Quantcast

ഏക സിവിൽ കോഡ് ഞങ്ങളുടെ വാഗ്ദാനം; അതു നടപ്പാക്കുക തന്നെ ചെയ്യും-അമിത് ഷാ

''കോൺഗ്രസിന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പേര് ഉച്ചരിക്കാൻ അവകാശമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പട്ടേലിന്റെ ഭീമൻ പ്രതിമ നിർമിച്ചത്. കാര്യങ്ങൾ അനുകൂലമാകുകയാണെങ്കിൽ അഹ്‌മദാബാദിലെ സർദാർ പട്ടേൽ കോംപ്ലക്‌സിൽ ഒളിംപിക്‌സും നടത്തും.''

MediaOne Logo

Web Desk

  • Published:

    15 Nov 2022 2:40 AM GMT

ഏക സിവിൽ കോഡ് ഞങ്ങളുടെ വാഗ്ദാനം; അതു നടപ്പാക്കുക തന്നെ ചെയ്യും-അമിത് ഷാ
X

ന്യൂഡൽഹി: ഏക സിവിൽ കോഡ് ബി.ജെ.പി പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനമാണെന്നും അതു നടപ്പാക്കുക തന്നെ ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതേതരരാജ്യത്ത് എല്ലാവർക്കും തുല്യനിയമമാണ് വേണ്ടതെന്നും ഷാ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ മാധ്യമമായ 'ന്യൂസ്18'ന് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. ''ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് 1950 മുതൽ ഞങ്ങളുടെ പ്രകടനപത്രികയിൽ പറയുന്നുണ്ട്. ഏതു മതേതരരാജ്യത്തും മുഴുവൻ മതക്കാരുമടങ്ങുന്ന പൗരന്മാർക്ക് തുല്യനിയമമാണ് വേണ്ടത്. ഞങ്ങളുടെ വാഗ്ദാനമാണത്. അതു യാഥാർത്ഥ്യമാക്കുകയും ചെയ്യും.''-അമിത് ഷാ വ്യക്തമാക്കി. ഏക സിവിൽ കോഡിനെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് കാരണം പൗരത്വ ഭേദഗതി നിയമം(സി.എ.എ) നടപ്പാക്കാനായിരുന്നില്ല. നിയമം ഉറപ്പായും നടപ്പാക്കും. 370 വകുപ്പ് റദ്ദാക്കുമെന്നും അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്നും ഞങ്ങൾ പ്രഖ്യാപിച്ചിരുന്നു. കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുമാറ്റി മോദി അതു നടപ്പാക്കി. രാമക്ഷേത്രത്തിനായി മോദി ഭൂമി പൂജ നടത്തുകയും ചെയ്തു. അയോധ്യയിൽ ക്ഷേത്ര നിർമാണം പുരോഗമിക്കുകയാണ്. ജമ്മു കശ്മിരിൽ ദലിതുകൾക്ക് സംവരണമുണ്ടായിരുന്നില്ല. ബി.ജെ.പി അതു നടപ്പാക്കി-അമിത് ഷാ ചൂണ്ടിക്കാട്ടി.

''സർദാർ വല്ലഭ്ഭായ് പട്ടേലുണ്ടായിരുന്നില്ലെങ്കിൽ രാജ്യം ഈ നിലയിൽ എത്തുമായിരുന്നില്ലെന്നാണ് ബി.ജെ.പി വിശ്വസിക്കുന്നത്. എന്നാൽ, കോൺഗ്രസിന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പേര് ഉച്ചരിക്കാൻ അവകാശമില്ല. അദ്ദേഹത്തിന് അർഹമായ ആദരം ലഭിക്കാതിരിക്കുന്നത് ഗാന്ധി-നെഹ്‌റു കുടുംബം ഉറപ്പുവരുത്തുകയാണ് ചെയ്തത്. സംസ്‌കാര ചടങ്ങുകൾ മുതൽ ഭാരതരത്‌ന വരെ അവർ ഒന്നും ചെയ്തില്ല. പകരം, പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്തത്.''

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പട്ടേലിന്റെ ഭീമൻ പ്രതിമ നിർമിച്ചത്. സർദാർ പട്ടേലിന് ആദരമർപ്പിക്കാൻ ഒരു കോൺഗ്രസുകാരനും വന്നില്ല. അദ്ദേഹത്തെ ആദരിക്കാൻ കോൺഗ്രസ് ഒരു പദ്ധതിയും കൊണ്ടുവന്നിട്ടില്ല. കാര്യങ്ങൾ അനുകൂലമാകുകയാണെങ്കിൽ അഹ്‌മദാബാദിലെ സർദാർ പട്ടേൽ കോംപ്ലക്‌സിൽ ഒളിംപിക്‌സും നടത്തുമെന്നും അമിത് ഷാ അവകാശപ്പെട്ടു.

Summary: ''Uniform Civil Code is in our manifesto since 1950 and BJP will implement it'', says Union Home minister Amit Shah

TAGS :

Next Story