Quantcast

'പാപ പുണ്യങ്ങളുടെ കണക്കെടുപ്പ് ഈ ജന്മത്തിൽ തന്നെ സംഭവിക്കുന്നു': അതീഖ് കൊല്ലപ്പെട്ടതിനു പിന്നാലെ യു.പി മന്ത്രി

കുറ്റകൃത്യം പാരമ്യത്തിലെത്തുമ്പോൾ പ്രകൃതിയുടെ തീരുമാനമെന്ന് മറ്റൊരു മന്ത്രി സുരേഷ് കുമാർ ഖന്ന

MediaOne Logo

Web Desk

  • Published:

    16 April 2023 2:49 AM GMT

UP Minister Sin Virtue Tweet As Atiq Ahmed Shot Dead
X

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ്‌ അഹമ്മദിനെയും മൂന്നംഗ സംഘം വെടിവെച്ചു കൊന്നതിനു പിന്നാലെ പാപത്തെയും പുണ്യത്തെയും കുറിച്ചുള്ള ട്വീറ്റുമായി ഉത്തര്‍പ്രദേശ് മന്ത്രി. പാപ പുണ്യങ്ങളുടെ കണക്കെടുപ്പ് ഈ ജന്മത്തിൽ തന്നെ സംഭവിക്കുന്നു എന്നാണ് മന്ത്രി സ്വതന്ത്ര ദേവ് സിങ് ട്വീറ്റ് ചെയ്തത്.

ട്വീറ്റിനു താഴെ രൂക്ഷവിമര്‍ശനങ്ങളുയര്‍ന്നു. മുന്‍ ഐ.എ.എസ് ഓഫീസര്‍ സഞ്ജീവ് ഗുപ്ത പ്രതികരിച്ചതിങ്ങനെ- "പൊലീസ് സംരക്ഷണം ഉണ്ടായിരുന്നിട്ടും കൊല്ലപ്പെട്ട അതീഖിനെ കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നതെങ്കിൽ ലജ്ജാകരമാണ് ഈ പരാമര്‍ശം. ദയവു ചെയ്ത് ഇത്രയും ഗൗരവമുള്ള വിഷയത്തിൽ ബാലിശമായി സംസാരിക്കരുത്. പൊലീസ് മനപ്പൂർവ്വം തടഞ്ഞില്ല എന്ന് ആളുകൾ ചിന്തിക്കുന്ന സാഹചര്യമുണ്ടാക്കരുത്. ഭരണഘടനാ പദവികളിൽ ഇരിക്കുന്നവരിൽ നിന്ന് ഇത്തരമൊന്ന് പ്രതീക്ഷിക്കുന്നില്ല. അതീഖ് അഹമ്മദിനെ പോലെയുള്ള ഒരു കൊടുംകുറ്റവാളിക്ക് നിയമ നടപടികളിലൂടെ പരമാവധി ശിക്ഷ ലഭിച്ചിരുന്നെങ്കില്‍ ആരും ദുഃഖിക്കില്ലായിരുന്നു"

ഉത്തര്‍പ്രദേശിലെ മറ്റൊരു മന്ത്രി സുരേഷ് കുമാർ ഖന്ന പ്രതികരിച്ചതിങ്ങനെ- "കുറ്റകൃത്യം അതിന്റെ പാരമ്യത്തിലെത്തുമ്പോൾ അത് പ്രകൃതിയുടെ തീരുമാനമാണ്".

പ്രയാഗ്‌രാജില്‍ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴാണ് പൊലീസിന്‍റെയും മാധ്യമപ്രവര്‍ത്തകരുടെയും മുന്നില്‍വെച്ച് അതീഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. പൊലീസ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ അതീഖും അഷ്‌റഫും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാൻ തുടങ്ങിയ ഉടൻ മൂന്നംഗ സംഘം ഇരുവരുടെയും തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ് ഇരുവരും നിലത്തുവീണു.

മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടിയന്തര യോഗം വിളിച്ച് മൂന്നംഗ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞയും ഏർപ്പെടുത്തി. വ്യാഴാഴ്ച അതീഖിന്റെ മകൻ ആസാദിനെയും അനുയായിയെയും ഏറ്റുമുട്ടലില്‍ യുപി പൊലീസ് കൊലപ്പെടുത്തിയിരുന്നു.

2005ൽ ബഹുജൻ സമാജ് പാർട്ടി നിയമസഭാംഗം രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായ ഉമേഷ് പാലും അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഗാർഡുകളും ഫെബ്രുവരി 24ന് പ്രയാഗ്‌രാജിൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണ് അതീഖ് അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയിൽ കൊല നടക്കുമ്പോൾ പൊതുജനത്തിന് എന്തു സുരക്ഷയാണ് ഉള്ളതെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ചോദിച്ചു. യു.പിയിൽ നിയമവാഴ്ച തകർന്നതിന് ഉദാഹരണമാണ് അതീഖിൻറെ കൊലപാതകമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചു.


Summary- "Sin and virtue are accounted for in this birth" Swatantra Dev Singh, UP Minister tweets soon after Atiq Ahmed and brother shot dead

TAGS :

Next Story