Quantcast

ഉദ്ധവ് താക്കറേയെ പോയി തല്ലണമെന്ന് കേന്ദ്രമന്ത്രി; കേന്ദ്രസര്‍ക്കാര്‍ - മഹാരാഷ്ട്ര പോര്‍മുഖം തുറന്ന് പുതിയ വിവാദം

വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കേന്ദ്രമന്ത്രിക്കെതിരെ മഹാരാഷ്ട്ര പൊലീസ് നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

MediaOne Logo

Web Desk

  • Updated:

    2021-08-24 08:04:11.0

Published:

24 Aug 2021 7:57 AM GMT

ഉദ്ധവ് താക്കറേയെ പോയി തല്ലണമെന്ന് കേന്ദ്രമന്ത്രി; കേന്ദ്രസര്‍ക്കാര്‍ - മഹാരാഷ്ട്ര പോര്‍മുഖം തുറന്ന് പുതിയ വിവാദം
X

കേന്ദ്രവും മഹാരാഷട്ര സര്‍ക്കാരും തമ്മില്‍ പുതിയ പോര്‍മുഖത്തിന് വഴിയൊരുക്കി കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ വിവാദ പരാമര്‍ശം. സ്വാതന്ത്ര്യദിന പ്രഭാഷണത്തിനിടെ വര്‍ഷം തെറ്റായി പറഞ്ഞ ഉദ്ധവ് താക്കറേയെ താന്‍ പോയി തല്ലുമായിരുന്നു എന്നാണ് നാരായണ്‍ റാണെ പറഞ്ഞത്. റാണെക്കെതിരെ മഹാരാഷ്ട്ര പൊലീസ് നടപടിക്ക് ഒരുങ്ങുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആഗസ്റ്റ് 15 ല്‍ പ്രസംഗിക്കുന്നതിനിടെ സ്വാതന്ത്ര്യദിന വര്‍ഷം ഉദ്ധവ് താക്കറെ മറന്നു പോയെന്നാണ് നാരായണ്‍ റാണെ ആരോപിച്ചത്. സ്വാതന്ത്ര്യം നേടിയ വര്‍ഷം ഏതെന്ന് ഒരു മുഖ്യമന്ത്രിക്ക് അറിയില്ല എന്നുള്ളത് നാണംകെട്ട സംഭവമാണ്. താനവിടെ ഉണ്ടാകുമായിരുന്നെങ്കില്‍ ഉദ്ധവ് താക്കറയെ അടിക്കുമായിരുന്നുവെന്നും റാണെ പറഞ്ഞു.

എന്നാല്‍ നാരായണ്‍ റാണെക്കിതിരെ രൂക്ഷ പ്രതികരണവുമായാണ് ശിവസേന രംഗത്തെത്തിയത്. നാരായണ്‍ റാണെയെ 'കോഴിക്കള്ളന്‍' എന്നു വിളിച്ചുള്ള പോസ്റ്ററുകള്‍ മുംബൈയില്‍ വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. രാഷ്ട്രീയത്തില്‍ എത്തും മുന്‍പ് കോഴിഫാം നടത്തിയിരുന്ന റാണെയെ പരിഹസിച്ചുള്ളതായിരുന്നു ശിവസേന പോസ്റ്റുകള്‍. റാണെക്ക് മാനസികനില തെറ്റിയിരിക്കുകയാണെന്നും ശിവസേന ആരോപിച്ചു.

വിവാദ പരാമര്‍ശത്തിന്റെ പേരില്‍ നാരായണ്‍ റാണെക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ പൊലീസ് നടപടി സ്വീകരിക്കാന്‍ ഒരുങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതു സംബന്ധിച്ച് പൊലീസിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

TAGS :

Next Story