Quantcast

മന്ത്രിക്ക് പിന്നാലെ മൂന്ന് എം.എൽ.എമാരും പാർട്ടി വിട്ടു; യു.പി ബി.ജെ.പിയിൽ കൂട്ടരാജി

റോഷൻ ലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗര്‍ എന്നിവരാണ് രാജിവെച്ചത്. ഇവർ സമാജ്‍വാദി പാർട്ടിയിൽ ചേരും

MediaOne Logo

Web Desk

  • Updated:

    2022-01-11 14:51:46.0

Published:

11 Jan 2022 10:15 AM GMT

മന്ത്രിക്ക് പിന്നാലെ മൂന്ന് എം.എൽ.എമാരും പാർട്ടി വിട്ടു; യു.പി ബി.ജെ.പിയിൽ കൂട്ടരാജി
X

ഉത്തർപ്രദേശിൽ തൊഴിൽമന്ത്രി സ്വാമി പ്രസാദ് മൗര്യ രാജിവെച്ചതിന് പിന്നാലെ മൂന്ന് ബി.ജെ.പി എംഎൽഎമാരും പാർട്ടി വിട്ടു. റോഷൻ ലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗര്‍ എന്നിവരാണ് രാജിവെച്ചത്. ഇവർ സമാജ് വാദി പാർട്ടിയിൽ ചേരും. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് യോഗി ആദിത്യനാഥിനും ബിജെപിക്കും തിരിച്ചടിയായി പ്രമുഖ നേതാക്കന്മാരുടെ കൂടുമാറ്റം.

ഉത്തര്‍പ്രദേശിലെ പിന്നാക്ക വിഭാഗക്കാരില്‍ വലിയ സ്വാധീനമുള്ള നേതാവാണ് സ്വാമി പ്രസാദ് മൗര്യ. യോഗി സർക്കാർ പിന്നാക്ക വിഭാഗക്കാരോട് നീതി പുലർത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു രാജി. 'തീർത്തും ഭിന്നമായ ആശയങ്ങളായിട്ടുകൂടി യോഗി ആദിത്യനാഥ് സർക്കാരിൽ വളരെ ആത്മാർത്ഥതയോടെയാണ് ഞാൻ എന്റെ ദൗത്യം നിർവഹിച്ചിരുന്നത്. എന്നാൽ കർഷകർക്കും ദലിതുകൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും നേരെ തുടരുന്ന അടിച്ചമർത്തലിൽ പ്രതിഷേധിച്ച് ഞാൻ രാജിവെക്കുകയാണ്'- രാജിക്കത്തിൽ മൗര്യ പറഞ്ഞു.


രാജിക്കത്ത് പുറത്ത് വരുന്നതിന് മുന്‍പ് തന്നെ അദ്ദേഹം അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൗര്യ 2016 ൽ മായാവതിയുടെ ബി.എസ്.പി വിട്ടാണ് ബി.ജെ.പിയിൽ ചേർന്നത്. നിലവിൽ കിഴക്കൻ ഉത്തർപ്രദേശിലെ പദ്രൗനയിൽ നിന്നുള്ള എം.എൽ.എയാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ മന്ത്രിയും എം.എൽ.എമാരും കൂട്ടത്തോടെ രാജിവെച്ചത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. മൗര്യയെ പിന്തുണക്കുന്ന കൂടുതൽ എം.എൽ.എമാരും മന്ത്രിമാരും രാജിവെക്കുമെന്നും റിപ്പോർട്ടുണ്ട്.

TAGS :

Next Story