Quantcast

'സീറ്റിന് മുന്നിൽ കുടുംബ ഫോട്ടോ സൂക്ഷിക്കുക'; ഡ്രൈവർമാർക്ക് നിർദേശവുമായി യു.പി സർക്കാർ

ഡ്രൈവർമാരുടെ അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം ഇതുവഴി കുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗതാഗതവകുപ്പ്

MediaOne Logo

Web Desk

  • Published:

    17 April 2024 8:18 AM GMT

UP govt ,accidents, family photo, family photo in front of the driver,curb accidents,latest malayalam news,ഉത്തര്‍പ്രദേശ്,അപകടം,റോഡപകടം
X

പ്രതീകാത്മക ചിത്രം

ലഖ്നൗ: റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഉത്തർപ്രദേശ് ഗതാഗത വകുപ്പ്. 2022 നെ അപേക്ഷിച്ച് 2023 ൽ യു.പിയിലെ റോഡ് അപകടങ്ങളുടെ നിരക്കിൽ 4.7 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവിങ് സീറ്റിന് മുന്നിൽ കുടുംബ ഫോട്ടോ വെക്കണമെന്നാണ് ഡ്രൈവർമാർക്ക് ഗതാഗത വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ ബസുകളിലും സ്വകാര്യ വാഹനങ്ങളിലും കുടുംബത്തിന്റെ ചിത്രം ഡാഷ് ബോർഡിൽ സൂക്ഷിക്കണമെന്ന് ഗതാഗത കമ്മീഷണർ ചന്ദ്രഭൂഷൺ സിംഗ് പറഞ്ഞു. ഇക്കാര്യം ഉറപ്പുവരുത്താൻ ആർടിഒമാർക്കും എആർടിഒമാർക്കും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാർക്കും കത്തയച്ചു. കുടുംബത്തിന്റെ ഫോട്ടോ എപ്പോഴും കാണുമ്പോൾ ഡ്രൈവർമാർ സുരക്ഷിതമായ ഡ്രൈവിങ് സ്വീകരിക്കും അമിത വേഗത കുറക്കും. ഡ്രൈവർമാരുടെ അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം ഇതുവഴി കുറക്കാനാകുമെന്നും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.ഘട്ടംഘട്ടമായാണ് പുതിയ നിർദേശം നടപ്പാക്കുക. ആന്ധ്രാപ്രദേശിൽ നേരത്തെ ഈ പരീക്ഷണം നടത്തിയിരുന്നു. ഇവിടെ നിന്നാണ് ഈ ആശയം സ്വീകരിച്ചതെന്ന് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി എൽ.വെങ്കിടേശ്വർ ലു പറഞ്ഞു.

യുപിയിൽ 2022ൽ 22,595 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. 2023ൽ റോഡപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 23,652 ആയി ഉയർന്നു. കണക്കുകൾ പ്രകാരം അപകടങ്ങളിൽ 40 ശതമാനവും നടക്കുന്നത് അമിത വേഗം മൂലമാണ്. തെറ്റായ ദിശയിലൂടെ വാഹമോടിക്കുന്നത് വഴി 12 ശതമാനം അപകടങ്ങളും സംഭവിക്കുന്നു. മൊബൈലിൽ സംസാരിക്കുന്നതിലൂടെ സംസ്ഥാനത്ത് 10 ശതമാനം അപകടങ്ങൾ നടന്നിട്ടുണ്ടെന്നും കണക്കുകൾ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

TAGS :

Next Story