ഒരാഴ്ചത്തെ അവധിക്കായി വീട്ടിലെത്തി; ഭാര്യയെ ജീവനോടെ കത്തിച്ചതിന് ശേഷം ഓടിരക്ഷപ്പെട്ടു: യുപി പൊലീസ് കോൺസ്റ്റബിളിനായി തിരച്ചിൽ
അമ്രോഹ ജില്ലയിലെ നരംഗ്പൂർ ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം

ലഖ്നൌ: സ്ത്രീധനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ തീ കൊളുത്തിയ സംഭവത്തിൽ പൊലീസ് കോൺസ്റ്റബിൾ അടക്കം ആറ് പേര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു. അമ്രോഹ ജില്ലയിലെ നരംഗ്പൂർ ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം.
ഇകൗനയിലെ ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിലെ നഴ്സായ പരുളിനെയാണ ഭര്‍ത്താവ് ദേവേന്ദ്ര തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിന് ദേവേന്ദ്രയും കുടുംബാംഗങ്ങളും ഒഴിവിലാണ്. യുപി പെലീസിൽ ഹെഡ് കോൺസ്റ്റബിളായ ദേവേന്ദ്രയെ അടുത്തിടെ ബറേലിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഒരാഴ്ചത്തെ അവധിയിലാണ് നരംഗ്പൂരിലെ വീട്ടിലെത്തിയത്.
ദേവേന്ദ്ര, മാതാവ്, സഹോദരീഭർത്താവ്, ബന്ധുക്കളായ സോനു, ഗജേഷ്, ജിതേന്ദ്ര, സന്തോഷ് എന്നിവരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ അയൽക്കാരിൽ നിന്നാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് പരുളിന്‍റെ അമ്മ അനിത പറഞ്ഞു. "ഞാൻ സ്ഥലത്തെത്തിയപ്പോൾ എന്‍റെ മകൾ വേദന കൊണ്ട് പുളയുകയായിരുന്നു. അവൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവസ്ഥ മോശമായതിനാൽ ഡൽഹിയിലേക്ക് മാറ്റേണ്ടി വന്നു.എന്‍റെ മകളുടെ നില ഇപ്പോഴും ഗുരുതരമാണ്." അവര്‍ കൂട്ടിച്ചേര്‍ത്തു. 13 വര്‍ഷമായി പരുളും ദേവേന്ദ്രയും വിവാഹിതരായിട്ട്. ഇരട്ടക്കുട്ടികളാണ് ദമ്പതികൾക്ക്. സംഭവത്തിന് ശേഷം, പരുളിന്‍റെ സഹോദരൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
യുപിയിൽ ഈയാഴ്ചയിൽ ഇത് രണ്ടാമത്തെ സംഭവമാണിത്.ഏതാനും ദിവസങ്ങൾക്ക് മുമ്പ്, സ്ത്രീധനത്തിന്‍റെ പേരിൽ 28 കാരിയായ നിക്കി ഭാട്ടിയെ ഭർത്താവ് വിപിനും ഭർതൃവീട്ടുകാരും ചേർന്ന് തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു. ആഗസ്ത് 21നാണ് 28കാരിയായ നിക്കി ഭാട്ടിയയെ തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയത്. നിക്കിയെ ആക്രമിക്കുകയും വലിച്ചിഴക്കുകയും തീ പടര്‍ന്ന ശേഷം പടികളിലൂടെ താഴേക്ക് വീഴുന്നതിന്‍റെയും ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നിക്കി മരിക്കുന്നത്.
Adjust Story Font
16

