സ്റ്റുഡന്റ് വിസ വേണോ; സോഷ്യല്‍ മീഡിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സര്‍വ്വകലാശാലകള്‍
സര്‍ക്കാരും വിദേശ ഏജന്‍സികളും വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനങ്ങള്‍ സൂഷ്മമായി വിലയിരുത്തുന്നുണ്ടെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ സര്‍വ്വകലാശാലകളില്‍ സോഷ്യല്‍ മീഡിയ നിയന്ത്രണം വരുന്നു. സോഷ്യല്‍ മീഡിയ എങ്ങനെ ഉപയോഗിക്കണമെന്ന് വ്യക്തമാക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഇന്ത്യയിലെ സര്‍വ്വകലാശാലകള്‍. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സര്‍വ്വകലാശാല ജീവനക്കാരും മാര്‍ഗനിര്‍ദ്ദേശം പാലിക്കണം. സര്‍ക്കാരും വിദേശ ഏജന്‍സികളും സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനങ്ങള്‍ സൂഷ്മമായി വിലയിരുത്തുന്നതിനാലാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം.
യുഎസ് പോലുള്ള രാജ്യങ്ങളില്‍ സ്റ്റുഡന്റ് വിസപോലുള്ള നിര്‍ണ്ണായക തീരുമാനങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം സ്വാധീനിക്കാന്‍ തുടങ്ങിയിരിക്കുന്നു. തമിഴ്‌നാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, മണിപ്പാല്‍ അക്കാഡമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (NIFT) ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റി, തമിഴ്‌നാട് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി തുടങ്ങി നിരവധി ഇന്ത്യന്‍ സർവകലാശാലകളില്‍ ഇതിനകം സോഷ്യല്‍ മീഡിയ നയങ്ങള്‍ നടപ്പിലാക്കി.
വ്യക്തിഗത വിവരങ്ങള്‍, പൊതുജനങ്ങള്‍ക്കുള്ളതല്ലാത്ത രേഖകള്‍, നിയമവിരുദ്ധമോ അശ്ലീലമോ ആയ കാര്യങ്ങള്‍, അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍, പരാമര്‍ശങ്ങള്‍, ഏതെങ്കിലും സ്ഥാപനത്തോട് ശത്രുത വച്ചുപുലര്‍ത്തുന്ന പരാമര്‍ശങ്ങള്‍ തുടങ്ങിയവ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക എന്നാണ് മണിപ്പാല്‍ അക്കാഡമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സോഷ്യല്‍ മീഡിയ നയത്തില്‍ നിര്‍ദ്ദേശിക്കുന്നത്. സോഷ്യല്‍ മീഡിയിയിലൂടെയുള്ള ആശയവിനിമയം ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ചട്ടക്കൂടിനുള്ളിലാണെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് എപ്പോഴും അവബോധമുണ്ടാകണമെന്നും ജീവനക്കാര്‍ക്കും ഇതെല്ലാം ബാധകമാണെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
പ്രവേശന സമയത്ത് എല്ലാ വിദ്യാര്‍ത്ഥികളും സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ചുള്ള പോളിസിയില്‍ ഒപ്പുവെക്കണമെന്ന് NIFT നിര്‍ബന്ധമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന വിവരങ്ങള്‍ പൊതുവിവരമായി മാറുമെന്നും, പിന്നീടുള്ള ഘട്ടത്തില്‍ സ്ഥാപനത്തിന്റെ പ്രശസ്തിയെയോ പ്രൊഫഷണല്‍ പരിശീലനത്തെയോ ഇത് ബാധിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കരുതെന്നും ഉത്തരവിൽ പറയുന്നു. വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന ആശയവിനിമയത്തില്‍ സ്ഥാപനം ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരാറുണ്ടെന്നും അതിനാല്‍ വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സിയുടിയു വ്യക്തമാക്കി. സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍, സര്‍വകലാശാലയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച സോഷ്യല്‍ മീഡിയ നിയമങ്ങളും ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് ടിഎന്‍ഒയു അറിയിച്ചു.
Adjust Story Font
16

