തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വ്യാജ വാർത്ത നൽകിയതായി പരാതി; എഎൻഐ ന്യൂസ് ഏജൻസിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് യുപി കോടതി
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ സോഷ്യൽ മീഡിയ ഹാൻഡിലുകളിലോ പ്രസിദ്ധീകരിക്കാത്ത റിപ്പോർട്ടുകൾ എഎൻഐ പ്രസിദ്ധീകരിച്ചതായി ആരോപിച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സമർപ്പിച്ച പരാതിയിലാണ് കോടതി നടപടി

ഉത്തർപ്രദേശ്: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വ്യാജ വാർത്ത നൽകിയെന്ന പരാതിയിൽ എഎൻഐ ന്യൂസ് ഏജൻസി എഡിറ്റർ സ്മിത പ്രകാശിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് ജില്ലാ കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ സോഷ്യൽ മീഡിയ ഹാൻഡിലുകളിലോ പ്രസിദ്ധീകരിക്കാത്ത റിപ്പോർട്ടുകൾ എഎൻഐ പ്രസിദ്ധീകരിച്ചതായി ആരോപിച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അമിതാഭ് താക്കൂർ സമർപ്പിച്ച പരാതിയിലാണ് കോടതി നടപടി സ്വീകരിച്ചത്.
ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ പേരിൽ എഎൻഐ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും ഔദ്യോഗിക സ്ഥിരീകരണമില്ലാതെ വിവരങ്ങൾ പങ്കുവെച്ചെന്നും അമിതാഭ് പരാതിയിൽ ആരോപിക്കുന്നു. സെപ്റ്റംബർ 11-ന് ലഖ്‌നൗവിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിലാണ് പരാതി കേസായി രജിസ്റ്റർ ചെയ്യാമെന്ന് വിധിച്ചത്. പരാതിക്കാരനോട് സെപ്റ്റംബർ 26 ന് കോടതിയിൽ ഹാജരായി മൊഴി രേഖപ്പെടുത്താനും കോടതി നിർദേശിച്ചു.
വഞ്ചന, തെറ്റായ നഷ്ടം വരുത്തൽ എന്നിവയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് ഈ നടപടികൾ എന്ന് താക്കൂർ വാദിച്ചു. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) വ്യാജ പ്രചാരണത്തിലൂടെയുള്ള വഞ്ചനയെ തടയുന്ന സെക്ഷൻ 318(2), നാശനഷ്ടത്തിന് കാരണമാകുമെന്ന് അറിഞ്ഞുകൊണ്ട് വഞ്ചിക്കുന്നത് ശിക്ഷിക്കുന്ന സെക്ഷൻ 318(3) പ്രകാരമുള്ള വ്യവസ്ഥകളാണ് പരാതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യഥാക്രമം മൂന്നും അഞ്ചും വർഷം വരെ തടവും പിഴയും ലഭിക്കാൻ സാധ്യതയുള്ള വകുപ്പുകൾ ആണിത്.
Adjust Story Font
16

