ഒക്ടോബറിൽ പ്രതിദിനം 94,000 കോടിയുടെ കൈമാറ്റം; റെക്കോഡ് നേട്ടവുമായി യുപിഐ
ദീപാവലിയുടെ തലേന്ന്, ഒറ്റ ദിവസം കൊണ്ട് യുപിഐ 740 ദശലക്ഷം ഇടപാടുകൾ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി

Representational Image
ഡൽഹി: ഒക്ടോബറിൽ പ്രതിദിനം 94,000 കോടിയുടെ ഇടപാടുകളുമായി ചരിത്രം കുറിച്ച് യുപിഐ( യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റര്‍ഫേസ്). നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) കണക്കുകൾ പ്രകാരം ഉത്സവ സീസണിൽ വൻ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്.
ഒക്ടോബറിലെ ശരാശരി പ്രതിദിന ഇടപാട് മൂല്യം സെപ്തംബറിനേക്കാൾ 13 ശതമാനം ഉയർന്ന് 94,000 കോടി രൂപയിലെത്തി.ദീപാവലി ചെലവുകളും സമീപകാല ജിഎസ്ടി നിരക്ക് കുറവുകളും കാരണം, മാസം അവസാനിക്കാൻ ഇനിയും ഒരു ആഴ്ചയിൽ കൂടുതൽ ശേഷിക്കെ, യുപിഐ എക്കാലത്തെയും ഉയർന്ന പ്രതിമാസ പ്രകടനം കൈവരിക്കാനുള്ള പാതയിലാണ്.കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുപിഐയുടെ ഏറ്റവും ശക്തമായ പ്രതിമാസ വളർച്ചാ പ്രവണതകളിൽ ഒന്നാണിത്.
ഇന്ത്യയിലെ എല്ലാ ഡിജിറ്റൽ പേയ്‌മെന്‍റുകളുടെയും ഏകദേശം 85 ശതമാനവും നടക്കുന്ന യുപിഐയുടെ ദൈനംദിന ഇടപാടുകളുടെ നിരക്കും പുതിയ ഉയരങ്ങളിലെത്തി. ദീപാവലിയുടെ തലേന്ന്, ഒറ്റ ദിവസം കൊണ്ട് യുപിഐ 740 ദശലക്ഷം ഇടപാടുകൾ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി.
സാധാരണയായി ഉത്സവ സീസണുകളിൽ യുപിഐ ഇടപാടുകളിൽ വര്‍ധനവ് ഉണ്ടാകാറുണ്ട്. കഴിഞ്ഞ വർഷവും ദസറ, ദീപാവലി സമയങ്ങളിൽ ഡിജിറ്റൽ പേയ്മെന്‍റ് ഇടപാടുകളിൽ വര്‍ധനവുണ്ടായിരുന്നു. ഈ വര്‍ഷം ദസറ സെപ്തംബറിലായിരുന്നു. ഒക്ടോബർ 20 ആയപ്പോഴേക്കും, ഈ മാസം ആറ് തവണ യുപിഐ പ്രതിദിന ഇടപാട് മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നു. സാധാരണ ഗതിയിൽ, മിക്ക പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമുകളും മാസത്തിന്‍റെ തുടക്കത്തിൽ ശമ്പളവും ഇഎംഐ പേയ്‌മെന്‍റുകളും കാരണം കൂടുതൽ ഇടപാടുകൾ നടക്കാറുണ്ട്. അതിന് ശേഷം ഇത് കുറയാറുമുണ്ട്.
Adjust Story Font
16

