'അധികാരത്തിലെത്തിയാൽ ആറ് മാസത്തിനകം ഏക സിവില്‍കോഡ് നടപ്പിലാക്കും'; ബംഗാളില്‍ പ്രകടനപത്രിക പുറത്തിറക്കി ബിജെപി
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പത്രിക പുറത്തിറക്കിയത്

കൊല്‍ക്കത്ത: ബംഗാളില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കുമെന്ന വാഗ്ദാനവുമായി ബിജെപി പ്രകടന പത്രിക. സര്‍ക്കാര്‍ ജോലിയില്‍ 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കും, വനിതകള്‍ക്ക് മാസം 3,000 രൂപ സഹായം, വനിതാ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക സ്ക്വാഡ്, മതസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ നിയമം, കന്നുകാലിക്കടത്ത് തടയാന്‍ കര്‍ശന നിയമം തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പത്രിക പുറത്തിറക്കിയത്.
ബംഗാള്‍ സമൂഹത്തോടുള്ള പ്രതിബദ്ധത പ്രതിഫലിക്കുന്ന പത്രികയാണ് തങ്ങള്‍ പുറത്തിറക്കിയതെന്ന് അമിത്ഷാ കൊല്‍ക്കത്തയിലെ ചടങ്ങില്‍ പറഞ്ഞു. മമതാ ബാനര്‍ജിയുടെ കീഴിലെ കഴിഞ്ഞ 15 വര്‍ഷം അന്ധകാരത്തിന്റെ സമയങ്ങളായിരുന്നെന്നും അതില്‍ നിരാശരായ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.
'ബംഗാളിന്റെ നിരാശാജനകമായ അന്തരീക്ഷത്തില്‍ നിന്നുള്ള മോചനമാണ് ഈ പത്രിക. ഭയപ്പാടോടെ കഴിഞ്ഞിരുന്ന കര്‍ഷകര്‍ക്ക് ഇത് പുതിയ വഴിതെളിയിക്കും. ആളുകള്‍ വല്ലാതെ ഭയപ്പാടോടെയും നിരാശയോടെയും കഴിയുകയാണിപ്പോള്‍. എല്ലാവരും ഒരു മാറ്റം ആഗ്രഹിക്കുന്നു'.
'ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളില്‍ ഏക സിവില്‍കോഡ് ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്. ആറ് മാസത്തിനകം ബംഗാളിലും നാം നടപ്പാക്കും. അക്രമികളില്‍ നിന്ന് ബംഗാളിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനോടൊപ്പം ഒരൊറ്റ കന്നുകാലിയും ബംഗാൾ വഴി കടത്തിക്കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ബംഗാളില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കും, സര്‍ക്കാര്‍ ജോലിയില്‍ 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കും, വനിതകള്‍ക്ക് പ്രതിമാസം 3,000 രൂപ സാമ്പത്തിക സഹായം ഉറപ്പാക്കും, വനിതകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ നിശ്ചയിക്കും, മതസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ നിയമം തയ്യാറാക്കും, കന്നുകാലിക്കടത്ത് തടയാന്‍ കര്‍ശന നിയമം കൊണ്ടുവരും എന്നിങ്ങനെയാണ് പത്രികയിലുള്ളത്'. ബംഗാളിന്റെ സാംസ്‌കാരിക തനിമ വീണ്ടെടുക്കാനും ഭയരഹിതമായ അന്തരീക്ഷം കെട്ടിപ്പടുക്കാനുമാണ് പത്രികയുടെ ലക്ഷ്യമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.
294 മണ്ഡലങ്ങളുള്ള ബംഗാളില്‍ രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 23-ന് ആദ്യഘട്ടവും 29-ന് രണ്ടാംഘട്ടവും നടക്കും. മെയ് നാലിനാണ് വോട്ടെണ്ണല്‍.
Adjust Story Font
16

