Quantcast

കാവഡ് യാത്രികർ ത്രിശൂലവും ഹോക്കി സ്റ്റിക്കും കൊണ്ടുപോകുന്നത് നിരോധിച്ച് യുപി പൊലീസ്

കാവഡ് യാത്രക്കിടെ നിരവധി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് പൊലീസ് ആയുധങ്ങൾ കൊണ്ടുപോകുന്നത് നിരോധിച്ചത്.

MediaOne Logo

Web Desk

  • Published:

    20 July 2025 7:10 PM IST

UP cops ban kanwariyas from carrying trishuls and hockey sticks during yatra
X

മീറഠ്: കാവഡ് യാത്രികർ വടി, ത്രിശൂലം, ഹോക്കി സ്റ്റിക്ക് തുടങ്ങിയവ കൊണ്ടുപോകുന്നത് നിരോധിച്ച് ഉത്തർപ്രദേശ് പൊലീസ്. യാത്ര കടന്നുപോകുന്ന മീറഠ്, മുസഫർനഗർ, ഷാംലി, സഹാറൻപൂർ, ബുലന്ദ്ഷഹർ, ഹാപുർ, ബാഗ്പത് ജില്ലകളിലാണ് നിരോധനം. ശബ്ദമലിനീകരണത്തിന് കാരണമാകുന്നതിനാൽ സൈലൻസറുകൾ ഇല്ലാത്ത മോട്ടോർ ബൈക്കുകൾ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും കാവഡ് യാത്രികർ നിരവധിപേരെ ആക്രമിച്ചത് വലിയ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ആയുധങ്ങൾ പ്രദർശിപ്പിക്കുന്നത് പ്രതീകാത്മകമായിട്ടാണെങ്കിൽ പോലും അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആയുധങ്ങൾ കൊണ്ടുപോകുന്നത് നിരോധിച്ച് സർക്കാർ നിർദേശം പുറത്തിറക്കിയിട്ടുണ്ട്. ഇത് കർശനമായി നടപ്പാക്കും. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും മീറഠ് സോൺ എഡിജി ഭാനു ഭാസ്‌കർ പറഞ്ഞു.

ഈ വർഷം കാവഡ് യാത്രക്കിടെ നിരവധി അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മീറഠിലെ പല്ലവപുരത്ത് അടുത്തിടെ ഡൽഹിയിൽ നിന്നുള്ള കാവഡ് യാത്രികർ വാളുകൾ വീശുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വനപ്രദേശത്ത് കൂടി യാത്ര ചെയ്യുമ്പോൾ സുരക്ഷക്കായാണ് വാളുകൾ കരുതിയത് എന്നായിരുന്നു ഇത് സംബന്ധിച്ച് യാത്രികരിൽ ഒരാളായ സൂരജ് കുമാർ വിശദീകരിച്ചത്. യാത്രികരിൽ ഒരാളുടെ ദേഹത്ത് ഉരസിയെന്ന് ആരോപിച്ച് മീറഠിൽ തന്നെ ഒരു സ്‌കൂൾ ബസ് തകർക്കുകയും ചെയ്തിരുന്നു.

മുസഫർനഗറിൽ ഒരു ഭക്ഷണശാലയിലെ ജീവനക്കാരൻ മുസ്‌ലിമാണോ എന്നറിയാൻ കാവഡ് യാത്രികർ തുണിയുരിഞ്ഞ് പരിശോധിച്ചത് വലിയ വിവാദമായിരുന്നു. മറ്റൊരു ഭക്ഷണശാല യാത്രികർ അടിച്ചുതകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തിരുന്നു.

ഹരിദ്വാറിൽ സ്‌കൂട്ടി കാവഡ് യാത്രികരുടെ ദേഹത്ത് തട്ടിയെന്ന് ആരോപിച്ച് ഒരു സ്ത്രീയെ ക്രൂരമായി മർദിച്ചു. സ്ത്രീയെ അധിക്ഷേപിക്കുകയും മുടിയിൽ പിടിച്ച് വലിച്ചിഴക്കുകയും മർദിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഈ സംഭവത്തിൽ അക്രമികൾക്കെതിരെ കലാപശ്രമം, അക്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരുന്നു.

TAGS :

Next Story