ഗെയിമിന് അടിമ;14 വയസുകാരനെ അമ്മാവന്‍ കൊലപ്പെടുത്തി
രാത്രിയില്‍ ഉണ്ടായ തര്‍ക്കത്തെ ചൊല്ലിയാണ് അമ്മാവന്‍ മരുമകനെ കൊലപ്പെടുത്തിയത്

ബംഗളൂരു: ഗെയിമിന് അടിമയായ മരുമകനെ അമ്മാവന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന ജി.ആര്‍ നാഗപ്രസാദ്(50) ആണ് മരുമകനായ 14 വയസുകാരനായ അമോഘ് കീര്‍ത്തിയെ കൊലപ്പെടുത്തിയത്.
വിനായക നഗറില്‍ ആഗസ്റ്റ് നാലിനാണ് സംഭവം നടക്കുന്നത്. രാത്രിയില്‍ ഉണ്ടായ തര്‍ക്കത്തെ ചൊല്ലിയാണ് അമ്മാവന്‍ മരുമകനെ കൊലപ്പെടുത്തിയത്. പോപ്പുലര്‍ ഓണ്‍ലൈന്‍ ഗെയിമായ ഫ്രീഫയറിനായി അമ്മാവനോട് അമോഘ് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാഗപ്രസാദ് പണം നല്‍കാന്‍ തയ്യാറായില്ല.
ഇത് സംബന്ധിച്ച് കൗമാരക്കാരനായ മരുമകനും അമ്മാവനും തമ്മില്‍ കടുത്ത വഴക്കുണ്ടായി. പിറ്റേ ദിവസം പുലര്‍ച്ചെ 5.50 ന് ഉറങ്ങുകയായിരുന്ന അമോഘിന്റെ വായില്‍ തുണി തിരുകിയ ശേഷം കയ്യും കാലും കെട്ടിവെച്ച നാഗപ്രസാദ് അടുക്കളയിലെ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം കത്തി കഴുകി ആത്മഹത്യ ചെയ്യാനായിരുന്നു ആദ്യം നാഗപ്രസാദ് ചിന്തിച്ചത്. എന്നാല്‍ ആ ശ്രമം ഉപേക്ഷിച്ച് നാട് വിടാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അതിന് വേണ്ട പണം ഇയാളുടെ പക്കലില്‍ ഇല്ലായിരുന്നു.
മൂന്ന് ദിവസം ഒളിവില്‍ കഴിഞ്ഞ നാഗപ്രസാദ് പിന്നീട് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പതിനൊന്ന് മാസത്തോളമായി അമോഘ് നാഗപ്രസാദിന് ഒപ്പമാണ് താമസിക്കുന്നത്.
അമോഘിന്റെ അമ്മ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം കുട്ടിയുടെ സ്വഭാവം നന്നാക്കാനായാണ് നാഗപ്രസാദിന്റെ വീട്ടിലേക്ക് കുട്ടിയെ വിടുന്നത്. കോടതിയില്‍ ഹാജരാക്കിയ നാഗപ്രസാദിനെ റിമാന്‍ഡ് ചെയ്തു.
Adjust Story Font
16

