റഷ്യന്‍ ഓയില്‍ ഇറക്കുമതിയില്‍ നിയന്ത്രണം; ഇന്ത്യക്കുമേലുള്ള 25% താരിഫ് യുഎസ് കുറയ്ക്കുമോ? എന്താണ് ട്രംപിന്റെ നീക്കം..
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഏറ്റവും അടുത്ത സുഹൃത്തെങ്കിലും റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിലെ അതൃപ്തി കാരണം ഇന്ത്യക്ക് മേല്‍ അധികതീരുവ ചുമത്താന്‍ ട്രംപ് തയ്യാറാവുകയായിരുന്നു

- Updated:
2026-01-24 13:37:41.0

വാഷിങ്ടൺ: റഷ്യന്‍ ഇറക്കുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ അധികതീരുവയില്‍ നിന്ന് 25 ശതമാനം എടുത്തുകളയാന്‍ യുഎസ് നീക്കം. നേരത്തെ 25 ശതമാനമുണ്ടായിരുന്ന തീരുവ 50 ശതമാനമായി ട്രംപ് ഉയര്‍ത്തിയിരുന്നു. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യ നിയന്ത്രണം വരുത്തിയതോടെ തീരുവ കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്നും എണ്ണയൊഴികെയുള്ള മറ്റ് ഉത്പന്നങ്ങളുടെ തീരുവ മാറ്റമില്ലാതെ തുടരുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്‍ഡ് അറിയിച്ചു. വെള്ളിയാഴ്ച യുഎസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
'ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നാണ് മനസിലാക്കുന്നത്. ഇന്ത്യക്ക് മേല്‍ അധികതീരുവ ചുമത്തിയതിന് പിന്നാലെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ നിയന്ത്രണം വരുത്തിയെങ്കില്‍ ഇതൊരു വിജയമാണ്. റഷ്യന്‍ എണ്ണ ഇറക്കുമതി കാരണം ഉയർത്തിയത് ഒഴികെയുള്ള ഉത്പന്നങ്ങളുടെ തീരുവ മാറ്റമില്ലാതെ തുടരും.' സ്‌കോട്ട് ബെസ്സെന്‍ഡ് വ്യക്തമാക്കി.
ഇന്ത്യയ്ക്ക് മേൽ യുഎസ് ചുമത്തിയ അധികതീരുവക്ക് പിന്നാലെ യുഎസിൽ നിന്ന് ഇന്ത്യയിലേക്കുള്ള ചില കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യയും തീരുവ ഉയർത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യൻ നീക്കം കനത്ത ആഘാതമായെന്നും തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് നരേന്ദ്രമോദിയോട് ആവശ്യപ്പെടണമെന്നും ചില യുഎസ് സെനറ്റർമാർ ട്രംപിനോട് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് നീക്കമെന്നാണ് വിലയിരുത്തൽ.
റഷ്യയില്‍ നിന്നുള്ള എണ്ണ സ്വീകരിക്കുന്നതില്‍ ഇന്ത്യന്‍ കമ്പനികള്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് യുഎസ് തീരുവ കുറക്കുന്നതിനെ പറ്റി ചിന്തിക്കുന്നതെന്നും ബെസ്സെന്‍ഡ് സൂചന നല്‍കിയിരുന്നു. അമേരിക്കയുടെ എല്ലാ വ്യാപാരപങ്കാളികള്‍ക്കും മേലുള്ള ഏറ്റവും ഉയര്‍ന്ന ലെവികളില്‍ ഒന്നാണ് ഇന്ത്യയുടെ മേലുള്ള ട്രംപിന്റെ താരിഫ് നിരക്ക്.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഏറ്റവും അടുത്ത സുഹൃത്തെങ്കിലും റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിലെ അതൃപ്തി കാരണം ഇന്ത്യക്ക് മേല്‍ അധികതീരുവ ചുമത്താന്‍ ട്രംപ് തയ്യാറാവുകയായിരുന്നു. ഇന്ത്യയ്ക്ക് മേലുള്ള തീരുവ 25 ശതമാനം കുറയ്ക്കുന്നത് താല്‍ക്കാലികമായ ആശ്വാസം നല്‍കുമെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് ഇപ്പോഴും കനത്ത തീരുവയാണ് യുഎസ് ചുമത്തുന്നത്.
Adjust Story Font
16
