'ഭാര്യ നടി നോറ ഫത്തേഹിയെ പോലെയാകണം'; യുവതിക്ക് ഭക്ഷണം കൊടുക്കാതെ പട്ടിണിക്കിട്ട് ഭര്‍ത്താവ്, ഒടുവിൽ ഗര്‍ഭമലസിയെന്ന് പരാതി
നോറ ഫത്തേഹിയെപ്പോലുള്ള ഒരാളെ വിവാഹം കഴിക്കാൻ കഴിയാത്തതിനാൽ തന്‍റെ ജീവിതം തകർന്നുവെന്ന് ഭര്‍ത്താവ് നിരന്തരം അതൃപ്തി പ്രകടിപ്പിക്കാറുണ്ടെന്ന് ഷാനു പറയുന്നു

ലഖ്നൗ: ബോളിവുഡ് നടി നോറ ഫത്തേഹിയെ പോലെയാകാൻ ഭർത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ഗസിയാബാദിൽ നിന്നുള്ള ഷാനു എന്ന ഷാൻവിയാണ് പരാതിക്കാരി. സർക്കാർ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ ഭർത്താവ് ശിവം ഉജ്ജ്വൽ ദിവസവും മൂന്ന് മണിക്കൂർ വ്യായാമം ചെയ്യാൻ നിർബന്ധിച്ചുവെന്ന് ഷാനു പറയുന്നു. ക്ഷീണമോ ആരോഗ്യപ്രശ്നങ്ങളോ കാരണം അനുസരിക്കാതിരുന്നപ്പോൾ ദിവസങ്ങളോളം ഭക്ഷണം നിഷേധിച്ചതായി ആരോപിക്കപ്പെടുന്നു.
നോറ ഫത്തേഹിയെപ്പോലുള്ള ഒരാളെ വിവാഹം കഴിക്കാൻ കഴിയാത്തതിനാൽ തന്‍റെ ജീവിതം തകർന്നുവെന്ന് ഭര്‍ത്താവ് നിരന്തരം അതൃപ്തി പ്രകടിപ്പിക്കാറുണ്ടെന്ന് ഷാനു പറയുന്നു. സ്ത്രീധന പീഡനം, ഗാർഹിക പീഡനം, ഗർഭമലസൽ, ഭീഷണികൾ, ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ബ്ലാക്ക് മെയിൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അവർ പരാതി നൽകിയത്. ഉജ്ജ്വൽ മറ്റ് സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണാറുണ്ടെന്നും എതിര്‍ത്തപ്പോൾ തന്നെ മര്‍ദിച്ചുവെന്നും പരാതിയിൽ പറയുന്നു. ഭര്‍തൃമാതാവും ഭര്‍തൃപിതാവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും സ്ത്രീധനം ആവശ്യപ്പെട്ടുവെന്നും തന്‍റെ വീട്ടിൽ നിന്നും വസ്ത്രങ്ങൾ, ഓവൻ, ആഭരണങ്ങൾ തുടങ്ങിയ വിലകൂടിയ വസ്തുക്കൾ കൊണ്ടുവരാൻ നിർബന്ധിച്ചുവെന്നും ഷാനു പറയുന്നു.
2025 മാർച്ചിൽ ഗസിയാബാദിൽ ആഡംബരചടങ്ങിൽ വച്ചാണ് ഷാനുവിന്‍റെയും ഉജ്ജ്വലിന്‍റെയും വിവാഹം നടന്നത്. 76 ലക്ഷം രൂപയായിരുന്നു വിവാഹത്തിന്‍റെ മൊത്തം ചെലവ്. 24 ലക്ഷത്തിന്‍റെ സ്കോര്‍പിയോയും 10 ലക്ഷം രൂപ പണമായും ഉജ്ജ്വലിന് സ്ത്രീധനമായി നൽകിയിരുന്നു. ഇത് പോരാതെയാണ് വീണ്ടും പണവും സ്വര്‍ണവും ആവശ്യപ്പെട്ടതെന്നും ഷാനു ആരോപിക്കുന്നു. ഗര്‍ഭിണിയായതിന് ശേഷം ഭര്‍തൃവീട്ടുകാര്‍ തന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷണമാണ് നൽകിയതെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ജൂലൈയിൽ ഷാനുവിനെ അമിത രക്തസ്രാവത്തെയും വയറുവേദനയെയും തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസികവും ശാരീരികവുമായ പീഡനവും ക്രമരഹിതമായ ഡയറ്റ് മൂലം ഗര്‍ഭമലസിയതായി ഡോക്ടര്‍ സ്ഥീരികരിക്കുകയും ചെയ്തതായി ഷാനു പറഞ്ഞു.
ഇതിനെത്തുടര്‍ന്ന് ഷാൻവി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു. ഭർത്താവും അമ്മായിയമ്മയും സഹോദരിയും വീഡിയോ കോളുകൾ വഴി തന്നെയും കുടുംബത്തെയും അപമാനിക്കുകയും ബന്ധം വേര്‍പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും യുവതി പറയുന്നു. ജൂലൈ 26 ന് ഭര്‍തൃവീട്ടിൽ തിരിച്ചെത്തിയെങ്കിലും തനിക്ക് പ്രവേശനം നിഷേധിച്ചുവെന്നും ഷാൻവി പറഞ്ഞു. കൂടാതെ തനിക്ക് അമ്മ വീട്ടുകാര്‍ സമ്മാനമായി നൽകിയ ആഭരണങ്ങൾ തിരികെ നൽകാനും വിസമ്മതിച്ചു. യുവതിയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷിച്ച ശേഷം തുടര്‍നടപടികൾ സ്വീകരിക്കുമെന്നും എസിപി സലോണി അഗർവാൾ പറഞ്ഞു.
Adjust Story Font
16

