Quantcast

ബിജെപിയെ തോൽപ്പിക്കാൻ ഒറ്റക്കെട്ട്, ബിഹാറിൽ തുടങ്ങിയ പ്രതിപക്ഷ ഐക്യം തുടരും; എംകെ സ്റ്റാലിൻ

സർക്കാരിനെതിരായ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗവർണർ ആർഎൻ രവിയും ഇഡിയും പങ്കാളികളാണെന്ന് സ്റ്റാലിൻ ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    17 July 2023 11:14 AM GMT

Tamil daily mocks free breakfast scheme; CM, Congress hit back
X

ചെന്നൈ: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചിരിക്കുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പ്രതിപക്ഷ ഐക്യനിരയുടെ രണ്ടാം യോഗത്തിന് മുന്നോടിയായി സംസ്ഥാന മന്ത്രി കെ പൊൻമുടിയുടെ വസതിയിൽ ഇഡി നടത്തിയ റെയ്ഡ് ഒരു വഴിതിരിച്ചുവിടൽ തന്ത്രമാണെന്നും സ്റ്റാലിൻ പ്രതികരിച്ചു. പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാൻ ബംഗളൂരുവിലേക്ക് പോകും മുമ്പ് ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മാസം ബിഹാറിൽ തുടക്കംകുറിച്ച പ്രതിപക്ഷ ഐക്യം ബെംഗളൂരുവിൽ നടക്കുന്ന രണ്ടാം യോഗത്തിൽ തുടരുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ വസതിയിൽ ഇഡി നടത്തിയ റെയ്ഡിനെതിരെ രൂക്ഷവിമർശനമാണ് സ്റ്റാലിൻ ഉന്നയിച്ചത്. പതിമൂന്ന് വർഷം മുമ്പ് അന്നത്തെ ജയലളിത സർക്കാർ പൊൻമുടിക്കെതിരെ ചുമത്തിയ കള്ളക്കേസായിരുന്നു ഇത്. ഇഡി റെയ്ഡുകൾ ബിജെപിയുടെ നിരാശയാണ് പ്രതിഫലിപ്പിക്കുന്നതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സർക്കാരിനെതിരായ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗവർണർ ആർഎൻ രവിയും ഇഡിയും പങ്കാളികളാണെന്ന് അദ്ദേഹം ആരോപിച്ചു. ബംഗളൂരു യോഗത്തിൽ തമിഴ്‌നാടും കർണാടകയും തമ്മിലുള്ള തർക്കത്തിന് കാരണമായ കാവേരി പ്രശ്നം ഉന്നയിക്കണമെന്ന ചോദ്യത്തിന്, “കാവേരി പ്രശ്നം ചർച്ച ചെയ്യാനല്ല യോഗം” എന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ 26 പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് നേരത്തെ പറഞ്ഞിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാനാണ് പ്രതിപക്ഷ പാർട്ടികളുടെ ശ്രമം.ബെംഗളൂരുവിൽ നടക്കുന്ന നിർണായക പ്രതിപക്ഷ യോഗത്തിൽ രാഹുൽ ഗാന്ധിയ്‌ക്കൊപ്പം കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെ പ്രതിപക്ഷത്തെ മുഖ്യ നേതാക്കളെല്ലാം പങ്കെടുക്കും.

ആം ആദ്മി പാർട്ടിയും (എഎപി) പങ്കെടുക്കുമെന്നാണ് സൂചന. പാർലമെന്റിൽ ഓർഡിനൻസിന് പകരമായി ബിൽ കൊണ്ടുവന്നാൽ ഡൽഹിയിലെ ഭരണപരമായ സേവനങ്ങൾ സംബന്ധിച്ച കേന്ദ്രസർക്കാർ ഓർഡിനൻസ് എതിർക്കുമെന്ന് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണിത്.

TAGS :

Next Story