യുഎസ് ഉദ്യോഗസ്ഥരുടെ ഇന്ത്യാ സന്ദർശനം മാറ്റിവെച്ചു; വ്യാപാര കരാർ ചർച്ചകൾ അനിശ്ചിതത്വത്തിൽ
യുഎസ് ഉദ്യോഗസ്ഥരുടെ ഇന്ത്യാ സന്ദർശനം മാറ്റിവെച്ചതിനെ തുടർന്നാണ് ചർച്ചകൾ അനിശ്ചിതത്വത്തിലായത്

ന്യൂഡൽഹി: അധിക തീരുവ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യ - യുഎസ് വ്യാപാര കരാർ ചർച്ചകൾ അനിശ്ചിതത്വത്തിൽ. യുഎസ് ഉദ്യോഗസ്ഥരുടെ ഇന്ത്യാ സന്ദർശനം മാറ്റിവെച്ചതിനെ തുടർന്നാണ് ചർച്ചകൾ അനിശ്ചിതത്വത്തിലായത്. ഈ മാസം രണ്ടാം വാരം ചർച്ചകൾക്കായി ഉദ്യോഗസ്ഥർ എത്തുമെന്നായിരുന്നു അറിയിപ്പുണ്ടായിരുന്നത്. ട്രംപിന്റെ 50% അധിക തീരുവ പ്രഖ്യാപനത്തെത്തുടർന്നാണ് അനിശ്ചിതത്വം. യോഗത്തിൽ നിർദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ച് വ്യക്തത ലഭിക്കുമെന്ന് സർക്കാർ അധികൃതർ പ്രതീക്ഷിച്ചിരുന്നു.
യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ തീരുവ 50% ആയി ഇരട്ടിയാക്കുന്നതിന് ട്രംപ് ആഗസ്റ്റ് 27 ന് അവസാന തീയതി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും പുതിയ സംഭവവികാസങ്ങൾ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഇന്ത്യ റഷ്യയിൽ നിന്ന് ആയുധങ്ങളും എണ്ണയും വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 25% തീരുവ ഉണ്ടായിരുന്നത് 25% കൂട്ടി 50% ശതമാനമാക്കി ഉയർത്തിയത്.
എല്ലാ വ്യാപാര കരാറുകളിലും കർഷകരെ സംരക്ഷിക്കണമെന്ന ഇന്ത്യയുടെ ദീർഘകാല നിലപാടിനെത്തുടർന്നാണ് കരാർ തടസ്സപ്പെട്ടത്. ട്രംപിന്റെ കീഴിൽ അമേരിക്ക തങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി പ്രവേശനത്തിന് മുൻഗണന നൽകുന്നു. ഇന്ത്യയുടെ കാർഷിക, പാൽ വിപണികളിൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട് യുഎസുമായുള്ള തർക്കത്തിനിടയിൽ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കന്നുകാലി വളർത്തലുകാരുടെയും ക്ഷേമത്തിൽ ഇന്ത്യ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് വെള്ളിയാഴ്ച സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു പറഞ്ഞിരുന്നു.
Adjust Story Font
16

