയ തടവുകാർക്കും ശക്തിയും ധൈര്യവും നേരുന്നു'
Adjust Story Font
16

